'എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പന്റെ അനുഗ്രഹം, ആ സംഭവം അയ്യപ്പൻ തന്ന ചെറിയ ഒരു ടാസ്ക്കായാണ് തോന്നിയത്'; എം.ജി!
എം.ജി ശ്രീകുമാർ എന്ന ഗായകനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. നീണ്ട നാല് പതിറ്റാണ്ടുകളായി അദ്ദേഹം നമ്മളോടൊപ്പമുണ്ട്. എം.ജി ശ്രീകുമാർ എന്ന ഗായകന് മലയാളികളുടെ മനസിലെ സ്ഥാനം മനസിലാക്കണമെങ്കിൽ നല്ലൊരു ഗാനമേള കേൾക്കാൻ പോയാൽ മതി.
എംജി ശ്രീകുമാർ പാടിയ പാട്ടും തമിഴ് നടൻ വിജയുടെ പാട്ടും ഇല്ലാതെ ഒരു ഗാനമേളയും വിജയിച്ച ചരിത്രം ഇല്ല. മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇത്രയധികം വ്യത്യസ്തത പുലർത്തിയ മറ്റൊരു ഗായകൻ ഇല്ലെന്ന് ഉറപ്പിച്ച് പറയുവാൻ സാധിക്കും.
കാരണം അടിച്ചുപൊളി ഗാനങ്ങൾ, മെലഡികൾ, ക്ലാസിക്കൽ ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള ഗാനങ്ങളാണ് അദ്ദേഹം പാടിയിരിക്കുന്നത്. ദാസേട്ടൻ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഗാനങ്ങൾ കേട്ടിട്ടുള്ള ശബ്ദം എം.ജി ശ്രീകുമാർ എന്ന ഗായകന്റേതാണ്. ഏതാണ്ട് 4000ൽ കൂടുതൽ സിനിമ ഗാനങ്ങളും 20000ൽ കൂടുതൽ മറ്റ് ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിക്കാൻ എം.ജി ശ്രീകുമാർ എന്ന ഗായകന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആദ്യമായി കിട്ടിയ നാഷണൽ അവാർഡ് ഗാനത്തിന് സംഗീതം ചെയ്തത് രവീന്ദ്രൻ മാസ്റ്ററായിരുന്നു. രണ്ടാമത് പുരസ്കാരം കിട്ടിയ ഗാനം ചെയ്തത് മോഹൻ സിതാരയായിരുന്നു.
അതുപോലെ തന്നെ എം.ജി ശ്രീകുമാർ ആലപിച്ച അയ്യപ്പ ഭക്തി ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മണ്ഡലകാലമായാൽ എവിടെയും മുഴങ്ങി കേൾക്കാറുള്ളത് എം.ജി ആലപിച്ച ഗാനങ്ങളാണ്. അയ്യപ്പന് എം.ജിയുടെ ജീവിതത്തിൽ വലിയൊരു സ്ഥാനമുണ്ട്. എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പന്റെ അനുഗ്രഹമെന്നത് എം.ജി ശ്രീകുമാർ എപ്പോഴും പറയാറുള്ള ഒന്നാണ്.
ഒട്ടേറെ തവണ മല ചവിട്ടാനും ഭാഗ്യ ലഭിച്ചിട്ടുള്ള എം.ജി ശ്രീകുമാർ അയ്യപ്പൻ തന്റെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അയ്യപ്പ ഭക്തി ഗാനങ്ങളെ കുറിച്ച് ഗായകൻ സംസാരിച്ചത്. 'അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓർമ്മയില്ല. 1987ന് മുമ്പ് ഒരുപാട് പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്.'
'ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്ത് പാട്ടുകൾ പാടി ഇറക്കുന്നത്. അത് മുതൽ 2018 വരെ ഇറക്കിയ എല്ലാ ആൽബങ്ങളിലും പാടി. ശബരിമലയിൽ അങ്ങനെ ജാതിയോ മതമോ ഒന്നുമില്ല എല്ലാവർക്കും വരാം പോകാം. അർച്ചന കഴിക്കാം. എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി. കഠിനമാണ് മലകയറ്റം. പക്ഷെ അവിടെ പോയി വരുമ്പോൾ ഒരു ആത്മസംതൃപ്തിയാണ്.'

'അവിടെ പോയി തിരികെ എത്തിയാൽ അടുത്ത മണ്ഡല കാലത്തിനായി നമ്മൾ കാത്തിരിക്കും. എനിക്ക് വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ നിന്നും. ഞാൻ ഇരുപത്തിരണ്ട് മല അടുപ്പിച്ച് ചവിട്ടിയ ആളാണ്. പണ്ടൊരിക്കൽ ഞാൻ ഓർക്കസ്ട്രയിലുള്ള കുറച്ച് ആളുകളും ഒക്കെയായി മുകളിലത്തെ മണ്ഡപത്തിൽ പോയിരുന്നു ഭജനപാട്ടുകൾ ഒക്കെയും പാടിയ ഒരു കാലമുണ്ട്. ഒരിക്കൽ അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോൾ 80 വയസായ ഒരു മനുഷ്യനെ കണ്ടു.'
'ഒരു ചെറിയ തോർത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാൽ പുറകോട്ട് പോയി പോസ്റ്റിലേക്ക് ഇടിക്കുകയാണ് അത്രയും നടക്കാൻ വയ്യാത്ത ഒരാൾ. ഞങ്ങൾക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിർത്തി പോരാനും തോന്നിയില്ല.'
'ഞാൻ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം താഴേക്ക് വരെ തൂക്കി പിടിച്ചായാലും എത്തിക്കാമെന്ന്. ഞങ്ങൾ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മൾ ആകെ തളർന്നു. അദ്ദേഹത്തെ ഒരു കലിങ്കിൽ ഇരുത്തി ഞങ്ങൾ കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്ന് നോക്കുമ്പോൾ അയാളെ കാണാൻ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാൻ ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പൻ തന്ന പോലെയാണ്.'
'ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വർഷമാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം. പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നുപറഞ്ഞാൽ അത് വലിയ ശക്തിയാണ്. നമ്മുടെ അൾട്ടിമേറ്റ് പവർ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോൾ അദ്ദേഹം വിരൽ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്', എന്നാണ് അനുഭവം പങ്കിട്ട് എം.ജി ശ്രീകുമാർ പറഞ്ഞത്.


Click it and Unblock the Notifications