'നില തന്റെ ഒരു മാസം പ്രായമുള്ള രൂപം എടുത്തിരിക്കുന്നത് പോലെ'; നിതാരയുടെ പേജിലേക്ക് ഫോളോവേഴ്സിന്റെ ഒഴുക്ക്!
ഒരു മാസം മുമ്പാണ് നടിയും അവതാരകയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമെല്ലാമായ പേളി മാണിക്കും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദിനും ഒരു പെൺകുഞ്ഞ് കൂടി പിറന്നത്. ഇപ്പോൾ രണ്ട് മാലാഖ കുഞ്ഞുങ്ങളുടെ അമ്മയാണ് പേളി. ഒമ്പതാം മാസം വരെ സോഷ്യൽമീഡിയയിൽ വളരെ അധികം ആക്ടീവായിരുന്നു പേളി. യുട്യൂബിൽ വീഡിയോ പോലും മുടക്കിയിരുന്നില്ല. എന്നാൽ രണ്ടാമത്തെ കുഞ്ഞ് പിറന്നശേഷം ഒരു തരത്തിലുള്ള അപ്ഡേഷനും പേളി പങ്കുവെച്ചിരുന്നു.
വീണ്ടും പെൺകുഞ്ഞ് പിറന്നുവെന്ന വിവരം ശ്രീനിഷാണ് പേളിയുടെയും കുഞ്ഞിന്റെയും ലേബർ റൂമിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ച് ആരാധകരെ അറിയിച്ചത്. ആദ്യത്തെ മകൾ നില പിറന്ന സമയത്ത് എല്ലാ വിശേഷങ്ങളും ഉടനടി തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്ന പേളി രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ എല്ലാത്തിൽ നിന്നും അകലം പാലിച്ചത് ആരാധകരിലും നിരാശയുണ്ടാക്കിയിരുന്നു.

എന്നാൽ അത് മറ്റൊന്നും കൊണ്ടല്ല താനും പ്രസവശേഷം ശരീരത്തെ അധികം കഷ്ടപ്പെടുത്താതെ കുഞ്ഞിനൊപ്പം കംപ്ലീറ്റ് റെസ്റ്റായിരുന്നുവെന്നാണ് പേളി പറഞ്ഞത്. കുഞ്ഞിന്റെ പേരും മുഖവും പേളി വെളിപ്പെടുത്തിയത് നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ചപ്പോഴാണ്. നൂലുകെട്ടിനായുള്ള ഒരുക്കങ്ങൾ നടത്തിയതിന്റെയും ചടങ്ങ് നടന്ന ദിവസത്തെ വിശദമായ വീഡിയോയും കഴിഞ്ഞ ദിവസം പേളി പങ്കിട്ടിരുന്നു.
മൂത്തമകൾ നിലയാണെങ്കിൽ രണ്ടാമത്തെ പെൺകുഞ്ഞിന് നിതാര എന്നാണ് പേളിയും ശ്രീനിഷും പേരിട്ടിരിക്കുന്നത്. നിലയ്ക്ക് ചേരുന്ന തരത്തിൽ എന്തുപേരാകും രണ്ടാമത്തെ കുഞ്ഞിന് പേളി കണ്ടെത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു പേളിഷിന്റെ ആരാധകർ.
ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിനും സോഷ്യൽമീഡിയയിൽ പേജ് ആരംഭിച്ചിരിക്കുകയാണ് പേളി മാണി. സെലിബ്രിറ്റികൾക്ക് കുഞ്ഞുങ്ങൾ പിറന്ന് കഴിയുമ്പോൾ മിക്കവരും അതിനൊപ്പം കുഞ്ഞിനൊരു സോഷ്യൽമീഡിയ അക്കൗണ്ടും തുറക്കുന്നത് പതിവായിരിക്കുകയാണ്. പേളിയും ആ കീഴ്വഴക്കം തെറ്റിച്ചിട്ടില്ല. മൂത്തമകൾ നിലയുടെ പേജിന് മൂന്ന് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്.
നിലയുടെ വിശേഷങ്ങളും ക്യൂട്ട് ചിത്രങ്ങളുമെല്ലാം അവിടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ ജനിച്ച് ഒരു മാസം മാത്രം പ്രായമുള്ള തന്റെ രണ്ടാമത്തെ കുഞ്ഞിനും പേളിയും ശ്രീനിഷും സോഷ്യൽമീഡിയ പേജ് ആരംഭിച്ചു. അക്കൗണ്ട് തുറന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ കാൽലക്ഷത്തിലധികം ഫോളോവേഴ്സിനെ നിതാര നേടി കഴിഞ്ഞു.

അക്കൗണ്ട് ഹാന്റിൽ ചെയ്യുന്നത് പേളിയും ശ്രീനിഷുമാണ്. ആദ്യത്തെ പോസ്റ്റ് കുഞ്ഞേച്ചി നിലയുടെ മടിയിൽ ഇരിക്കുന്ന നിതാരകുട്ടിയുടെ ഫോട്ടോയാണ്. നിലയും നിതാരയും... ചിത്രത്തിന് മുമ്പും ശേഷവും... ദൈവം തെരഞ്ഞെടുത്ത ആജീവനാന്ത സുഹൃത്തുക്കൾ. ജീവിതത്തിലുടനീളമുള്ള ബെസ്റ്റികളും സഹോദരിമാരും എന്നാണ് പേളി നിലയുടെയും നിതാരയുടെയും ക്യൂട്ട് ചിത്രത്തിനൊപ്പം കുറിച്ചത്.
ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ ചിത്രമെന്നാണ് നിലയുടെയും നിതാരയുടെയും ചിത്രത്തിന് ഏറ്റവും കൂടുതൽ ലഭിച്ച കമന്റ്. നില തന്റെ തന്നെ ഒരു മാസം പ്രായമുള്ള രൂപം കയ്യിൽവെച്ചിരിക്കുന്നത് പോലെയാണ് നിതാരയെ എടുത്തിരിക്കുന്ന നിലയെ കാണുമ്പോൾ തോന്നുന്നത് എന്നായിരുന്നു ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്.
രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ പേളി ഭാഗ്യവതിയെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. ഫോട്ടോ ഓഫ് ദി ഡെ എന്നാണ് നടി അമല പോൾ കുറിച്ചത്. അമലയും ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള കാത്തിരിപ്പിലാണ്. എന്റെ മുത്തുമണികൾ എന്നണ് ശ്രീനിഷ് കമന്റ് ചെയ്തത്. നടി ശിവദ, ഷിയാസ് കരീം തുടങ്ങി നിരവധി സെലിബ്രിറ്റികളും കമന്റുകളുമായി എത്തി.
നോർമൽ ഡെലിവറിയായിരുന്നുവെങ്കിലും സ്റ്റിച്ചിന്റെ വേദനയുണ്ടെന്നാണ് പേളി കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ പറഞ്ഞത്. ശരീരത്തെ അധികം കഷ്ടപ്പെടുത്താൻ ഉദ്ദേശമില്ലാത്തിനാൽ പതുക്കെ മാത്രമെ തടിയും വയറും കുറയ്ക്കൂവെന്നും പേളി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications