'വിവാഹശേഷം അവസരങ്ങൾ ഇല്ലാതായി, പ്രാർത്ഥനയ്ക്ക് വേണ്ടി സെലക്ട് ചെയ്യുമ്പോൾ തൃപ്തിയുണ്ടായിരുന്നില്ല'; പൂർണിമ!
ടെലിവിഷൻ അവതാരകയായി എത്തി മലയാളി ടെലിവിഷൻ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസിൽ ഇടം നേടിയ താരമാണ് പൂർണിമ മോഹൻ അഥവാ പൂർണിമ ഇന്ദ്രജിത്ത്. ഇതുവരെ ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് പൂർണിമ. സുകുമാരൻ കുടുംബത്തിലെ മരുമകളായശേഷം പൂർണിമയ്ക്ക് ലഭിക്കുന്ന സ്നേഹം ഇരട്ടിയായി. 1995 മുതൽ മലയാള സിനിമയുടെ ഭാഗമാണ് താരം. വല്യേട്ടൻ, വർണകാഴ്ചകൾ, ഡാനി, മേഘമൽഹാർ, ഉന്നതങ്ങളിൽ, നാറാണത്ത് തമ്പുരാൻ എന്നിവയാണ് പൂർണിമ അഭിനയിച്ച് ശ്രദ്ധനേടിയ മലയാള സിനിമകൾ.
ഇന്ദ്രജിത്ത് സുകുമാരനുമായുള്ള പ്രണയ വിവാഹത്തിനുശേഷം പൂർണിമ അഭിനയിച്ചിരുന്നില്ല. പിന്നീട് പതിനേഴ് വർഷത്തിന് ശേഷമാണ് പൂർണിമ അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു അവരുടെ തിരിച്ചുവരവ് കാത്തിരുന്നത്.

വൈറസ് എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്. അഭിനയത്തിൽ നിന്നും വിട്ട് നിന്നപ്പോഴും നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായിരുന്നു താരം. അവതാരക, വിധികർത്താവ് തുടങ്ങി വിവിധ റോളുകളിലാണ് പൂർണിമ ടെലിവിഷനിൽ തിളങ്ങിയിരുന്നത്. നടി, അവതാരക എന്നതിലുപരി ഇന്നൊരു സംരംഭക കൂടിയാണ് പൂർണിമ. പ്രാണ എന്ന പൂർണിമയുടെ ക്ലോത്തിങ് ബ്രാന്റ് എറണാകുളം പനമ്പിള്ളി നഗറിലാണ് താരം തുടങ്ങിയത്.
പ്രാണയിലൂടെ പൂർണിമ ഫാഷന്‍ വസ്ത്രങ്ങളുടെ വിസ്മയ കലവറയാണ് ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റികളുടെയെല്ലാം സ്വന്തം ബ്രാൻഡായി പ്രാണയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് മാറാൻ കഴിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക താരസുന്ദരിമാരും വസ്ത്രങ്ങൾ വാങ്ങുന്നതും ഡിസൈൻ ചെയ്യുന്നതും പൂർണിമയുടെ പ്രാണയിൽ നിന്നാണ്.
മഞ്ജു വാര്യർ അടക്കമുള്ളവർ പൂർണിമയുടെ സ്ഥിരം കസ്റ്റമറാണ്. കൂടാതെ ഓൺലൈൻ വഴിയും പ്രാണയുടെ ഡിസൈനുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ താൻ എങ്ങനെയാണ് പ്രാണ പോലൊരു സ്ഥാപനം തുടങ്ങാമെന്ന ഐഡിയയിലേക്ക് എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം അടക്കം പൂർണിമ വെളിപ്പെടുത്തിയത്. 'പതിനെട്ട് വർഷം മുമ്പ് ഞാൻ വിവാഹിതയായപ്പോൾ സിനിമയിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാതെയായി.'

'വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്ത സിനിമാക്കാരിൽ വന്നു. വിവാഹത്തോടെ സ്ത്രീകൾ അഭിനയം നിർത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന ചിന്തയായിരുന്നു സിനിമാമേഖലയിലുള്ളവർക്ക്. വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാൻ പേടിയായിരുന്നു. ബോൾഡ് സ്റ്റെപ്പ് എടുക്കാനും കഴിഞ്ഞില്ല. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ആ സ്റ്റേജ് ഞങ്ങൾ എഞ്ചോയ് ചെയ്യുകയുമായിരുന്നു.'
'കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ക്രീയേറ്റീവ് എനർജിയെ തൃപ്തിപ്പെടുത്തേണ്ട സ്ഥിതിയായി. കാരണം നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് ഞാൻ. പിന്നീട് ടെലിവിഷനിൽ ആക്ടീവായി. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാൻ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോൾ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാൻ ഇന്ദ്രൻ പറഞ്ഞു.'
'ഫാഷൻ ഡിസൈനിങ് പഠിക്കാൻ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല. മാത്രമല്ല എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കാൻ തുടങ്ങി. അതോടെ ഞാൻ റിയലൈസ് ചെയ്തു ഫാഷൻ ഡിസൈനിങിൽ എന്തെങ്കിലും ചെയ്യാമെന്ന്. മാത്രമല്ല പ്രാർത്ഥന പിറന്നശേഷം അവൾക്ക് വസ്ത്രം വാങ്ങാനായി പോയാൽ ഒന്നിലും എനിക്ക് തൃപിതിയുണ്ടാകുമായിരുന്നില്ല.'
'പറന്ന് നിൽക്കുന്ന ഒട്ടും കംഫർട്ട് അല്ലാത്ത ബട്ടർഫ്ലൈ വസ്ത്രങ്ങൾ ആയിരുന്നു ഏറെയും. അതോടെ ക്ലോത്തിങ് ലൈൻ തുടങ്ങണമെന്ന ചിന്തയായി. ഇന്ദ്രനും പിന്തുണച്ചു. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നുവെന്നാണ്', പൂർണിമ പറഞ്ഞത്.


Click it and Unblock the Notifications