ഇങ്ങനൊരു കഴിവുണ്ടായിരുന്നോ?, പുറത്ത് പറയാത്ത പേളിയുടെ ടാലന്റ്, നില ആൺകുട്ടിയായിരുന്നെങ്കിലോ?; പേളി പറയുന്നു!
പേളി മാണിയെന്നാൽ പോസിറ്റിവിറ്റിയാണ് ആരാധകർക്ക്. മോട്ടിവേഷന് വേണ്ടിയും കൗണ്ടറുകൾ കേട്ട് ചിരിക്കാനും പേളിയും മക്കളും ശ്രീനിഷും തമ്മിലുള്ള കെമിസ്ട്രി കാണാനുമായി നിരവധി പേരാണ് താരത്തിന്റെ യുട്യൂബ് വീഡിയോകൾ കാണാനായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ പേളി ഇടയ്ക്കിടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെ സ്നേഹിക്കുന്ന ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാറുണ്ട്.
അത്തരത്തിൽ കഴിഞ്ഞ ദിവസം പേളി ആരാധകരുമായി സംവദിക്കവെ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ലെറ്റ്സ് ടോക്ക് എന്ന തലക്കെട്ടോടെയാണ് പേളി ക്യു ആന്റ് എ സെക്ഷൻ നടത്തിയത്. ആദ്യത്തെ ചോദ്യം പേളിയുടെ മൂത്ത മകൾ നിലയെ കുറിച്ചുള്ളതായിരുന്നു. നില ആൺകുട്ടിയായിരുന്നുവെങ്കിൽ എന്ത് പേരിടുമായിരുന്നുവെന്നാണ് ഒരാൾ ചോദിച്ചത്.

അതിന് നടി നൽകിയ മറുപടി സൂര്യ എന്നാണ്. ബിഗ് ബോസ് ഹൗസിൽ ആയിരുന്നപ്പോൾ മുതൽ ശ്രീനിഷിനൊപ്പം ഇരുന്ന് പേളി നിലാവ് ആസ്വദിക്കാറുണ്ടായിരുന്നു. ആകാശവും നക്ഷത്രങ്ങളും നിലാവും എല്ലാം വളരെ പ്രിയപ്പെട്ടതായതുകൊണ്ടാണ് പേളിയും ശ്രീനിഷും മകൾക്ക് നിലയെന്ന് പേരിട്ടത്. ഇളയവൾക്ക് നിറ്റാരയെന്ന് പേരുവെച്ചതും നക്ഷത്രങ്ങളോട് സാമ്യമുള്ള പേരായതുകൊണ്ടാണ്.
ആശുപത്രിയിൽ വെച്ച് തന്നെ മക്കൾക്ക് ഇടാനുള്ള പേരുകൾ ഇരുവരും നിശ്ചയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രസവശേഷം ഉടൻ തന്നെ ജനന സർട്ടിഫിക്കറ്റിൽ ആ പേരുകൾ ചേർക്കാൻ പേളിക്കും ശ്രീനിഷിനും സാധിച്ചു. നിറ്റാരയുടെ പേര് നൂലുകെട്ടിനുശേഷമാണ് പേളി വെളിപ്പെടുത്തിയത്. മക്കളും ഭർത്താവും അവർക്കൊപ്പമുള്ള നിമിഷങ്ങളുണാണ് ഇപ്പോൾ പേളിയുടെ ലോകം.
മറ്റൊരു ചോദ്യം ബോറടിച്ചിരിക്കുമ്പോൾ സാധാരണയായി ചെയ്യുന്നത് എന്താണെന്നായിരുന്നു. എല്ലാവരേയും പോലെ പേളിയും ബോറടി മാറ്റാൻ മൊബൈൽ ഫോണിനെ തന്നെയാണ് ആശ്രയിക്കുന്നത്. മൊബൈൽ സ്ക്രീനിൽ നോക്കി സ്ക്രോൾ ചെയ്യുന്ന വീഡിയോയാണ് മറുപടിയായി പേളി പങ്കുവെച്ചത്. ആരാധകരിൽ മറ്റൊരാൾ ചോദിച്ചത് ആരാണ് പേളിയുടെ ഏറ്റവും വലിയ സപ്പോർട്ട് എന്നാണ്. അതിന് ഫോട്ടോ സഹിതമായിരുന്നു പേളിയുടെ മറുപടി.
ഭർത്താവ് ശ്രീനിഷാണ് തന്റെ ഏറ്റവും വലിയ സപ്പോർട്ട് എന്നാണ് പേളി പറഞ്ഞത്. ബിഗ് ബോസിൽ മത്സരിക്കാൻ എത്തി അവിടെ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയവർ വളരെ വിരളമാണ്. അക്കൂട്ടത്തിൽ പ്രധാനികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് മലയാളം കൊണ്ട് സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ് പേളി-ശ്രീനിഷ് വിവാഹത്തെ ആരാധകർ വിശേഷിപ്പിച്ചത്. ശ്രീനിഷാണ് ഇപ്പോൾ പേളിയുടെ യുട്യൂബ് ചാനൽ അടക്കം എല്ലാം നോക്കി നടത്തുന്നത്.

പിന്നീട് പേളിക്ക് ലഭിച്ച ചോദ്യങ്ങളിൽ ഒന്ന് ഞങ്ങൾക്ക് പേളിയെ കുറിച്ച് അറിയാത്ത എന്തെങ്കിലും ഒരു കാര്യം വെളിപ്പെടുത്താമോ എന്നായിരുന്നു. അതിന് പേളി നൽകിയ മറുപടി ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. താനൊരു പെയിന്ററാണെന്നാണ് സ്വന്തമായി വരച്ച ചിത്രത്തിന്റെ ഫോട്ടോ അടക്കം ഷെയർ ചെയ്ത് പേളി പറഞ്ഞത്.
അഭിനയം, എഴുത്ത്, സംവിധാനം, സംഗീതം എന്നിവയിലെല്ലാം പേളിക്ക് അഭിരുചിയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ താരത്തിൽ ഒരു ചിത്രകാരിയുണ്ടെന്നത് ആരാധകർ ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഒരു സിംഹത്തിന്റെ അതിമനോഹരമായ ചിത്രമാണ് പേളി വരച്ചത്. കുട്ടിയായിരുന്നപ്പോൾ എന്തായിത്തീരാനാണ് ആഗ്രഹിച്ചത് എന്നായിരുന്നു പിന്നീട് പേളിക്ക് ആരാധകനിൽ നിന്നും ലഭിച്ച ചോദ്യം. അതിന് രണ്ട് ഉത്തരങ്ങളാണ് താരത്തിനുള്ളത്.
ഒരു മോട്ടിവേഷണൽ സ്പീക്കറും ബിസിനസ് ടൈക്കൂണും ആകാനായിരുന്നു ആഗ്രഹം. കാരണം എൻ്റെ അമ്മായി ടൈക്കൂൺ എന്ന വാക്ക് എന്നെ ചെറുപ്പത്തിലേ പഠിപ്പിച്ചു. അതൊരു ഫാൻസി പദമാണെന്ന് താൻ കരുതി എന്നാണ് പേളി പറഞ്ഞത്. നടി, അവതാരക, യുട്യൂബർ എന്നതിലുപരി ഒരു നല്ല മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് പേളി.


Click it and Unblock the Notifications