'ചിലപ്പോഴൊക്കെ മകളോട് ദേഷ്യം തോന്നും..., ഒരു അച്ഛനും ഒരു അമ്മയും പെര്‍ഫക്ടല്ല'; പാരന്റിങ് ടിപ്സ് നൽകി പേളി!
പേളി മാണിയെ പരിചയമില്ലാത്തവർ ഉണ്ടാകില്ല. താരം ഇപ്പോൾ അഭിനയത്തിലോ ആങ്കറിങിലോ ഒന്നും സജീവമല്ല. പേളി ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത് യുട്യൂബ് ചാനലിലാണ്. പേളിയുടെ യുട്യൂബ് വീഡിയോകൾക്കും ആരാധകർ ഏറെയാണ്. ആദ്യത്തെ മകൾ നില പിറന്നശേഷമാണ് ആങ്കറിങ് പോലുള്ളവയിൽ നിന്ന് പേളി വിട്ടുനിൽക്കാൻ തുടങ്ങിയത്. മുപ്പത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സാണ് പേളിയുടെ യുട്യൂബ് ചാനലിലുള്ളത്.
പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനിഷും മൂത്ത മകൾ നിലയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. രണ്ടാഴ്ച മുമ്പ് പുതിയൊരു കുഞ്ഞ് കൂടി പേളിയുടെ ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് രണ്ട് പെൺമക്കളുടെ അമ്മയാണ് പേളി. പേളിയുടെ പാരന്റിങ് രീതി ഇഷ്ടപ്പെടുന്നവർ നിരവധിയാണെന്ന് നിലയ്ക്കൊപ്പമുള്ള പേളിയുടെ വീഡിയോകൾക്ക് വരുന്ന കമന്റിൽ നിന്നും വ്യക്തമാണ്.

തന്റെ നല്ലൊരു അമ്മയായി മാറാൻ സഹായിച്ചത് മകൾ നിലയാണെന്ന് പേളി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പേളി സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു അമ്മയുടെ ആവശ്യപ്രകാരമാണ് പേളി പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. പാരന്റിങ് ടിപ്സ് പറഞ്ഞ് തരാമോയെന്നാണ് ഒരു അമ്മ കമന്റിലൂടെ പേളിയോട് ചോദിച്ചത്.
ആ കമന്റ് ഇങ്ങനെയായിരുന്നു... 'പലപ്പോഴും ഞാനൊരു മോശമായ അമ്മയാണെന്നാണ് എന്റെ തോന്നല്‍. എന്റെ മകള്‍ ഹൈപ്പര്‍ ആക്ടീവാണ്. പലപ്പോഴും അവളെ കൃത്യമായി ഹാന്റില്‍ ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. അവസാനം അത് ദേഷ്യത്തിലും കുറ്റബോധത്തിലും വന്ന് നില്‍ക്കും.'
'എന്തെങ്കിലും ഒരു പാരന്റിങ് ടിപ് പറഞ്ഞുതരാമോ', എന്നായിരുന്നു ആ അമ്മയുടെ കമന്റ്. അതിനുള്ള മറുപടിയായിട്ടാണ് പുതിയ വീഡിയോ പേളി മാണി പങ്കുവെച്ചിരിക്കുന്നത്. 'എന്തെങ്കിലും കുറുമ്പ് മക്കള്‍ കാണിക്കുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ എപ്പോഴും അവരുടെ ഐ കോണ്ടാക്ടിന് താഴെ നമ്മള്‍ ഉണ്ടാവണം. അതായത് അവര്‍ നമ്മളെ നോക്കുമ്പോള്‍ തല ഉയര്‍ത്തി മുകളിലോട്ടല്ല താഴോട്ട് നോക്കണം.'
'അതിന് നമ്മള്‍ മുട്ടുകുത്തി ഇരിക്കുകയോ അവരെ എവിടെയെങ്കിലും ഉയരത്തില്‍ കയറ്റി നിര്‍ത്തുകയോ ചെയ്യുക. എന്നിട്ട് വാത്സല്യത്തോടെ എന്താണ് പറ്റിയതെന്ന് ചോദിക്കുക. എന്ത് ചെയ്യരുതെന്ന് പറയുന്നതിന് പകരം എങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കുക', എന്നാണ് പേളി ആ അമ്മയ്ക്ക് നല്‍കിയ മറുപടി വീഡിയോയിൽ പാരന്റിങ് ടിപ്പ് വിശദീകരിച്ച് പറഞ്ഞത്.

ഒരു അച്ഛനും ഒരു അമ്മയും പെര്‍ഫക്ട് അല്ല. പക്ഷെ എല്ലാ അച്ഛനമ്മമാരും മക്കളെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുന്നു. കുട്ടികളെ എങ്ങനെ ഡീല്‍ ചെയ്യണം എന്നറിഞ്ഞാല്‍ തീരുന്ന പ്രശ്‌നം മാത്രമേയുള്ളൂ. പിന്നെ ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്നാണ് പുത്തൻ വീഡിയോയ്ക്ക് ഒപ്പം പേളി കുറിച്ചത്. വീഡിയോ വളരെ വേഗത്തിൽ ശ്രദ്ധ നേടി.
പലരും പേളിയുടെ പാരന്റിങ് ടിപ്പിനെ അഭിനന്ദിച്ച് എത്തി. മറ്റ് ചിലർ മക്കൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളാണ് കമന്റായി കുറിച്ചത്. ഇങ്ങനെയൊക്കെ പറയണം എന്നുണ്ട് പക്ഷെ മറ്റ് കുട്ടികളെ വേദനിപ്പിക്കുന്ന തരത്തിലേക്ക് കുറുമ്പുകള്‍ പോകുമ്പോള്‍ അവരുടെ അമ്മമാരെ തൃപ്തിപ്പെടുത്താനെങ്കിലും ഒന്ന് ശകാരിക്കുകയോ വഴക്ക് പറയുകയോ ചെയ്യാറുണ്ട് എന്നൊക്കെയും കമന്റുകളുണ്ട്.
ശാസന ഒക്കെ കഴിഞ്ഞ് എല്ലാം ശാന്തം ആയതിനുശേഷം പേളി പറഞ്ഞതുപോലെ കുഞ്ഞിനോട് പറയാറുണ്ട്. എന്താ വാവേ എന്തിനാ... അങ്ങനെ ചെയ്തേ.... എന്നെക്കെ. പിന്നെ ഞങ്ങൾ ഫ്രണ്ട്സ്... എന്നാണ് മറ്റൊരു അമ്മ തന്റെ കുഞ്ഞിനോടുള്ള പെരുമാറ്റ രീതിയെ കുറിച്ച് കുറിച്ചത്. പേളിയു ടെ രീതിയോട് എതിർ അഭിപ്രായമുള്ളവരും കമന്റുകളും തങ്ങളുടെ പാരന്റിങ് രീതിയും കമന്റിൽ വിശദീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications