'എം.ജി ശ്രീകുമാറിന്റെ കുഞ്ഞെന്ന് പറഞ്ഞാണ് വന്നത്, ലിവിങ് ടുഗെതറിനെ എല്ലാവരും എതിർത്തു, അന്ന് കളിയാക്കി'
ഇന്ന് കേരളത്തിൽ അടക്കം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ കഴിയുന്നവർ നിരവധിയുണ്ട്. ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹമുള്ളവർ ഒരുമിച്ച് കഴിയുകയും എപ്പോഴെങ്കിലും ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് തോന്നിയാൽ നൂലമാലകൾ ഒന്നും ഇല്ലാതെ തന്നെ അതിൽ നിന്നും പുറത്ത് കടക്കാൻ സാധിക്കും എന്നത് കൊണ്ട് കൂടിയാണ് ചെറുപ്പക്കാർ കൂടുതലായും ലിവിങ് റിലേഷൻഷിപ്പിലേക്ക് തിരിയുന്നത്. സെലിബ്രിറ്റകൾ അടക്കം ലിവിങ് റിലേഷൻഷിപ്പ് ഇന്ന് നയിക്കുന്നുണ്ട്.
എന്നാൽ ലിവിങ് റിലേഷൻഷിപ്പിനെ കുറിച്ച് കേട്ട് കേൾവി പോലുമില്ലാതിരുന്ന കാലത്ത് കേരളത്തിൽ ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്ന രണ്ട് സെലിബ്രിറ്റികളാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. വീട്ടുകാരും നാട്ടുകാരും ലിവിങ് റിലേഷനെ ശക്തമായി എതിർത്തതോടെയാണ് എം.ജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. രണ്ടായിരത്തിൽ മൂകാംബികയിൽ വെച്ചാണ് വിവാഹം നടന്നത്.

വിവാഹം നടന്ന സ്ഥലം എന്നതിന്റെ പേരിൽ സമയം കിട്ടുമ്പോഴെല്ലാം മൂകാംബിക സന്ദർശനം നടത്താറുണ്ട് എം.ജി ശ്രീകുമാറും ലേഖയും. ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ സ്വന്തം പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് എം.ജി ശ്രീകുമാർ.
'1986ലാണ് ഞാൻ എന്റെ ജീവിത സഖിയായ ലേഖയെ തിരുവനന്തപുരം ജവഹർ നഗറിൽ വെച്ച് ആദ്യമായി കാണുന്നത്. അന്ന് കണ്ട് ഇഷ്ടപ്പെട്ടു. ഞങ്ങൾ പരസ്പരം സ്നേഹത്തിലായി. അതിന് ഒന്ന് ഒന്നര വർഷങ്ങൾക്ക് ശേഷം ലേഖ അമേരിക്കയ്ക്ക് പോയി. പിന്നീട് 1990ൽ അക്കരെ അക്കരെ അക്കരെ സിനിമയുടെ ഷൂട്ടും സ്റ്റേജ് ഷോയുമായി ഞാനും അമേരിക്കയിൽ എത്തി.'
'ചിത്രത്തിന്റെ പതിനാല് ദിവസത്തെ ഷൂട്ട് ലോസാഞ്ചലസിൽ ആയിരുന്നു. അവിടെ ചെന്നപ്പോൾ ലേഖയെ പോയി കാണാനൊരു ആഗ്രഹം തോന്നി. അങ്ങനെ ഞാൻ എന്റെ ടീമിന്റെ അനുവാദം വാങ്ങി ഫ്ലൈറ്റിൽ കയറി ലേഖ താമസിക്കുന്ന സ്ഥലത്ത് ചെന്നു. മുപ്പത്തിയഞ്ച് മിനിറ്റ് ഫ്ലൈറ്റ് യാത്രയെ ഉള്ളു ലേഖ താമസിക്കുന്ന സ്ഥലത്തേക്ക്.'
'ലേഖയെ കണ്ട് സംസാരിച്ച് ഭക്ഷണം കഴിച്ചു. അതോടെ ആ ബന്ധം ഒന്നുകൂടി മുറുകി. ഞാൻ തിരികെ ലോസാഞ്ചലസിൽ എന്റെ ടീമിന്റെ അടുത്ത് എത്തി. മോഹൻലാൽ അടക്കം എല്ലാവരും ഈ യാത്രയെ കുറിച്ച് തിരക്കി. ലേഖയുടെ കാര്യം പറഞ്ഞപ്പോൾ പിന്നെ കുറച്ച് നേരം അവരുടെ കളിയാക്കലുകളും കുസൃതികളുമായിരുന്നു.'

'അത് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോൾ ലേഖ നാട്ടിലേക്ക് തിരികെ വന്നു. അപ്പോഴാണ് ഞങ്ങൾ ജവഹർ നഗറിൽ ഫ്ലാറ്റെടുത്ത് ഒരുമിച്ച് താമസം തുടങ്ങിയത്. ഞങ്ങൾ ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ കഴിയുന്നത് നാട്ടുകാർക്കും വീട്ടുകാർക്കും വലിയ പ്രശ്നമായി. അങ്ങനെ അവരുടെ നിർബന്ധപ്രകാരം 2000ത്തിൽ ഞങ്ങൾ മൂകാംബികയിൽ വെച്ച് വിവാഹിതരായി.'
'ഇപ്പോഴും ആൾക്കാർ കുറേ എന്തൊക്കയോ എഴുതുന്നുണ്ടെന്നും', എം.ജി ശ്രീകുമാർ പറഞ്ഞു. അടുത്തിടെ തനിക്ക് കുഞ്ഞുണ്ടെന്ന പേരിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നുവെന്നും എം.ജി ശ്രീകുമാർ പറഞ്ഞു. 'ഞാൻ അടുത്തിടെ അമേരിക്കയിൽ പോയി വന്നപ്പോഴാണ് ഈ റിപ്പോർട്ട് ഞാൻ കണ്ടത്.'
'എം.ജി ശ്രീകുമാറിന്റെ കുട്ടി എന്ന പേരിലാണ് വാർത്ത. ഞാൻ എന്റെ കുട്ടിയെ നോക്കാനാണ് അമേരിക്കയിൽ പോയത് എന്ന തരത്തിലായിരുന്നു വാർത്ത. ലേഖയും ഞാനും നിൽക്കുന്ന ഫോട്ടോയിൽ ഒരു കൊറിയൻ കൊച്ചിന്റെ ഫോട്ടോ കൂടി ചേർത്താണ് വാർത്ത പ്രചരിച്ചതെന്നും', എം.ജി ശ്രീകുമാർ പറഞ്ഞു. ലേഖ എം.ജി ശ്രീകുമാറും യുട്യൂബ് ചാനലും കുക്കിങ് വീഡിയോയുമെല്ലാമായി സജീവമാണ്. ലേഖയ്ക്കും എം.ജി ശ്രീകുമാറിനോളം തന്നെ ആരാധകരുണ്ട്.


Click it and Unblock the Notifications