വ്യക്തി വിരോധമില്ല..., ഐശ്വര്യയുമായി വേർപിരിഞ്ഞെങ്കിലും അമ്മായിയച്ഛനോടുള്ള സ്നേഹം എന്നും ധനുഷിന് ഒരുപോലെ!
ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജിനികാന്ത് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ ആഘോഷത്തിലാണ്. ഇന്ത്യൻ സിനിമയിലെ യുവതാരങ്ങൾ മുതൽ സീനിയർ താരങ്ങൾ വരെ രജിനികാന്തിന് ആശംസകളും പ്രാർത്ഥനകളും നേർന്ന് കുറിപ്പും ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 2023 രജിനികാന്തിന് ഏറെ സ്പെഷ്യലാണ്. ഒരു ഇടവേളയ്ക്ക് ശേഷം ജയിലർ സിനിമയിലൂടെ വലിയൊരു ബോക്സ് ഓഫീസ് വിജയം 2023ൽ രജിനികാന്തിന് നേടാൻ സാധിച്ചു.
ഈ വർഷം തിയേറ്ററുകളിൽ എത്തിയ സിനിമകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയതും ചർച്ച ചെയ്യപ്പെട്ടതുമായ സിനിമയാണ് ജയിലർ. രജിനികാന്തിന്റെ ദർബാറും അണ്ണാത്തെയുമെല്ലാം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയില്ലാതെയാണ് ജയിലർ കാണാൻ ആളുകൾ തിയേറ്ററിലേക്ക് എത്തിയത്. പക്ഷെ കാത്തിരുന്നത് വലിയൊരു മാസ് സിനിമയായിരുന്നു.

കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ജൂനിയർ എൻ.ടി.ആർ, ഖുശ്ബു, അശോക് സെൽവൻ, ശിവകാർത്തികേയൻ തുടങ്ങിയ താരങ്ങളെല്ലാം തലൈവർക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട രജിനികാന്ത് സാറിന് അനുഗ്രഹീതമായ ജന്മദിനം ആശംസിക്കുന്നു.
ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ദയയുടെയും വിനയത്തിന്റെയും യഥാർത്ഥ ആൾരൂപമെന്ന നിലയിൽ ആരോഗ്യകരവും സന്തോഷകരവുമായ നിരവധി വർഷങ്ങൾ ഇതാ വരാനിരിക്കുന്നു എന്നാണ് മോഹൻലാൽ രജിനികാന്തിന് പിറന്നാൾ ആശംസിച്ച് കുറിച്ചത്. മോഹൻലാലും രജിനിയുടെ ജയിലറിൽ ഗസ്റ്റ്റോൾ ചെയ്തിരുന്നു. ആശംസകൾ കൂമ്പാരമാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് നടൻ ധനുഷിന്റെ പിറന്നാൾ ആശംസയാണ്.
രജിനികാന്തിന്റെ മകൾ ഐശ്വര്യയുമായുള്ള വിവാഹബന്ധം കഴിഞ്ഞ വർഷമാണ് ധനുഷ് വേർപ്പെടുത്തിയത്. ഐശ്വര്യയുമായി വേർപ്പെട്ടപ്പോൾ രജിനി കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും സൗഹൃദവും ധനുഷ് അറുത്ത് മാറ്റിയിട്ടുണ്ടാകും എന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ ധനുഷ് രജിനികാന്തിന് പിറന്നാൾ ആശംസകളുമായി എത്തിയത് ആരാധകർക്കും സിനിമാപ്രേമികൾക്കും വലിയ സർപ്രൈസായി.
ജന്മദിനാശംസകൾ തലൈവ എന്നാണ് ധനുഷ് എക്സിൽ രജിനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്. താൻ ഒരു രജിനി ഫാനാണെന്ന് മുമ്പും പല വേദികളിലും ധനുഷ് പറഞ്ഞിട്ടുണ്ട്. വ്യക്തി വിരോധങ്ങൾ സൂക്ഷിക്കാതെ മുൻ അമ്മായിയച്ഛനെ ആശംസിക്കാൻ ധനുഷ് കാണിച്ച മനസിനെ ആരാധകരും പുകഴ്ത്തുന്നുണ്ട്. ഐശ്വര്യയുമായി വേർപിരിഞ്ഞശേഷം ധനുഷിന്റെ മക്കൾ താരത്തിനൊപ്പമാണ്.

ഇടയ്ക്ക് ഐശ്വര്യയ്ക്കൊപ്പവും യാത്രയും ലിംഗയും താമസിക്കാറുണ്ട്. നാല് പേരട്ടക്കുട്ടികളാണ് രണ്ട് പെൺമക്കളിലുമായി രജിനികാന്തിനുള്ളത്. രജിനിയുടെ വീടിനോട് ചേർന്ന് തന്നെയാണ് ധനുഷിന്റെ പുതിയ ആഢംബര വസതിയുള്ളതും. വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഐശ്വര്യ പങ്കെടുത്തിരുന്നു. എന്നാൽ വീട് പണിപൂർത്തിയായി പാല് കാച്ചൽ ആയപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു.
പതിനെട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഐശ്വര്യയും ധനുഷും അവസാനിപ്പിച്ചത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. ജ്ഞാനവേലിന്റെ സംവിധാനത്തിൽ തലൈവർ 170 എന്ന ചിത്രത്തിലാണ് രജിനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനവേലിന്റെ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 ചിത്രമാണ് അടുത്തതായി അദ്ദേഹം ചെയ്യാൻ ഒരുങ്ങുന്നത്.
രജിനികാന്തിന് വേണ്ടി വേറിട്ടൊരു കഥയാണ് ലോകേഷ് തയാറാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ലാൽ സലാം ആണ് ഇനി റിലീസിനെത്താനുള്ള രജിനികാന്തിന്റെ മറ്റൊരു സിനിമ. ഐശ്വരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് സിനിമ നിർമിച്ചത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്.
മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജിനി അവതരിപ്പിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ വൈ രാദാ വൈ എന്ന സിനിമയ്ക്കുശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാൽ സലാം.


Click it and Unblock the Notifications