വിനീത് ശ്രീനിവാസൻ ഭഗതിനെ അകറ്റി നിർത്തി?, ഡിവോഴ്സും മദ്യപാനവും മൂലം സൗഹൃദത്തിൽ സംഭവിച്ചതിനെ കുറിച്ച് ഭഗത്!
മലർവാടി ആർട്സ് ക്ലബ്ബിലെ പുരുഷുവായി മലയാളികളുടെ മനസിൽ ഇടം നേടിയ ഭഗത് മാനുവൽ പതിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ്. പ്രകാശന്റെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയിൽ നിവിൻ പോളിയായിരുന്നു നായകൻ. അന്ന് മലർവാടിയുടെ ഭാഗമായവരിൽ നായകൻ ഉൾപ്പെടെ ഭൂരിഭാഗം പേരും പുതുമുഖുങ്ങളായിരുന്നു.
അതിയായ സിനിമാ മോഹം കൊണ്ടാണ് നിവിൻ പോളിയും അജു വർഗീസും ഭഗത് മാനുവലുമെല്ലാം വിനീത് ശ്രീനിവാസന്റെ അടുത്ത് എത്തിപ്പെട്ടതും മലർവാടിയിൽ കേന്ദ്രകഥാപാത്രങ്ങളായതും. മലർവാടിയോടെ ജീവിതം മാറി മറിഞ്ഞവർ നിവിൻ പോളിയും അജു വർഗീസുമാണ്. ഭഗത് പിന്നെയും നിരവധി സിനിമകളുടെ ഭാഗമായെങ്കിലും ചെയ്തതിൽ ഒട്ടുമിക്ക സിനിമകളും വലിയ വിജയം നേടിയില്ല.

വിനീതിന്റെ സിനിമകളിൽ സുഹൃത്തുക്കൾക്കും പണ്ട് മുതൽ പരിചയമുള്ള താരങ്ങൾക്കും അവസരം കൊടുക്കാറുണ്ട്. എന്നാൽ കുറച്ച് വർഷങ്ങളായി വിനീത് സിനിമകളിൽ ഭഗതിനെ കാണാറില്ല. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഭഗതിനെ മാറ്റി നിർത്തിയോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭഗത് മാനുവൻ.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് ഭഗത് വാചാലനായത്. 'വിനീതേട്ടനൊക്കെ ഫാമിലി പേഴ്സണാണ് അപ്പോൾ വിവാഹമോചനം അറിയുമ്പോൾ ഉറപ്പായും ഉള്ളിൽ തോന്നൽ ഉണ്ടായിട്ടുണ്ടാകാം. മലർവാടിയൊക്കെ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് എന്നിൽ നല്ല പ്രതീക്ഷയായിരുന്നു.'
'നമ്മുടെ ഗുരുനാഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതീക്ഷകൾ നഷ്ടം ആകുമ്പോൾ മാറ്റി നിർത്തില്ലേ', എന്നാണ് ഭഗത് പറഞ്ഞത്. 'വിജയവും പരാജയവും ഒന്നും എന്നെ ബാധിക്കാറില്ല. ഇനിയും ലക്ഷ്യങ്ങളുണ്ട്. അതിന്റെ പുറകെ ഞാൻ യാത്ര ചെയ്യുന്നു. മദ്യപാനം വേണ്ടെന്ന് തീരുമാനിച്ചത് ഞാൻ തന്നെയാണ് അതിനേക്കാളും ജീവിതത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ പുറത്തുകടക്കാനായി.'
'നമ്മൾ ജീവിതത്തിൽ തെറ്റുകൾ ചെയ്തിരുന്നുവെന്ന് സ്വയം മനസിലാക്കുമ്പോൾ ഒരു പോയിന്റിലേക്ക് എത്തും. ആ ഒരു പേടി ഉണ്ടല്ലോ സിനിമ നഷ്ടമാകുമോ എന്നത് അതൊക്കെ ഇപ്പോൾ മാറി. സിനിമയുടെ ഭാഗമായി എപ്പോഴും പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ആർട്ടിൽ വർക്ക് ചെയ്യാൻ വരെ ഞാൻ തയ്യാറാണ്. ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്ന ആളാണ് ഞാൻ', എന്നാണ് ഭഗത് പറയുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഭഗതിന്റെ രണ്ടാം വിവാഹം. ഭഗതിന്റെ ആദ്യ ബന്ധത്തിലെ മകൻ താരത്തിനൊപ്പമാണ് വളരുന്നത്. താരത്തിന്റെ രണ്ടാം ഭാര്യയ്ക്കും ഒരു മകനുണ്ട്. 'ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. മൂവാറ്റുപുഴക്ക് അടുത്ത് വാഴക്കുളമാണ് എന്റെ സ്ഥലം... തനി നാട്ടിൻപുറം. ആദ്യ ഭാര്യ എറണാകുളം നഗരത്തിൽ ജീവിക്കുന്ന ആളായിരുന്നു.'
'അവരുടെ കുടുംബത്തിൽ എല്ലാവരും ഉന്നത സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ബിസിനസുകാരോട് അവർക്ക് താൽര്യമില്ല. ഞാൻ ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്. സിനിമയിലെ ജോലിക്ക് സമയമില്ലലോ സുരക്ഷിതത്വവുമില്ലല്ലോ അതൊക്കെ അവരെ അലട്ടിയിരുന്നുണ്ടാകും. ഞാൻ പോലും അറിയാതെയാണ് വിവാഹമോചന കേസ് നടന്നത്.'
'അഞ്ച് വർഷം കൊച്ചിയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു', എന്നാണ് ആദ്യ വിവാഹ ബന്ധത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ഭഗത് പറഞ്ഞത്. അതേസമയം ഫീനിക്സാണ് ഭഗതിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. അജു വർഗീസ് അടക്കമുള്ളവർ പ്രധാന വേഷങ്ങൾ ചെയ്ത ഫീനിക്സ് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്. ഭീമന്റെ വഴി അടക്കമുള്ള സിനിമകളിൽ ചെയ്തത് പോലെ വ്യത്യസ്ത വേഷങ്ങൾക്ക് വേണ്ടിയാണ് ഭഗത് കാത്തിരിക്കുന്നത്.


Click it and Unblock the Notifications











