'പ്രസവ വേദനയുമായി ആശുപത്രിയിൽ ചെന്നപ്പോൾ മനസിൽ തോന്നിയ പേര്'; നിറ്റാരയുടെ അർത്ഥം പറഞ്ഞ് പേളി മാണി!
ആദ്യത്തെ മകളുടെ പേര് നില എന്നായതുകൊണ്ട് രണ്ടാമത്തെ കുഞ്ഞിന് എന്ത് പേരാകും പേളി മാണിയും ശ്രീനിഷ് അരവിന്ദും ചേർന്ന് ഇടുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകർ. നില എന്നപേര് ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് തന്നെ മകൾക്കിടനായി പേളിയും ശ്രീനിഷും ചേർന്ന് കണ്ടെത്തിയിരുന്നതാണ്. മാത്രമല്ല നില പിറന്ന ഉടൻ തന്നെ പേര് പേളി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ പേരും മുഖവുമെല്ലാം പേളി വെളിപ്പെടുത്തിയത് നൂലുകെട്ടിന് ശേഷമാണ്. മകൾക്ക് നിറ്റാര എന്നാണ് പേളി പേരിട്ടത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം വഴി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ നിറ്റാര എന്ന് പേര് കുഞ്ഞിന് കണ്ടെത്തിയ കഥയും പേരിന്റെ അർത്ഥവും പേളി വെളിപ്പെടുത്തി.

പ്രസവ വേദനയുമായി ആശുപത്രിയിൽ ചെന്നപ്പോൾ മനസിൽ തോന്നിയ പേരാണത്രെ നിറ്റാര. ഭർത്താവ് ശ്രീനിഷും പേര് ഇഷ്ടപ്പെട്ടതോടെയാണ് കുഞ്ഞിന് നിറ്റാരയെന്ന് ഇടാൻ തീരുമാനിച്ചതെന്നും പേളി പറയുന്നു. നിതാര എന്നത് പെൺകുട്ടികൾക്ക് ഇടാറുള്ള സംസ്‌കൃത നാമമാണ്. അതിനർത്ഥം ആഴത്തിലുള്ള വേരുകൾ എന്നാണ്. സംസ്‌കൃത പദമായ നിതാറിൽ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
അതിനർത്ഥം ആഴത്തിൽ ഉറച്ചത്, ഉറപ്പോടെ നിൽക്കുന്നത് അല്ലെങ്കിൽ ആഴത്തിൽ വേരുകൾ ഉള്ളത് എന്നാണ്. ശക്തരും സ്വതന്ത്രരും ക്രിയാത്മകവും ബുദ്ധിശക്തിയുമുള്ള പെൺകുട്ടികൾക്ക് നിറ്റാര എന്നപേര് നൽകാറുണ്ട്. ഈ പേരുകാർ പ്രകൃതിയോട് ആഴമായ വിലമതിപ്പുള്ളവരുമായിരിക്കും എന്നാണ് പേളി പേരിന്റെ അർത്ഥം വെളിപ്പെടുത്തി പറഞ്ഞത്.
ഞാൻ പ്രസവ വേദനയുമായി ആശുപത്രിയിൽ കഴിയുന്ന സമയത്താണ് ഈ പേര് മനസിലേക്ക് വന്നത്. ശ്രീനിയോട് പറഞ്ഞപ്പോൾ മനോഹരമായ പേരാണ് നിറ്റാരയെന്ന് പറയുകയും ചെയ്തതോടെ ഈ പേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും പേളി പറയുന്നു. രണ്ട് പെൺകുഞ്ഞുങ്ങളെ അമ്മയായപ്പോൾ വളരെ അനുഗ്രഹീതയാണ് താനെന്ന് തോന്നിയെന്നാണ് പേളി പറഞ്ഞത്.
നിറ്റാര പിറന്നശേഷം ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയൊന്നും ഉണ്ടായിട്ടില്ലെന്നും രാത്രിയിൽ ഒരിക്കൽ മാത്രമാണ് നിറ്റാര ഉണർന്ന് പാല് കുടിക്കുന്നതെന്നും നിലുവും രാത്രിയിൽ വഴക്കിടുന്ന കുഞ്ഞല്ലാത്തതിനാൽ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ടെന്നും പേളി പറയുന്നു. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായശേഷവും എങ്ങനെയാണ് പഴയ വൈബോടെ ഇരിക്കാൻ സാധിക്കുന്നതെന്ന ചോദ്യത്തിനും പേളി മറുപടി നൽകി. മകൾക്കും അച്ഛനും ഒപ്പം പ്രേമലു കാണാൻ പോയ ഫോട്ടോ പങ്കുവെച്ചായിരുന്നു പേളിയുടെ മറുപടി.

നിങ്ങൾക്ക് ചെയ്യേണ്ടത് എന്താണോ അത് ചെയ്യുക. ഞങ്ങൾ ഇന്നലെ പ്രേമലു കാണാൻ പോയി. വളരെ നല്ല സിനിമയായിരുന്നു പേളി കുറിച്ചു. നിറ്റാരയ്ക്ക് മുലപ്പാൽ അല്ലാതെ ഒരു ഫോർമുല മിൽക്കും താൻ ഇതുവരെ കൊടുത്തിട്ടില്ലെന്നും പേളി വ്യക്തമാക്കി.
പ്രസവത്തിനുശേഷം എപ്പോഴും എങ്ങനെയാണ് പ്രസന്റബിൾ ആയിരിക്കുന്നതെന്ന ചോദ്യത്തിന് ഞാൻ എപ്പോഴും പ്രസന്റബിളായിട്ടുള്ള വ്യക്തിയാണെന്ന് തോന്നുന്നില്ലെന്നും പക്ഷെ എപ്പോഴും ഒരു ചിരി ആഭരണമായി അണിഞ്ഞ് സുന്ദരിയായി ഇരിക്കാൻ ശ്രമിക്കാറുണ്ടെന്നും പേളി പറയുന്നു.
മക്കളെ പറ്റിയുള്ള ആഗ്രഹം എന്താണെന്ന ചോദ്യത്തിന് അവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന ആഗ്രഹം മാത്രമെ തനിക്കുള്ളുവെന്നും അവർ അവരുടെ ജീവിതം ആസ്വദിക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും അവർക്ക് അവർ ഇഷ്ടപ്പെടുന്നപോലെ ജീവിക്കാൻ സഹായിക്കുമെന്നും പേളി പറയുന്നു.


Click it and Unblock the Notifications











