'നിലവാരമുള്ള ചോദ്യങ്ങളില്ല, ഗസ്റ്റിന് പറയാനുള്ളത് കേൾക്കുന്നില്ല, അജുവിനെ അവഗണിച്ചു, ഇങ്ങനെ എത്രകാലം?'
കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി നടി, മോഡൽ, അവതാരക, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ എല്ലാം തിളങ്ങുന്ന താരമാണ് പേളി മാണി. ആങ്കറിങിലൂടെയാണ് പേളി ആരാധകരെ സമ്പാദിച്ചത് ഡി ഫോർ ഡാൻസ് പോലുള്ള ഷോകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ബിഗ് ബോസിലേക്ക് എത്തുന്നത്. വിജയിയായില്ലെങ്കിലും മലയാളികളുടെ മനസിൽ ഒരു സ്ഥാനം നേടിയെടുക്കാൻ പേളിക്കായി. കുഞ്ഞുങ്ങൾ പിറന്നശേഷമാണ് മിനിസ്ക്രീൻ ഷോകളിലെ ആങ്കർ റോളുകളിൽ നിന്ന് മാറി യുട്യൂബ് ചാനലിന് പേളി ശ്രദ്ധ കൊടുത്ത് തുടങ്ങിയത്.
ചാനൽ വിപുലീകരിച്ചശേഷമാണ് പേളി മാണി ഷോ എന്ന ചാറ്റ് ഷോ സെലിബ്രിറ്റികൾക്കായി ആരംഭിച്ചത്. മഞ്ജു വാര്യർ, മീര ജാസ്മിൻ, ടൊവിനോ തോമസ്, കീർത്തി സുരേഷ്, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, സായ് പല്ലവി തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പേളിയുടെ ഷോയിൽ അതിഥികളായി എത്തിയിട്ടുണ്ട്.

സിനിമ പ്രമോഷന്റെ ഭാഗമായാണ് ഭൂരിഭാഗം താര അഭിമുഖങ്ങളും നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് പേളി മാണി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡ് പുറത്ത് വന്നത്. ഇത്തവണ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ സർവം മായയുടെ പ്രമോഷന് വേണ്ടി നിവിൻ പോളിയും അജു വർഗീസുമാണ് അതിഥികളായി എത്തിയത്.
അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമ ഹൊറർ കോമഡി ഫാന്റസി ജോണറിൽ ഉൾപ്പെടുന്നതാണ്. ഈ വർഷത്തെ നിവിന്റെ ആദ്യ റിലീസാണ് സിനിമ. പേളിയുടെ സ്റ്റുഡിയോയിൽ വെച്ച് തന്നെയാണ് ചാറ്റ് ഷോയുടെ ഷൂട്ട് നടന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം ഇതിനോടകം പത്ത് ലക്ഷത്തിൽ അധികം ആളുകൾ കണ്ട് കഴിഞ്ഞു. പുതിയ അഭിമുഖത്തെ കുറിച്ച് റെഡ്ഡിറ്റ് യൂസേഴ്സിന് ഇടയിൽ ചർച്ച നടന്നു.
പേളി മാണിയുടെ ആങ്കറിങ് രീതിയെ വിമർശിച്ചാണ് ഏറെയും അഭിപ്രായങ്ങൾ പ്രത്യക്ഷപ്പെട്ടത്. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരങ്ങളെ വരെ ഗസ്റ്റായി കിട്ടിയിട്ടും കൃത്യമായ പ്രിപ്പറേഷൻ നടത്താതെയാണ് പേളി അതിഥികളോട് സംസാരിക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
നിവിന്റേയും അജുവിന്റെയും ഇതുവരെയുള്ള സിനിമ ജീവിതത്തെ കുറിച്ച് കൃത്യമായി മനസിലാക്കാനോ അതിൽ നിന്നും നല്ല ചോദ്യങ്ങൾ തയ്യാറാക്കി ചോദിക്കാനോ ശ്രമിച്ചിട്ടില്ലെന്നത് പല സ്ഥലങ്ങളിലും തപ്പി തടയലുകൾ നടത്തുന്നത് കാണുമ്പോൾ വ്യക്തമാകുന്നുവെന്ന് ചിലർ കുറിച്ചു. ഫഹദ് ഫാസിലും അൽത്താഫ് സലീമും ഓടം കുതിര ചാടും കുതിരയുടെ പ്രമോഷന് എത്തിയപ്പോഴും പേളി നിലവാരമുള്ള ചോദ്യങ്ങൾ ഒന്നും തന്നെ ചോദിച്ചിരുന്നില്ലെന്നും ചിലർ കുറിച്ചു.

നിവിന് പ്രത്യേക പരിഗണന നൽകി അജു വർഗീസിനെ പേളി പൂർണ്ണമായും അവഗണിച്ചതുപോലെ തോന്നി. നിവിന്റെ മുഖത്തും ആ അസ്വസ്ഥത പ്രകടമായിരുന്നു. പേളി നിവിനെ മാത്രം അനാവശ്യമായി പ്രശംസിച്ചുകൊണ്ടിരുന്നു. അത് കാണാൻ ലജ്ജാകരമായിരുന്നു. അജുവിനെ അജു ചേട്ടായെന്നും നിവിനെ പേരുമാണ് വിളിച്ചത്. പക്ഷെ നിവിനും അജുവും സമപ്രായക്കാരാണ്.
മാത്രമല്ല മറ്റ് താരങ്ങളുടെ ആശംസകൾ വീഡിയോകൾ എടുത്തപ്പോൾ അത് നിവിന് വേണ്ടി മാത്രം ചെയ്യിപ്പിച്ചു. അജുവിന് വേണ്ടിയും അങ്ങനൊന്ന് പ്ലാൻ ചെയ്യാമായിരുന്നു. അജു പലയിടങ്ങളിലും നല്ല മറുപടികൾ പറയാൻ ശ്രമിച്ചപ്പോൾ പാതി വഴിയിൽ വെച്ച് ഇടപെട്ട് പേളി അതിന്റെ രസച്ചരട് പൊട്ടിച്ചതും അരോചകമായിരുന്നു. ഗസ്റ്റിന് പറയാനുള്ളത് മുഴുവൻ കേൾക്കാനുള്ള ക്ഷമപോലും പലയിടത്തും കാണിക്കുന്നില്ലെന്നും ചിലർ കുറിച്ചു.
അനാവശ്യമായി സ്വന്തം ഭർത്താവിന്റെയും മക്കളുടേയും കാര്യങ്ങൾ വലിച്ചിട്ട് ചളികൾ പറയുന്നതായി തോന്നിയെന്നും ക്യൂട്ട്നെസ് ഓവറായി കാണിക്കുന്നതായും തോന്നിയെന്നും ചിലർ കുറിച്ചു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ വിരസത നിറഞ്ഞതാണെന്നും എന്നിട്ടും ഇത്രയേറെ കാഴ്ചക്കാരെ എങ്ങനെ ലഭിക്കൂന്നുവെന്ന് മനസിലാകുന്നില്ലെന്നും ഈ രീതിയിൽ പേളി എത്രകാലം ചാനൽ ഓടിക്കുമെന്നും ചിലർ കുറിച്ചു.


Click it and Unblock the Notifications











