രണ്ട് മതം വ്യത്യസ്ത ലൈഫ് സ്റ്റൈൽ, ഏത് സാഹചര്യത്തോടും പൊരുത്തപ്പെടും, പേളിയുടെ വിജയം ശ്രീനി; താരത്തിന്റെ ഓണം!
സൈമ അവാർഡ്സ് 2025ലേക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷണം ലഭിച്ചിട്ടും തിരുവോണം ആഘോഷിക്കണമെന്ന ഒറ്റ കാരണത്താലാണ് പേളി മാണി ഇത്തവണ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. ദുബായിലായിരുന്നു സൈമ അവാർഡ്സ് 2025 നടന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും കുടുംബത്തോടൊപ്പം ആയിരിക്കണമെന്നും നല്ല നല്ല ഓർമകൾ എല്ലാ ആഘോഷവുമായി ബന്ധപ്പെട്ടും മക്കൾക്ക് നൽകണമെന്നതും പേളിക്കും ശ്രീനിഷിനും നിർബന്ധമുള്ള കാര്യമാണ്.
ഓണം പേളി ആഘോഷിക്കാറുള്ള ശ്രീനിഷിന്റെ കുടുംബത്തോടൊപ്പം പാലക്കാടാണ്. വർഷങ്ങളായി ശ്രീനിഷിന്റെ മാതാപിതാക്കൾ ചെന്നൈയിലാണ് താമസം. പക്ഷെ അവിടം വിട്ട് തിരികെ നാട്ടിൽ വരുമ്പോൾ താമസിക്കാനായി പാലാക്കാട് തറവാടിനോട് ചേർന്ന് ഒരു പുതിയ വീട് ശ്രീനിഷിന്റെ പിതാവ് നിർമ്മിച്ചിട്ടുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വീടിന്റെ പാലുകാച്ചൽ. ഇത്തവണ ഓണം പേളി ആഘോഷിച്ചതും ശ്രീനിഷിന്റെ കുടുംബത്തോടൊപ്പം പുതിയ വീട്ടിലാണ്. ഉത്രാടത്തിനാണ് പാലക്കാട് എത്തിയത്. അപ്പോഴേക്കും ശ്രീനിഷിന്റെ മാതാപിതാക്കളും രണ്ട് സഹോദരിമാരും അവരുടെ കുടുംബവും എല്ലാം എത്തി ചേർന്നിരുന്നു. പേളിയുടെ നേതൃത്വത്തിൽ തന്നെയാണ് തിരുവോണ സദ്യ ഒരുക്കിയതും.
തുടക്കത്തിൽ സദ്യ പുറത്ത് നിന്ന് ഓർഡർ ചെയ്ത് കഴിക്കാമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ എല്ലാവരും ഉള്ളതിനാൽ വീട്ടിൽ തയ്യാറാക്കി കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പേളി പറയുന്നു. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായി. പക്ഷെ ഇതുവരെയും ഞാൻ ഓണസദ്യ ഉണ്ടാക്കിയിട്ടില്ല.
പക്ഷെ ഇത്തവണ ഉണ്ടാക്കും. കറികളുടെ ലിസ്റ്റ് തയ്യാറാക്കി വേണ്ട പച്ചക്കറികളും മസാലകളും പാത്രങ്ങളും അടക്കം പാലക്കാട്ടെ കടകൾ കയറി ഇറങ്ങി ഷോപ്പ് ചെയ്തതും പേളി തന്നെയാണ്. കറികൾ തയ്യാറാക്കുന്നതിനായി തിരുവോണ ദിവസം അതിരാവിലെ തന്നെ പേളി അമ്മയ്ക്കും നാത്തൂന്മാർക്കുമൊപ്പം അടുക്കളയിൽ കയറി. റെസിപ്പകൾ മനപാഠമല്ലെന്നതുകൊണ്ടും പല കറികളുടേയും കൂട്ട് എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടും യുട്യൂബിനെ ആശ്രയിച്ചായിരുന്നു പേളിയുടെ കുക്കിങ്.
