ക്ഷമ വന്നില്ല പക്ഷെ എനിക്ക് ഇനി എന്തും തരണം ചെയ്യാൻ പറ്റുമെന്ന് മനസിലായി, ഒളിച്ചിരിക്കാനും പറ്റില്ല; പേളി
ബിഗ് ബോസ് മലയാളത്തിൽ ആരംഭിച്ചപ്പോൾ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന ഒരുപിടി താരങ്ങളായിരുന്നു മത്സരാർത്ഥികളായി എത്തിയത്. അതിൽ നൂറ് ദിവസം തികച്ച് രണ്ടാം സ്ഥാനത്ത് എത്തിയത് പേളി മാണിയായിരുന്നു. സാബു മോനായിരുന്നു വിജയി. പേളിയുടെ ജീവിതം അടിമുടി മാറി മറിഞ്ഞതിനും ബിഗ് ബോസ് ഷോ ഒരു കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിൽ പോയപ്പോൾ തനിക്ക് ക്ലോസ്ട്രോഫോബിയ വന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പേളി മാണി.
ഹൗസിൽ നിന്നും പുറത്തേക്ക് ഒരുവിധത്തിലും പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അടച്ചിട്ട മുറികളോടും അത്തരം സാഹചര്യങ്ങളോടും ഭയം വന്നതെന്നാണ് പേളി പറഞ്ഞത്. അജു വർഗീസുമായും നീരജ് മാധവുമായും ബിഗ് ബോസ് ഷോ അനുഭവം പങ്കിട്ട് സംസാരിക്കുകയായിരുന്നു പേളി.

ക്ലോസ്ട്രോഫോബിയ ഇല്ലാത്തയാളായിരുന്നു ഞാൻ. പക്ഷെ ബിഗ് ബോസിൽ പോയതോടെ അത് വന്നു. പുറത്തിറങ്ങാൻ പറ്റില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഈ ഫോബിയ വന്നത്. ഹൗസിലായിരുന്നപ്പോൾ ചില സമയങ്ങളിൽ പുറത്ത് പോകണമെന്ന് തോന്നുമായിരുന്നു. നമ്മളെ ചുറ്റി എപ്പോഴും ക്യാമറയുണ്ട്. എവിടെയും പോയി ഒളിച്ചിരിക്കാനും പറ്റില്ല. ബാത്ത്റൂമിൽ പോയാൽ മാത്രമാണ് ഏകാന്തമായി ഇതിൽ നിന്നെല്ലാം വിട്ട് ഇരിക്കാൻ പറ്റു.
അതുകൊണ്ട് തന്നെ എവിടെ എങ്കിലും പോകണമെന്നുള്ള തോന്നലൊക്കെ വന്നു. ഹൗസിലെ കോർണർ ഏരിയകളിലാണ് ഞാൻ ഹൈഡ് ചെയ്ത് ഇരുന്നിരുന്നത്. അത്തരം സമയങ്ങളിൽ ഞാൻ ഞാനായി ഇരുന്നു. ബാത്ത് റൂമിൽ അധികനേരം പോയി ഇരിക്കാൻ കഴിയില്ല. കുറേനേരം ബാത്ത് റൂമിൽ ചിലവിട്ടുവെന്ന് പറഞ്ഞ് വേറെ പ്രശ്നം വരും.
അവസാനം ആയപ്പോഴേക്കും അത് എന്നെ ഒരുപാട് ട്രിഗർ ചെയ്തു. നൂറ് ദിവസം ഞാൻ ഹൗസിൽ നിന്നു. പക്ഷെ എങ്ങനെ നിന്നുവെന്ന് എനിക്ക് അറിയില്ല. ഇനി ഒരിക്കൽ കൂടി അതുപോലെ പോയി നിൽക്കാൻ എനിക്ക് പറ്റില്ല. ഹൗസിൽ പോയതുകൊണ്ട് വന്ന ഡിഫറൻസ് രണ്ട് ട്രോഫി വീട്ടിൽ ഇരിക്കുന്നുണ്ടെന്നതാണ്. ക്ഷമയൊന്നും വന്നില്ല.
പക്ഷെ ഇനി എനിക്ക് എന്തും തരണം ചെയ്യാൻ പറ്റുമെന്ന് മനസിലായി. അത് കഴിഞ്ഞ് വന്നാൽ ഇനി ഒന്നും ഒന്നും നമുക്ക് ഒരു പ്രശ്നമേയല്ലെന്ന് തോന്നും. കുക്കിങ്ങ് അറിയാവുന്നതുകൊണ്ട് ഹൗസിൽ ജീവിക്കാൻ പറ്റുമെന്ന് അവിടേരക്ക് പോയപ്പോൾ എനിക്ക് അറിയാമായിരുന്നു. സീസൺ ഒന്നിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയും പേളി മാണിയായിരുന്നു.

പേളി മാണി ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായത്. അവതാരക എന്ന രീതിയിൽ ബിഗ് ബോസിലേക്ക് എത്തും മുമ്പ് തന്നെ പ്രശസ്തയായിരുന്നതുകൊണ്ട് കൂടിയാണ് കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണ പേളിക്ക് ലഭിച്ചത്. ഭർത്താവ് ശ്രീനിഷിനെ പേളി ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ബിഗ് ബോസിൽ വെച്ചാണ്. പേളിയാണ് ആദ്യം ശ്രീനിഷിനോട് പ്രണയം പറഞ്ഞത്.
മത്സരം കഴിഞ്ഞ് ഇറങ്ങി വൈകാതെ തന്നെ ഇരുവരും രണ്ട് കുടുംബത്തിന്റെയും പിന്തുണയോടെ വിവാഹിതരായി. ഇരുവരും ഇന്ന് നില, നിറ്റാര എന്നീ രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്.


Click it and Unblock the Notifications