'മനോഹരമായ മുഹൂർത്തം, അവൾ നിതാരയല്ല നിറ്റാര, കണ്ണും മനസും ഒരുപോലെ നിറഞ്ഞു'; നിറ്റാര ഭൂമിയിലേക്ക് എത്തിയപ്പോൾ!
വിവാഹത്തിനുശേഷം കുടുംബജീവിതത്തിനാണ് പേളി മാണി ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ മിനിസ്ക്രീനിലെ അവതാരക എന്ന റോളിൽ നിന്നും ഏറെക്കാലമായി താരം വിട്ടുനിൽക്കുകയാണ്. പിന്നെ കിട്ടുന്ന അവസരങ്ങൾക്ക് അനുസരിച്ച് ഇടയ്ക്കിടെ സിനിമ ചെയ്യുന്നുണ്ട്. ശ്രീനിഷ് കൂടി ജീവിതത്തിലേക്ക് വന്നശേഷം തന്റെ യുട്യൂബ് ചാനൽ വളരുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾക്കാണ് പേളി കൂടുതൽ പ്രധാന്യം നൽകുന്നത്.
മൂന്ന് മില്യണിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട് പേളി മാണിയുടെ യുട്യൂബ് ചാനലിന്. ഒരു മാസം മുമ്പാണ് പേളി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ മകൾ നില പിറന്നപ്പോൾ ഡെലിവറി വീഡിയോ പേളി പങ്കിട്ടിരുന്നു. എന്നാൽ രണ്ടാമത്തെ മകൾ പിറന്ന് ഇത്രയേറെ ദിവസമായിട്ടും ഡെലിവറി വീഡിയോ താരം പങ്കിട്ടിരുന്നില്ല.

രണ്ടാമത്തെ പ്രസവത്തിന്റെ ഹോസ്പിറ്റൽ വീഡിയോ പങ്കുവെക്കുന്നില്ലേയെന്ന് പേളി രണ്ടാമതും പ്രസവിച്ചുവെന്നുള്ള വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ആരാധകർ ചോദിക്കുന്നതാണ്. ഇപ്പോഴിതാ ആരാധകർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഡെലിവറി വീഡിയോയും പങ്കിട്ട് പേളി എത്തിയിരിക്കുകയാണ്.
ജനുവരി 13ന് വൈകിട്ട് ആറേ അമ്പത്തിരണ്ടിനാണ് പേളി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവമായിരുന്നു. പിറന്നപ്പോൾ കുഞ്ഞിന്റെ ഭാരം 3.3 കിലോയായിരുന്നു. ഡേറ്റ് ഡോക്ടർമാർ പറഞ്ഞിരുന്നത് ജനുവരി 19 എന്നായിരുന്നുവെങ്കിലും വീട്ടിൽ വെച്ച് തന്നെ പേളിക്ക് വേദന തുടങ്ങി. അതുകൊണ്ട് തന്നെ ഉടനടി ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു.
നിലയെ പ്രസവിക്കാനായി രണ്ട് ദിവസത്തോളം ആശുപത്രിയിൽ പേളിക്ക് അഡ്മിറ്റാകേണ്ടി വന്നിരുന്നു. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ കാര്യത്തിൽ അതൊന്നും വേണ്ടിവന്നില്ല. വീട്ടിൽ നിന്നും കാറിൽ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ആറ് സെന്റിമീറ്റർ ഡയലേഷൻ സംഭവിച്ച് കഴിഞ്ഞിരുന്നു. പേളിക്കൊപ്പം ശ്രീനിഷും ലേബർ റൂമിൽ കയറിയിരുന്നു. കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ പേളി കരയുന്നതും വീഡിയോയിൽ കാണാം.
അനിയത്തികുട്ടിയെ കാണാൻ നില ബേബി പേളിയുടെ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് എത്തിയത്. പേളിയുടെ സഹോദരി റേച്ചലിന്റെ ഒക്കത്തിരുന്ന് കണ്ണാടി തൊട്ടിലിൽ കിടത്തിയിരുന്ന നിതാരയെ നില ആദ്യമായി കണ്ടു. കുഞ്ഞിന്റെ കവിളിൽ തൊട്ട് നില ഉമ്മവെക്കുന്നതും പുതിയ വീഡിയോയിൽ കാണാം.

ഒരോ പ്രസവവും വളരെ വ്യത്യസ്തമാണെന്നാണ് ലേബർ റൂമിൽ വേദന തിന്ന് കിടക്കുമ്പോൾ പേളി പറഞ്ഞത്. കുഞ്ഞുമായി പതിവ് ട്രെഡീഷൻസൊന്നും തെറ്റിക്കാതെ തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ചാണ് തിരികെ ആലുവയിലെ വീട്ടിലേക്ക് എത്തിയത്. നിലയുമായി ആദ്യമായി വീട്ടിലേക്ക് വന്നപ്പോഴും തൊപ്പിയും കൂളിങ് ഗ്ലാസും താരം ധരിച്ചിരുന്നു. പേളിയുടെ രണ്ട് പ്രസവസമയത്തെയും ഹോസ്പിറ്റൽ ബാഗ് പാക്കിങ്ങിലെ ഹൈലൈറ്റും കൂളിങ് ഗ്ലാസും തൊപ്പിയുമാണ്.
അതുപോലെ രണ്ടാമത്തെ മകളുടെ പേര് നിതാരയെന്നല്ല നിറ്റാര എന്നാണെന്നും പുത്തൻ വ്ലോഗിൽ പേളി വ്യക്തമാക്കുന്നുണ്ട്. ഏറെ നാളുകളായി കാത്തിരുന്ന വീഡിയോ എത്തിയതിന്റെ സന്തോഷത്തിലാണ് പേളിഷ് ആരാധകർ. വീഡിയോ സ്ട്രീം ചെയ്ത് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും നാല് ലക്ഷത്തിന് അടുത്ത് ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു.
രണ്ട് വർഷം മുമ്പ് പേളി പങ്കിട്ട നിലയുടെ ഡെലിവറി വീഡിയോ വൈറലായിരുന്നു. ഇപ്പോൾ നിറ്റാരയുടെ ഡെലിവറി വീഡിയോയും ട്രെന്റിങിൽ കയറി കഴിഞ്ഞു. എത്ര മനോഹരമായ മുഹൂർത്തം... കണ്ണും മനസും ഒരുപോലെ നിറഞ്ഞു എന്നാണ് ആരാധകർ ഏറെയും വീഡിയോ കണ്ട് കമന്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ വേദനയെ സന്തോഷമുള്ളതാക്കി കാണിച്ച് കൊടുക്കുന്ന പേളിയാണ് താരമെന്നും ആരാധകർ കുറിക്കുന്നുണ്ട്.


Click it and Unblock the Notifications