'വർഷങ്ങളായുള്ള പരിചയം, സഹോദരനുമായുള്ള ബന്ധം പോലെ ദൃഢം, വീണ്ടും ഒരുമിക്കുന്നു', എംജിയെ കുറിച്ച് സുജാത!
കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസിൽ ശുദ്ധ സംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായികയാണ് സുജാത മോഹൻ. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു. പുഞ്ചിരി പൊഴിക്കുന്ന മുഖവും ഭാവം തുളുമ്പുന്ന ആലാപനവുമായി സുജാത സംഗീതാസ്വാദകരുടെ മനസിലേക്ക് ഒഴുകിയെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ആ മധുര നാദത്തിന് പകരം വെയ്ക്കാൻ മറ്റൊരു സ്വരം കണ്ടെത്താൻ മലയാളികൾക്ക് ഇനിയുമായിട്ടില്ല. ഗായികമാർ പലരും മലയാളത്തിൽ വന്നുപോയെങ്കിലും ഒരിക്കലും ഇഷ്ടം തീരാത്തൊരു പ്രണയസ്വരമായി സുജാതയെ നാം എന്നും കേൾക്കുന്നു.
കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സുജാത. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച സുജാത ഒമ്പതാം വയസ് മുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടാൻ തുടങ്ങിയതാണ്. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയിട്ടുണ്ട് സുജാത. കൊച്ചു മിടുക്കി സുജാതയെ മകളെപ്പോലെയാണ് യേശുദാസ് കൊണ്ട് നടന്നിരുന്നത്.

സുജാതയെപ്പോലെ തന്നെ എം.ജി ശ്രീകുമാറും മലയാളിക്ക് പ്രിയപ്പെട്ട ഗായകനാണ്. കഴിഞ്ഞ മുപ്പത് വർഷത്തിൽ അധികമായി മലയാള സിനിമ പിന്നണി ഗാനരംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഗായകനാണ് എം.ജി ശ്രീകുമാർ. സഹോദരൻ എം.ജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. ചേർത്തല ഗോപാലൻ നായരുടെ കീഴിലും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗുരു ജ്യേഷ്ഠനായ എം.ജി രാധാകൃഷ്ണൻ തന്നെയായിരുന്നു. 1982ൽ പത്മരാജൻ സംവിധാനം ചെയ്ത് എം.ജി രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെയാണ് എം.ജി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കൂലി, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ശ്രീകുമാർ ഗാനം ആലപിച്ചിട്ടുണ്ട്.

സുജാതയ്ക്കൊപ്പം നിരവധി സിനിമ ഗാനങ്ങൾ ആലപിച്ചിട്ടുള്ള എം.ജി ശ്രീകുമാറും താരത്തിന്റെ പ്രിയ പത്നി ലേഖയുമായും അടുത്ത സൗഹൃദമാണ് സുജാതയ്ക്ക്. വീണ്ടും ഇരുവർക്കുമൊപ്പമുള്ള സൗഹൃദ ഓർമകൾ പുതുക്കിയിരിക്കുകയാണ് സുജാത. എംജി ശ്രീകുമാറിനൊപ്പം ഇടവേളയ്ക്ക് ശേഷം പാടാനായതിന്റെ സന്തോഷവും സുജാത പങ്കിട്ടിട്ടുണ്ട്. മഴവിൽ മനോരമയുടെ പരിപാടിക്ക് വേണ്ടിയാണ് ഇരുപത്ത് വർഷങ്ങൾക്ക് ശേഷം സുജാതയും എം.ജി ശ്രീകുമാറും ഒരുമിച്ച് സ്റ്റേജിൽ പാട്ട് പാടിയത്. സുജാതയ്ക്കൊപ്പം ഗാനം ആലപിക്കാനായ സന്തോഷം എം.ജി ശ്രീകുമാറും പങ്കിട്ടിരുന്നു. ഭാര്യ ലേഖയ്‌ക്കൊപ്പമായാണ് എം.ജി പരിപാടിയിലേക്കെത്തിയത്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇവരൊന്നിച്ചുള്ള പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Recommended Video

തന്റെ ജീവിത പങ്കാളിയായി എം.ജി ശ്രീകുമാർ ലേഖയെ ജീവിതത്തിലേക്ക് കൂട്ടിയപ്പോഴും സുജാത സാക്ഷിയായി ഉണ്ടായിരുന്നു. 'ശ്രീക്കുട്ടന്റെ ലൈഫിലേക്ക് ശ്രീക്കുട്ടന്റെ സഹധർമ്മിണി കയറിവന്ന ആ മൊമൻസിലും ഞാൻ കൂടെയുണ്ടായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ രോമം എണീറ്റ് നിൽക്കും' എന്നാണ് എം.ജി ശ്രീകുമാർ-ലേഖ വിവാഹ ഓർമകൾ പങ്കുവെച്ച് മുമ്പ് സുജാത പറഞ്ഞത്. എം.ജി ശ്രീകുമാറും സുജാതയും ഇപ്പോൾ റിയാലിറ്റി ഷോകളിലൂടെ മിനി സ്ക്രീനിൽ സജീവമാണ്. എത്രയേറെ പുതിയ ഗായകർ വന്നാലും മലയാളത്തിന് എന്നും സുജാതയോടും എം.ജി ശ്രീകുമാറിനോടും പ്രത്യേക സ്നേഹമുണ്ടാകും.


Click it and Unblock the Notifications