സദ്യ തയ്യാറാക്കിയ ശേഷം കേരള സാരിയിൽ സുന്ദരിയായി എത്തി ബന്ധുക്കൾക്കൊപ്പം ഓണപ്പാട്ടും പൂക്കളം ഒരുക്കലുമെല്ലാമായി ആഘോഷമാക്കി. ശ്രീനിഷിന്റെ മുത്തശ്ശിയുടെ എൺപത്തിയഞ്ചാം പിറന്നാൾ അടുത്തിടെയാണ് കഴിഞ്ഞത്. അന്ന് എത്താനോ പങ്കെടുക്കാനോ ഇരുവർക്കും കഴിഞ്ഞില്ല.

മുത്തശ്ശിയെ കാണാനായിരുന്നു സദ്യ കഴിച്ചശേഷം എല്ലാവരും പോയത്. മനോഹരമായ ഒരു വളയും സമ്മാനമായി മുത്തശ്ശിക്ക് പേളി നൽകി. മോഹൻലാലിന്റെ കടുത്ത ആരാധികയാണ് മുത്തശ്ശിയെന്ന് അറിയാവുന്നതുകൊണ്ട് തന്നെ നല്ലൊരു ഓണാശംസയും തന്റെ വ്ലോഗിലൂടെ ലാലേട്ടനെ അറിയിക്കാനും മുത്തശ്ശിയെ പേളി സഹായിച്ചു. ലാലേട്ടാ എന്നാണോ വിളിക്കുകയെന്ന് ചോദിച്ചപ്പോൾ അവൻ എന്റെ മോനാണ് എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി.
മോഹൻലാലിന് മാത്രമല്ല മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മഞ്ജു വാര്യർക്കും സുരേഷ് ഗോപിക്കും രജിനികാന്തിനും എന്തിന് അമിതാഭ് ബച്ചന് വരെയും മുത്തശ്ശി ഓണാശംസ നേർന്നു. പാലക്കാട്ടെ ഓണം സെലിബ്രേഷന്റെ വ്ലോഗ് ഉടൻ വരുമെന്ന് പേളി നേരത്തെ തന്നെ ആരാധകർക്ക് സൂചന നൽകിയിരുന്നു.
അതുകൊണ്ട് തന്നെ ആരാധകരും അക്ഷമരായി കാത്തിരിക്കുകയായിരുന്നു. എന്നത്തേയും പോലെ ഹൃദ്യമായിരുന്നു പേളിയുടെ തിരുവോണം വ്ലോഗ് എന്നാണ് കമന്റുകൾ. ഇപ്പോഴത്തെ ബിഗ് ബോസ് പ്രണയിതാക്കൾ ഇവരെ കണ്ട് പഠിക്കണം. ശ്രീനിയുടെ അമ്മൂമ്മയും അച്ഛനും അമ്മയും എല്ലാം സൂപ്പറായി. പേളി ശ്രീനിയെ കല്യാണം കഴിച്ചതിനുശേഷം ഇഷ്ടം കുറച്ച് കൂടിവർധിച്ചു.
നിങ്ങൾ ശരിക്കും നല്ല മാച്ചാണ്. രണ്ട് മതവും വ്യത്യസ്തമായ ലൈഫ് സ്റ്റൈലിൽ ജീവിച്ചവരുമായിട്ടും നല്ല ഒത്തൊരുമയുണ്ട്. ശ്രീനിയുടെ വീട്ടുകാരെ സ്നേഹിക്കാൻ മനസ് കാണിക്കുന്ന പേളിയും പേളിയുടെ വീട്ടുകാരെ സ്നേഹിക്കുന്ന ശ്രീനിയും. ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്നവളാണ് പേളി. പേളിയുടെ വിജയം ശ്രീനിയാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications











