'ശരീരത്തെ കൂടുതൽ വേദനിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു, സമയമെടുത്ത് ശരിയായാൽ മതി, നിതാരയ്ക്കുമുണ്ട് നുണക്കുഴി'
രണ്ടാമത്തെ കുഞ്ഞിന്റെ ജനനശേഷം പ്രസവരക്ഷയും മറ്റുമായി തിരക്കിലാണ് പേളി മാണി. അതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയയിൽ പോസ്റ്റുകളും വീഡിയോയുമെല്ലാം പങ്കുവെക്കുന്നത്. എപ്പോഴും സജീവമായിരുന്ന പേളിയെ ആക്ടീവായി സോഷ്യൽമീഡിയയിൽ കാണാത്തത് ആരാധകരിലും വലിയ നിരാശയുണ്ടാക്കിയിരുന്നു. ആദ്യത്തെ മകൾ നില പിറന്ന സമയത്ത് ഡെലിവറി വീഡിയോ അടക്കം പങ്കുവെച്ച പേളി രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ അതൊന്നും പങ്കുവെച്ചിരുന്നില്ല.
മാത്രമല്ല നിലയുടെ ഓരോ കുഞ്ഞ് വിശേഷവും പേളി പങ്കുവെച്ചിരുന്നു. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ഫോട്ടോ പോലും നൂലുകെട്ടിനുശേഷമാണ് പേളി പങ്കിട്ടത്. അതുകൊണ്ട് തന്നെ ആരാധകർക്കും സ്ഥിരം പ്രേക്ഷകർക്കും പേളിയെ വല്ലാതെ മിസ് ചെയ്തിരുന്നു. അത് നിരന്തരം പേളിയുടെ സോഷ്യൽമീഡിയ പേജിൽ കമന്റായി ആരാധകർ അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ എല്ലാ പരാതികൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി മാണി. 2024ലെ തന്റെ ആദ്യ വ്ലോഗെന്ന് പറഞ്ഞാണ് വീഡിയോ പേളി പങ്കിട്ടിരിക്കുന്നത്. അരമണിക്കൂറിൽ അധികം ധൈർഘ്യമുള്ള വീഡിയോയിൽ രണ്ടാമത്തെ മകളുടെ നൂലുകെട്ടിന് തലേദിവസത്തെയും ചടങ്ങിന്റെ ദിവസത്തെയും വിശേഷങ്ങളാണ് പേളി ഉൾപ്പെടുത്തിയിരിക്കുന്നത്.
പേളിയുടെയും ശ്രീനിഷിന്റെയും ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ഒരു സിംപിൾ സ്വകാര്യ ചടങ്ങായിരുന്നു രണ്ടാമത്തെ മകൾ നിതാരയുടെ നൂലുകെട്ട്. പേളിയുടെ ആലുവയിലെ വീടിനുള്ളിൽ തന്നെയാണ് പരിപാടിക്കുള്ള വേദി അടക്കം ഒരുക്കിയത്. പ്രസവശേഷം താൻ കുഞ്ഞിനൊപ്പം നന്നായി റിലാക്സ് ചെയ്ത് റെസ്റ്റെടുക്കുകയായിരുന്നുവെന്നാണ് വീഡിയോയിൽ പേളി പറഞ്ഞത്.
'വ്ലോഗ് എന്താണ് ചെയ്യാത്തതെന്നും എന്ന് വീഡിയോ വരുമെന്നും കുറേപ്പേർ എന്നോട് ചോദിച്ചിരുന്നു. വീഡിയോയും വ്ലോഗുമൊന്നും ഇടാത്തതിന് കാരണം ഞാൻ റിക്കവർ ചെയ്ത് വരുന്നതേയുള്ളു എന്നതാണ്. അതുമാത്രമല്ല പ്രസവക്കുളി നടക്കുന്നതിനാൽ ഞാൻ മുടിയും ശരീരവും ഭംഗിയാക്കുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല. മുടിയിൽ കളർ വരെ ചെയ്യാതെ നാളുകൾ ഏറെയായി. ഒരു മാസത്തേക്കെങ്കിലും മുടി ചീകരുതെന്നാണ് എനിക്ക് പ്രസവരക്ഷ നൽകുന്നവരുടെ നിർദേശം.'
'വലിച്ച് ചീകിയാൽ തലവേദനയെടുക്കുമത്രെ. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസത്തിനിടെ ഫോട്ടോഷൂട്ടിന് വേണ്ടി മാത്രമാണ് മേക്കപ്പ് ഇട്ടത്. മറ്റുള്ള സമയങ്ങളിൽ മേക്കപ്പ് ഉപയോഗിച്ചിട്ടേയില്ല. അതുപോലെ ഇത്തവണ പ്രസവശേഷം ഞാൻ വയർ കെട്ടിവെച്ചതേയില്ല. എന്റെ ശരീരത്തോട് ഇത്തവണ കുറച്ച് കരുണ ഞാൻ കാണിച്ചു.'

'നിലുവിനെ പ്രസവിച്ചശേഷം വയറ് കെട്ടിവച്ചിരുന്നു ഞാൻ. അന്നൊക്കെ വല്ലാത്ത നടുവേദന അടക്കം അനുഭവിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ അതെല്ലാം ഒഴിവാക്കി. കുറച്ച് പതുക്കെ എനിക്ക് തടിയും വയറുമൊക്കെ കുറഞ്ഞാൽ മതി. എന്റെ ശരീരത്തെ ഞാൻ തന്നെ ടോർച്ചർ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ല. എല്ലാം സമയമെടുത്ത് ശരിയായാൽ മതി', എന്നാണ് പേളി പ്രസവശേഷമുള്ള തന്റെ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.
മുടിയൊക്കെ നരച്ച് തുടങ്ങി എന്നതിന്റെ വിഷമവും വീഡിയോയിൽ പേളി പങ്കിട്ടു. ഇതുവരെ പ്രേക്ഷകരിൽ നിന്നും പേളി മറച്ച് പിടിച്ചിരുന്ന നിതാരയുടെ ഒട്ടനവധി വിശേഷങ്ങൾ പുത്തൻ വ്ലോഗിൽ പേളി ഉൾപ്പെടുത്തിയിട്ടുണ്ട്. മകളെ കയ്യിലെടുത്ത് അവളുടെ കുഞ്ഞി കവിളിലെ നുണക്കുഴി അടക്കം പേളി വീഡിയോയിൽ കാണിക്കുന്നുണ്ട്.
പേളിയുടെ സഹോദരി റേച്ചലിന്റെ മൂത്തമകൻ അപ്പുവിനും നിതാരയുടേതിന് സമാനമായ നുണക്കുഴിയുണ്ട്. അപ്രതീക്ഷിതമായി എത്തിയ പേളിയുടെ പുത്തൻ വ്ലോഗ് ആരാധകരും ഏറ്റെടുത്തു. പേളിയെ പഴയ വൈബിൽ കാണാൻ പറ്റിയ സന്തോഷമാണ് ആരാധകരുടെ കമന്റിൽ നിറഞ്ഞ് നിൽക്കുന്നത്. എന്റെ പേളി... കുടുംബത്തിലെ ഒരാളെ പോലും ഇത്രക്ക് മിസ് ചെയ്തിട്ടില്ല... വെയ്റ്റിങ് ആയിരുന്നു വീഡിയോക്ക്.
കുട്ടികളും നീയും സുഖമായിരിക്കുന്നതിൽ സന്തോഷം, പ്രസവം കഴിഞ്ഞാൽ ഒരു സാധാരണക്കാർ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ ചെയ്യുന്നൂന്ന് മാത്രമല്ല ഒരു സെലിബ്രിറ്റിയായിട്ടും കൂടി എല്ലാം തുറന്ന് പറയാൻ കാണിക്കുന്ന മനസ്. അത് പേളിക്ക് മാത്രമെ കഴിയൂ. ചെറിയ യുട്യൂബേഴ്സ് പോലും ഇത്രയും കാര്യങ്ങൾ തുറന്നുപറയാറില്ല. ഞങ്ങളുടെ മുത്തുമണിയാണ് പേളി എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ.


Click it and Unblock the Notifications