കണ്ടന്റാണ് എപ്പോഴും മനസിൽ, എന്ത് പോസ്റ്റ് ചെയ്യണമെന്ന് അന്നേ പേളിക്ക് അറിയാം: ആദിൽ ഇബ്രാഹിം
പേളി മാണിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച. നടി മറീന മൈക്കിൾ പേളിക്കെതിരെ ഉന്നയിച്ച ആരോപണം വലിയ തോതിൽ ചർച്ചയായി. താൻ അതിഥിയായെത്തിയ ഷോയ്ക്ക് ആങ്കറിംഗ് ചെയ്യാൻ പേളി വിസമ്മതിച്ചു എന്നായിരുന്നു മെറീന മൈക്കിളിന്റെ ആരോപണം. വിമർശനം ഉയർന്നതോടെ പേളി മാണി വിഷയത്തിൽ പ്രതികരിച്ചു. മെറീനയോടുള്ള എതിർപ്പ് കൊണ്ടല്ല ഷോ ചെയ്യാതിരുന്നതെന്നും ചാനലുമായി പേയ്മെന്റ് പ്രശ്നങ്ങളുണ്ടായിരുന്നത് കൊണ്ടാണെന്നും പേളി മാണി പറഞ്ഞു.
എന്നാൽ പേളി തന്നെ ഫോൺ ചെയ്തെങ്കിലും അവസാനം അപമാനിക്കുന്ന തരത്തിൽ സംസാരിച്ചാണ് കോൾ കട്ട് ചെയ്തതെന്ന് മെറീന ആരോപിച്ചു. പേളിക്കെതിരെ വർഷങ്ങൾക്ക് ശേഷം ആദ്യമായി കടുത്ത വിമർശനം വന്നത് ഈ സംഭവവുമായി ബന്ധപ്പെട്ടാണ്. ഇപ്പോഴിതാ പേളിക്കൊപ്പമുള്ള പഴയ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടനും അവതാരകനുമായി ആദിൽ ഇബ്രാഹിം. ഇരുവരും വർഷങ്ങൾക്ക് മുമ്പ് ഡി ഫോർ ഡാൻസ് എന്ന ഷോ ആങ്കറിംഗ് ചെയ്തിട്ടുണ്ട്.

അന്ന് മുതലേ പേളി ഇന്നുള്ള കരിയറിലെ വളർച്ചയും സ്വീകാര്യതയും ആഗ്രഹിച്ചിരുന്നെന്ന് ആദിൽ പറയുന്നു. ജാംഗോ സ്പേസ് ടിവിയോടാണ് പ്രതികരണം. പേളി അതിനെല്ലാം വേണ്ടിയുള്ളയാളാണ്. ഞാനന്ന് പേളിയെ കാണുമ്പോഴും എന്ത് പോസ്റ്റ് ചെയ്യണം, ആളുകളോട് എങ്ങനെ സംസാരിക്കണം എന്നെല്ലാം അവൾക്കറിയാം. എങ്ങനെ അടുത്ത വീഡിയോ ഇടണം, എപ്പോൾ ഇന്റരാക്ട് ചെയ്യണം എന്നെല്ലാം പേളിക്ക് അറിയാം. കണ്ടന്റും മറ്റുമാണ് പേളിയുടെ മനസിൽ എപ്പോഴും. ഞാനങ്ങനത്തെ ആളുമല്ല.
ഡി ഫോർ ഡാൻസിന്റെ ഷൂട്ടിന്റെ സമയത്തുള്ള എനർജിക്ക് ശേഷം അത് വിട്ട് ഞാൻ എന്നിലേക്ക് മാറും. പേളി ഇന്നത്തെ ജനപ്രീതിയും മറ്റും ആഗ്രഹിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ആദിൽ പറയുന്നു. ഇതെല്ലാം അവൾക്ക് ഭയങ്കര ഇഷ്ടമാണ്. ഡി ഫോർ ഡാൻസ് കഴിഞ്ഞയുടനെ ബിഗ് ബോസ് വന്നു. എനിക്കും ക്ഷണം വന്നിരുന്നു. ഞാൻ പോയില്ല. ഇന്നും അതിന് പറ്റിയ ആളല്ല ഞാൻ. പക്ഷെ പേളിക്ക് കറക്ടായിരുന്നു. അവിടെ വെച്ച് ശ്രീനിയെ മീറ്റ് ചെയ്യുന്നു. അവർ ഇന്ന് അടിപാെളി ദമ്പതികളാണെന്ന് ആദിൽ ചൂണ്ടിക്കാട്ടി.

അനുയോജ്യരായ പങ്കാളികളാണവർ. ശ്രീനിയാണ് അങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നത്. പേളി ബാക്കി കാര്യങ്ങൾ ചെയ്യുന്നു. ഇടയ്ക്ക് സംസാരിക്കാറുണ്ട്. പേളിയുടെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. പേളിയും ശ്രീനിയും കൂടിയാണ് ആ യൂട്യൂബ് ചാനലും ആ പേരുമെല്ലാം ഉണ്ടാക്കിയത്. സെെമ അവാർഡ്സ് ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു. പക്ഷെ കോംപറ്റീഷൻ ഷോകളും മറ്റുമാണ് ഞങ്ങൾക്കിഷ്ടം. കുറച്ച് അലമ്പാകാൻ പറ്റണം. പക്ഷെ അവാർഡ് ഷോകൾ വളരെ ഡീസന്റാണെന്നും ആദിൽ ഇബ്രാഹിം പറഞ്ഞു.


Click it and Unblock the Notifications