കല്യാണത്തിന് ശേഷം ഒരു കട്ടില്‍ ഒരു മുറിയുമായിരുന്നു! പതിനായിരം രൂപ ബാങ്ക് ബാലന്‍സുള്ള അവസ്ഥ; പൂര്‍ണിമ
സീരിയലിലും പിന്നീട് സിനിമയിലുമൊക്കെ അഭിനയിച്ച് ശ്രദ്ധേയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയത്തില്‍ തിളങ്ങി വരുന്നതിനിടയിലാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരനുമായി പൂര്‍ണിമ പ്രണയത്തിലാവുന്നത്. അന്ന് ഇന്ദ്രജിത്ത് അഭിനേതാവ് ആയിട്ടില്ലെങ്കിലും താരപുത്രനെന്ന ഇമോജുണ്ടായിരുന്നു.
അമ്മ മല്ലിക സുകുമാരനൊപ്പം സീരിയല്‍ ലൊക്കേഷനില്‍ പോയപ്പോഴാണ് പൂര്‍ണിമയുമായി കണ്ടുമുട്ടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇഷ്ടത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കൂടിയാണ് ഇരുവരും.

വിവാഹവും പിന്നാലെ പ്രസവവുമൊക്കെ വന്നതോടെ സിനിമയില്‍ നിന്നും പൂര്‍ണമായിട്ടും വിട്ട് നില്‍ക്കുകയായിരുന്നു പൂര്‍ണിമ. ഇടയ്ക്ക് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയുടെ റോളില്‍ നടിയെത്തി. അതുപോലെ ബിസിനസിലും ചുവടുറപ്പിച്ചു. ഫാഷന്‍ ഡിസൈനിങ് ബ്യൂട്ടിക് തുടങ്ങിയ നടിയ്ക്ക് അതില്‍ നൂറ് ശതമാനം വിജയിക്കാനും സാധിച്ചിരുന്നു.
ഇടയ്ക്ക് അഭിനയത്തിലേക്ക് തന്നെ മടങ്ങിയെത്തിയ പൂര്‍ണിമ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍. അടുത്ത മാസം റിലീസിനൊരുങ്ങുകയാണ് ചിത്രം. ഇതിന് മുന്നോടിയായി റേഡിയോ മാംഗോയ്ക്ക് നല്‍കിയ പ്രൊമോഷന്‍ പരിപാടിയില്‍ തന്റെ വിവാഹത്തെ കുറിച്ചും നടി സംസാരിച്ചിരിക്കുകയാണ്.
'ഒരു കട്ടില്‍ ഒരു മുറി എന്ന അനുഭവം എന്റെ ജീവിതത്തില്‍ ഉണ്ടായത് കല്യാണത്തിന് ശേഷമാണ്. രണ്ട് മുറി ഉണ്ടായിരുന്നെങ്കിലും കട്ടില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ആ ഒരു കട്ടിലും മുറിയുമേ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളു. ആ സമയത്ത് ഞാനും ഇന്ദ്രനും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ റിലേറ്റീവ്‌സ് വന്നാലും ആ മുറിയും കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടതായി വന്നിരുന്നു.

കല്യാണം കഴിഞ്ഞതിന് ശേഷം ഞാനും ഇന്ദ്രനും മാറിയ സമയത്തെ കാര്യമാണിത്. അന്ന് ഒരു മുറി ഫര്‍ണിഷ് ചെയ്യാനുള്ള വരുമാനമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളു. ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസില്‍ ബാങ്കില്‍ പത്ത് പതിനായിരം രൂപയും കൊണ്ട് കല്യാണം കഴിച്ച് പോയവരാണ് ഞങ്ങള്‍. എല്ലാവര്‍ക്കും അങ്ങനൊക്കെ തന്നെയാണെന്ന് തോന്നുന്നു.
വളരെ ചെറിയ പ്രായത്തിലാണ് ഞങ്ങള്‍ കല്യാണം കഴിച്ചതെന്ന് പറയുന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ ഒട്ടും സെറ്റില്‍ഡ് ആവുന്നതിന് മുന്‍പ് കല്യാണം കഴിയുന്നവരുടെ അവസ്ഥ ഇതുപോലെയായിരിക്കും. അതിനകത്ത് ഭയങ്കര സൗന്ദര്യമുണ്ടെന്നും' പൂര്‍ണിമ പറയുന്നു.
ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഒരു കട്ടില്‍ ഒരു മുറി. റൊമാന്റിക് കോമഡി ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് രഘുനാഥ് പാലേരിയാണ് കഥയൊരുക്കിയത്. ഒക്ടോബര്‍ നാലിനാണ് സിനിമയുടെ റിലീസ്. പൂര്‍ണിമയ്‌ക്കൊപ്പം ഹക്കീം ഷാ, ശ്രുതി രാമചന്ദ്രന്‍ വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications