'സിനിമാക്കാരെ വിശ്വസിക്കാനാവില്ല, അപ്പോൾ കാണുന്നവരെ അപ്പായെന്ന് വിളിക്കുമെന്ന് സുകുവേട്ടൻ പറഞ്ഞിട്ടുണ്ട്'
ഭരിക്കുന്ന പാർട്ടി ഏത് തന്നെയായാലും വിനോദ മേഖലയുടെ തലപ്പത്ത് കെ.ബി ഗണേഷ് കുമാർ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സിനിമാപ്രേമികൾ ഇന്നും കേരളത്തിലുണ്ട്. കൈവെച്ച മേഖലയിലൊക്കെ ഗുണകരമായ വികസനം കൊണ്ട് വന്ന മന്ത്രി എന്ന ടാഗ് ഗണേഷ് കുമാറിനുണ്ടെന്നത് തന്നെയാണ് അതിന് കാരണം.
ഗണേഷ് കുമാർ വിനോദ മന്ത്രിയായി വന്നാൽ മലയാള സിനിമക്ക് ഒരുപാട് മികച്ച വികാസങ്ങളുണ്ടാകുമെന്ന വിശ്വാസമുള്ളവരുമുണ്ട്. രാഷ്ട്രീയം ഒരിക്കലും ഗണേഷ് കുമാറിന്റെ ലിസ്റ്റിലുണ്ടായിരുന്നില്ല.
അച്ഛൻ ആളുകൾക്ക് ചെയ്ത് കെടാുക്കുന്ന ജീവികാരുണ്യ പ്രവർത്തനങ്ങൾ കണ്ടും മുൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനുമായുള്ള സമ്പർക്കവുമാണ് രാഷ്ട്രീയത്തിലേക്ക് തിരിയാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഗണേഷ് കുമാർ പറയാറുള്ളത്. മലയാള സിനിമയിൽ നിന്നും ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ഗണേഷ് കുമാറാണ്.

മുകേഷ് അടക്കമുള്ളവർ അതിനുശേഷമാണ് ഒരു കൈ രാഷ്ട്രീയത്തിലും നോക്കാമെന്ന് തീരുമാനിച്ച് ഇറങ്ങിയത്. നടൻ എന്ന ലേബലിൽ നായകനായൊന്നും തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകാൻ ഗണേഷ് കുമാറിന് സാധിച്ചു. സ്വപ്ന തുല്യമായ തുടക്കമായിരുന്നു നടൻ എന്ന രീതിയിൽ ഗണേഷ് കുമാറിന് ലഭിച്ചത്.
ഗണേഷ് കെ.ജി ജോര്‍ജിന്‍റെ ഇരകളിലൂടെയാണ് കടന്നുവന്നത്. ഒരു പുതുമുഖ നടന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അവസരങ്ങളില്‍ ഒന്നാണത്. ഇരകളിലെ സൈക്കോട്ടിക് സ്ട്രാംഗ്ലറെ ഉജ്വലമാക്കിയ ഗണേഷ് പിന്നെ പ്രിയദര്‍ശന്റെ ഒരു മുത്തശ്ശി കഥയിലെ ആന്‍റി ഹീറോ വേഷവും ചെപ്പിലെ വില്ലന്‍ വേഷവും മനോഹരമാക്കിയിരുന്നു.
പിന്നീട് മികച്ച വേഷങ്ങൾ താരത്തെ തേടി എത്തിയില്ല. മാത്രമല്ല സ്റ്റീരിയോ ടൈപ്പ് വില്ലന്‍ വേഷങ്ങളിലും സഹനടനായും ഒതുങ്ങിപ്പോയി ഗണേഷ്. ഇപ്പോഴിതാ സിനിമാക്കാരെ വിശ്വസിക്കാനാവില്ലെന്ന് പറയുകയാണ് കെ.ബി ഗണേഷ് കുമാർ. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ വിവരിച്ചത്. തന്നോട് ആളുകൾക്കുള്ള സ്നേഹം രാഷ്ട്രീയത്തിന്റേതല്ലെന്നാണ് ഗണേഷ് കുമാർ പറയുന്നത്.
'ജഗദീഷൊക്കെ മത്സരിക്കാൻ ഇറങ്ങിയപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു. എന്താണ് സിനിമയിലുള്ളവർ ഇങ്ങനെയെന്ന് എനിക്ക് തോന്നി. സിനിമയിലുള്ളവർക്ക് സ്നേഹമൊന്നും ഇല്ല. അവർ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് പ്രവർത്തിക്കുന്നു. ജഗദീഷ് വന്നപ്പോൾ എനിക്ക് എതിരെ പറഞ്ഞിരുന്നു.'

'പിന്നീട് പക്ഷെ അദ്ദേഹം നല്ല വാക്കുകൾ എന്നെ കുറിച്ച് പറഞ്ഞു. ജഗദീഷിന്റെ കുടംബവുമായി നേരത്തെ മുതൽ സ്നേഹമുണ്ട്. ഞാൻ ആരെ കുറിച്ചും മോശം പറഞ്ഞിട്ടില്ല. ഭീമൻ രഘു വന്നതിൽ എനിക്ക് സങ്കടം തോന്നിയിട്ടില്ല. സിനിമയിലെ സൗഹൃദത്തിന് ആത്മാർത്ഥതയില്ല. സിനിമയുടെ അടുത്തുകൂടെ പോയിട്ടുള്ള ആരോട് ചോദിച്ചാലും അവർ ഇത് തന്നെയാണ് പറയുക. പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരൻ അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്.'
'അദ്ദേഹം എന്നോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സുകുവേട്ടനും കുടുംബവുമായി അടുത്ത ബന്ധമായിരുന്നു. പൃഥ്വിരാജിനെ കാണുമ്പോൾ സുകുവേട്ടനെ ഓർമവരാറുണ്ട്. സിനിമാക്കാരെ വിശ്വസിക്കരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ കാണുന്നവരെ അപ്പായെന്ന് വിളിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.'
'സൂക്ഷിച്ച് വേണം കമ്പിനി കൂടാനെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും നന്മയ്ക്കും സിനിമയുടെ നന്മയ്ക്കും വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചതെന്നും', ഗണേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ കുറിച്ചും ഗണേഷ് കുമാർ സംസാരിച്ചു.
എല്ലാം അറിയാമെന്ന മട്ടിൽ സുരേഷ് ഗോപി പറയാൻ പാടില്ലെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെ ആളുകളുടെ ലോൺ സുരേഷ് ഗോപി അടച്ചുകൊടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അത് ആളുകളെ ദുഷിപ്പിക്കലാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











