'ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടുത്തെ മണ്ണ് വാരിക്കൊണ്ടുപോയി, ജനം സ്റ്റുഡിയോ തകർക്കുമോ എന്നുവരെ തോന്നി'
കേവലം ആറ് വർഷക്കാലത്തെ അഭിനയ ജീവിതം കൊണ്ട് മലയാളി പ്രേക്ഷകൻ്റെ മനസിൽ ഒരിക്കലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജയൻ എന്ന മഹാവിസ്മയം ഓർമ്മയായിട്ട് ഇന്നേയ്ക്ക് 43 വർഷം പിന്നിടുന്നു. ആക്ഷൻ നായകൻ എന്ന പേരിലാണ് അദ്ദേഹത്തിൻ്റെ പ്രശസ്തിയെങ്കിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങളും ആ ഹൃസ്വകാല കരിയറിന് മാറ്റുകൂട്ടി.
1980 നവംബർ 16ന് മദ്രാസിലെ ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലായിരുന്നു ലക്ഷക്കണക്കിന് ആരാധകരെ നടുക്കിയ അന്ത്യം സംഭവിച്ചത്.
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ അദ്ദേഹം ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻ വേഷങ്ങളായിരുന്നു.

ചലച്ചിത്ര നടൻ ജോസ് പ്രകാശാണ് ജയനെ ചലച്ചിത്രരംഗത്തിന് പരിചയപ്പെടുത്തുന്നത്. പിന്നെ അവസരങ്ങൾ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയന് കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഭാവാഭിനയത്തിൽ മികവ് പുലർത്തിയതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ ചേർത്തുള്ള പ്രകടനം പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.
സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. മനസിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി.
സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടാനോ അദ്ദേഹത്തിന് ഒട്ടും ഭയമുണ്ടായിരുന്നില്ല. അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയിച്ചെന്ന് കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ജയന്റെ നാൽപ്പത്തിമൂന്നാം ചരമ വാർഷിക ദിനത്തിൽ ഫോട്ടോഗ്രാഫർ രമേഷ്‌കുമാർ ജയനെ കുറിച്ച് മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ജയന്റെ ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടുത്തെ മണ്ണ് ആരാധകർ വാരിക്കൊണ്ടുപോകുന്ന രംഗങ്ങൾ ഇപ്പോഴും രമേഷ്‌കുമാർ ഓർത്തെടുക്കുന്നു.

'മരണ വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ തോന്നിയില്ല. സംസ്കാരത്തിനായി ജന്മനാടായ കൊല്ലത്തെത്തിയപ്പോൾ കണ്ട ആരാധനയുടെ ആഴം ഒരിക്കലും മറക്കാനും കഴിയില്ല. ഒരുപക്ഷെ ഒരു താരത്തിനും ഇത്രയും സ്നേഹാരാധനകൾ കിട്ടിക്കാണില്ല. ഹൈസ്കൂൾ ജങ്‌ഷനിലെ ഫോട്ടോലാൻഡ് സ്റ്റുഡിയോ ജി.സുരേന്ദ്രൻ നായരുടെ ഉടമസ്ഥതതയിലുള്ളതാണ്.'
'ജയന്റെ കുടുംബവുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ട്. താരമാകുന്നതിന് മുമ്പ് തന്നെ കൃഷ്ണൻ നായർ എന്ന ജയൻ അവിടെ പടമെടുക്കാൻ വരുമായിരുന്നു. താരമായശേഷം ചില സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സുരേന്ദ്രൻ നായർ അണ്ണൻ പോയി. സഹായിയായി ഞാനും. ജയന്റെ വിലാപയാത്ര കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ എത്തിയപ്പോഴും സങ്കടം കടിച്ചമർത്തി അണ്ണൻ ഫോട്ടോയെടുത്തു. പത്രങ്ങൾക്കുവേണ്ടിയായിരുന്നു പോയത്. അണ്ണൻ ആദ്യം എടുത്ത മുഖം വ്യക്തമാകുന്ന പടം പ്രിന്റെടുത്ത് സ്റ്റുഡിയോയുടെ മുന്നിലും വെച്ചു.'
'ജയനെ അവസാനമായി ഒരുനോക്കുകാണാൻ വന്നവർ അവിടെ റീത്ത് വെക്കാൻ പറ്റാതെ സ്റ്റുഡിയോയ്ക്ക് മുന്നിലുള്ള ഫോട്ടോയ്ക്ക് സമീപം റീത്തുവെച്ചു. ജനം സ്റ്റുഡിയോ തകർക്കുമോ എന്നുവരെ തോന്നിപ്പോയി. അതിന്റെ പ്രിന്റിന് അന്ന് വൻ ഡിമാന്റായിരുന്നു. അതുപോലെ മുളങ്കാടകം ശ്മശാനത്തിലെ ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടത്തെ മണ്ണ് ആരാധകർ വാരിക്കൊണ്ടുപോയി.'
'പിന്നെയും കുറേ ദിവസത്തേക്ക് ജയന്റെ വീട് കാണാൻ ആരാധകർ വന്നു. ആ വീടിന് മുന്നിൽനിന്ന് ഫോട്ടോ എടുക്കണം അവർക്ക്. ജയന്റെ വീടിനടുത്തുള്ള തെങ്ങിൽ ചാരിനിന്ന് ഫോട്ടോ എടുക്കണം. ജയൻ നട്ട തെങ്ങ് എന്നരീതിയിൽ എത്ര ഫോട്ടോയാണ് പലരും എടുത്തത്. സ്ത്രീകളായിരുന്നു കൂടുതലും. അണ്ണൻ ഇതിനെല്ലാം എന്നെയായിരുന്നു നിയോഗിച്ചത്. അന്നാണ് ഒരു സിനിമാനടൻ ജനമനസിൽ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനത്തിന്റെ ആഴം ശരിക്കും ഞാനറിയുന്നത്', എന്നാണ് നാൽപ്പത്തിമൂന്ന് വർഷം മുമ്പുള്ള ഓർമ പങ്കിട്ട് രമേഷ്‌കുമാർ പറഞ്ഞത്.


Click it and Unblock the Notifications