'സ്ത്രീധനം മേടിച്ചിട്ടാകും കല്യാണം കഴിച്ചത്, അതുകൊണ്ട് ചിലപ്പോൾ കൊണ്ടിട്ടുണ്ടാകും, എനിക്ക് അതിൽ പ്രശ്നമില്ല'
അടുത്തിടെയായി മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയ നടനാണ് രംഗണ്ണന്റെ സ്വന്തം അമ്പാനായി അവതരിച്ച സജിൻ ഗോപു. ചുരുളിയിൽ ജീപ്പ് ഡ്രൈവറായും ജാൻ എ മന്നിലെ സജിയണ്ണനായും രോമാഞ്ചത്തിലെ നിരൂപായും എത്തി വിസ്മയിപ്പിച്ച സജിൻ ഗോപു ഇതുവരെ ചെയ്ത ഒട്ടുമിക്ക സിനിമകളും ഹിറ്റാണ്. നടന്റെ ഏറ്റവും പുതിയ റിലീസ് പൊന്മാനാണ്. ബേസിലാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
സിനിമയുടെ റിലീസിന് പിന്നാലെ റിയാക്ഷൻ വീഡിയോയിലൂടെ ശ്രദ്ധേയനായ യുട്യൂബർ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണൻ തനിക്ക് പൊന്മാൻ കണ്ടശേഷമുള്ള അനുഭവം വീഡിയോയായി പങ്കുവെച്ചിരുന്നു. സുഹൃത്ത് ജിത്തുവിനൊപ്പം എത്തിയാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സായ് കൃഷ്ണൻ പങ്കുവെച്ചത്. ഡീസന്റ് ആവറേജ് സിനിമ എന്നാണ് പൊന്മാനെ കുറിച്ച് സായ് പറഞ്ഞത്.

സൊസൈറ്റിയിൽ എപ്പോഴും നിലനിൽക്കുന്ന പരിപാടികൾ ഒക്കെ തന്നെയാണ് പൊന്മാനിൽ കാണിച്ചിരിക്കുന്നത്. സ്വർണ്ണം റിലേറ്റഡായി സൊസൈറ്റിയിൽ നമ്മൾ കാണുന്നതും കേൾക്കുന്നതുമായിട്ടുള്ള കൊടുക്കൽ വാങ്ങൽ തട്ടിപ്പ് പരിപാടി അല്ലെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ കല്യാണം, സ്വർണ്ണം, സ്ത്രീധനം ഇതൊക്കെയാണ് സിനിമയുടെ വിഷയം.
മലപ്പുറത്തുകാരനായതുകൊണ്ടാകണം കൊല്ലം, കുട്ടനാട് സൈഡിലുള്ള സ്വർണ്ണം കൊടുക്കലും വാങ്ങലുമായി ബന്ധപ്പെട്ടിട്ടുള്ള വേറെ കാര്യങ്ങൾ ഞങ്ങൾ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെല്ലാം പൊന്മാൻ സിനിമ കണ്ടപ്പോൾ ഒരു ഫ്രഷ് ഫീലിങ്ങാണ് തന്നത്. ബേസിലിന് ഗ്യാരണ്ടി നിലനിർത്താൻ പറ്റി. ബേസിലിന് എന്ന് മാത്രമല്ല കഥയിലെ ഒരു കഥാപാത്രത്തിനും എക്സ്ട്രാ ഓഡിനറിയായി ഒന്നും ചെയ്യാനില്ല. കഥയും പ്ലയിനാണ്.
പിന്നെ എവിടെയോ ഒരു ഡിഫറൻസുണ്ട്. അമ്പാനെ കാണിക്കുമ്പോഴെല്ലാം കലിപ്പാണ്. ആ ക്യാരക്ടർ അങ്ങനെയാണ്. ഇത്തരം റോളുകൾ മാറ്റിപിടിക്കുന്നതാകും നന്നാവുക. അളിയന്റെ കഥാപാത്രം ചെയ്ത ആനന്ദ് മന്മദന്റെ റോളിനാണ് കുറച്ച് ഡെപ്തുണ്ടായിരുന്നത്. ആ കഥാപാത്രം ഇഷ്ടമായി. അദ്ദേഹത്തിന് കുറച്ചൊക്കെ ചെയ്യാനുണ്ടായിരുന്നു. പിന്നെ വ്യത്യസ്തമായ കഥാപാത്രമെന്ന് പറയാൻ പറ്റില്ല.
ദീപിക്കിന് എടുത്ത് കാണിച്ച് ചെയ്യാനായും ഒന്നുമില്ല. ഒന്നും ഭയങ്കര സംഭവമെന്നൊന്നും പറയാൻ മാത്രമില്ല. ചെറിയ പടം നീറ്റായി എക്സിക്യൂട്ട് ചെയ്തു. അമ്പാൻ എഫക്ടൊന്നും എക്സ്പെക്ട് ചെയ്ത് സിനിമയ്ക്ക് കേറേണ്ടതില്ല. ഡീസന്റ് ആവറേജ് സിനിമ എന്നാണ് പൊന്മാനെന്ന് പറയാൻ പറ്റൂ എന്നായിരുന്നു സായ് പറഞ്ഞത്. വീഡിയോ വൈറലായതോടെ സായ് കൃഷ്ണയുടെ റിവ്യുവിനെ കുറിച്ച് നടൻ സജിൻ ഗോപു പ്രതികരിച്ചിരുന്നു.

ആര് എങ്ങനെ സിനിമയെ മോശമായി പറഞ്ഞാലും നല്ല സിനിമയാണെങ്കിൽ ആളുകൾ കാണും എന്നാണ് സജിൻ ഗോപു പറഞ്ഞത്. ചിലപ്പോൾ സിനിമ കണക്ടാകാത്തതുകൊണ്ട് കൂടിയാകും അങ്ങനെ പറഞ്ഞത്. ബാക്കിയുള്ള റിവ്യൂസൊക്കെ അത്യാവശ്യം പോസിറ്റീവാണ്. നല്ല സിനിമയാണെങ്കിൽ ആളുകൾ പോയി കാണും എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ സിനിമ കാണുന്നത് റിവ്യു കണ്ടിട്ടല്ല. അടുത്ത സുഹൃത്തുക്കളുടെ അടുത്ത് ജെനുവിനായി ചോദിക്കും.
അപ്പോൾ അവര് പറയും നല്ല പടമാണ്. അല്ലെങ്കിൽ ആവറേജാണ്. പോയി കാണാനൊന്നും ഇല്ല ഒടിടിയിൽ കണ്ടാൽ മതി എന്നൊക്കെ. തിയേറ്ററിൽ തന്നെ പോയി കാണേണ്ട പടമാണെന്ന് പറഞ്ഞാൽ അങ്ങനെ പോയി കാണും. അങ്ങനെ തന്നെയാണ് ജെനുവിൻ ഓഡിയൻസും നോക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ യുട്യൂബറുടെ കാര്യം പറഞ്ഞാൽ അവർക്ക് ചിലപ്പോൾ സിനിമ കണക്ടായിട്ടുണ്ടാവില്ല മലബാർ ഏരിയയാതുകൊണ്ട്.
പിന്നെ ഇങ്ങനത്തെ സിസ്റ്റം മനസിലാക്കാത്ത ആളായിരിക്കും. കൊല്ലത്തിന്റെ കൾച്ചർ അറിയാത്ത ആളുമായിരിക്കാം. ചിലപ്പോൾ സ്ത്രീധനം മേടിച്ചിട്ടാകും അവർ കല്യാണം കഴിച്ചത്. അതുകൊണ്ട് ചിലപ്പോൾ കൊണ്ടിട്ടുണ്ടാകും. ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളായിരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ കണക്ടായിട്ടുണ്ടാവില്ല. എനിക്ക് അതിൽ പ്രശ്നമൊന്നുമില്ല. ആര് എങ്ങനെ സിനിമയെ മോശമായി പറഞ്ഞാലും നല്ല സിനിമയാണെങ്കിൽ ആളുകൾ കാണും എന്നും സജിൻ പറയുന്നു.


Click it and Unblock the Notifications