'സത്യം പറഞ്ഞാൽ ഏതാണ് പാട്ടെന്ന് പോലും അറിയില്ല, കുറേക്കാലമായി ആഗ്രഹിക്കുന്നതാണ്... ഇപ്പോഴെങ്കിലും കിട്ടീലോ'
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പുരസ്കാര പ്രഖ്യാപനങ്ങളിൽ എല്ലാവരേയും സർപ്രൈസ് ചെയ്യിപ്പിച്ചത് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക് ലഭിച്ചുവെന്നതാണ്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് വിദ്യാധരൻ മാസ്റ്ററും. ജനനം 1947; പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ എന്ന ഗാനമാണ് വിദ്യാധരൻ മാസ്റ്ററെ അവാർഡിന് അർഹനാക്കിയത്.

കുറേക്കാലമായി ആഗ്രഹിക്കുന്നതാണെന്നും വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പുരസ്കാര നിറവിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ വിദ്യാധരൻ മാസ്റ്റർ പറയുന്നു. സത്യം പറഞ്ഞാൽ ഏത് പാട്ടിനാണ് കിട്ടിയതെന്ന് പോലും എനിക്ക് അറിയില്ല. നിരവധി പാട്ടുകാരെ ഞാൻ സംഗീതം ചെയ്ത് പാടിക്കുന്നുമുണ്ട്. ഞാൻ പാടുന്നുമുണ്ട്. പാട്ട് കഴിഞ്ഞാൽ പിന്നെ ആ കാര്യം അന്വേഷിക്കാറില്ല. പിന്നെ വേറെ കാര്യങ്ങൾ നോക്കാറാണ് പതിവ്.
അങ്ങനൊരു സ്ഥിതിയായതുകൊണ്ട് ഏതാണ് പാട്ട് ഏതാണ് സിനിമയെന്ന് അറിയില്ല. പ്രണയം തുടരുന്നു എന്ന സിനിമയിലെ പാട്ടിനാണെന്ന് മകളാണ് എന്നെ വിളിച്ച് പറഞ്ഞത്. എന്തായാലും സന്തോഷം. കുറേക്കാലമായി ആഗ്രഹിച്ചിട്ട് ഇപ്പോഴെങ്കിലും സാധിച്ചുവല്ലോ. ഗായകൻ എന്നുള്ള അവാർഡ് എനിക്ക് കിട്ടിയിരിക്കുന്നത്. ജനങ്ങൾ എന്താണ് തീരുമാനിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ.
എന്തായാലും അങ്ങനെയൊരു അവാർഡ് പ്രഖ്യാപിച്ചു. പിന്നെ എല്ലാവരും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. ഇതൊക്കെ ഇതിന് മുമ്പ് വേണ്ടതാണ്. ഇപ്പോഴെങ്കിലും ആയല്ലോ. എല്ലാത്തിനും ഓരോ സമയമില്ലേ... പാട്ടുകാരനായി അംഗീകരിക്കപ്പെടണം എന്നതിനോട് താൽപര്യമില്ലാത്തയാളാണ് ഞാൻ. വ്യത്യസ്തമായ രീതി നമ്മൾ പിന്തുടരുക. ഞാൻ ഉണ്ടാക്കുന്ന പാട്ട് എന്റേക് മാത്രമായിരിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.
നിത്യഹരിതങ്ങളായി നിൽക്കുന്ന അനവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാധരൻമാസ്റ്റർ. അതുകൊണ്ട് തന്നെ വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരത്തിൽ സംഗീതപ്രേമികളും സന്തോഷത്തിലാണ്. സംഗീത സംവിധാനത്തിൽ ഓരോരുത്തരും അവരവരുടേതായ ശൈലി രൂപപ്പെടുത്തണം എന്ന പക്ഷക്കാരനാണ് വിദ്യാധരൻ മാസ്റ്റർ.

സിനിമ ഒരു ചട്ടക്കൂടാണെന്നും അതിൽ സിനിമാക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ച് ഗാനങ്ങൾ ചെയ്യേണ്ടി വരുമെന്നും പറയുന്ന അദ്ദേഹം സിനിമയുടെ പിന്നാലെ നടന്ന് താൻ സമയം കളഞ്ഞിട്ടില്ലെന്നും മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പാട്ടുകൾ പാടാനാണ് ഇപ്പോൾ കൂടുതലായി വിളിക്കുന്നത്.
കഥാവശേഷനിലെ കണ്ണുനട്ട് കാത്തിരുന്നിട്ടും, തണ്ണീർമത്തൻ ദിനങ്ങളിലെ എന്ത് വിധിയിത് തുടങ്ങിയവയൊക്കെ നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടു. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംഗീതസംവിധായകർ ആവശ്യപ്പെടുന്ന ഫീൽ നൽകി പാടാൻ ആത്മാർഥമായി ശ്രമിക്കുന്നുവെന്നും പിന്നണി പാടുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മുമ്പൊരിക്കൽ വിദ്യാധരൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ മംഗളാലയത്തിൽ ശങ്കരൻ, തങ്കമ്മ എന്നിവരുടെ ഏഴ് മക്കളിൽ മൂത്തയാളായാണ് വിദ്യാധരൻ മാസ്റ്റർ ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ സംഗീത പഠനം ആരംഭിച്ചു. ആദ്യകാലത്ത് നാടക ഗാനങ്ങൾക്കായിരുന്നു സംഗീതം പകർന്നത്. 1984ൽ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു.
പിന്നീടിങ്ങോട്ട് പാടിയും ഈണം പകർന്നും നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. വിദ്യാധരൻ മാസ്റ്ററിനെ അവാർഡിന് അർഹനാക്കിയ ജനനം 1947; പ്രണയം തുടരുന്നു എന്ന സിനിമ സംവിധാനം ചെയ്തത് അഭിജിത്ത് അശോകനാണ്. ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയശേഷം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications











