ഞാനിത് പ്രതീക്ഷിച്ചതല്ല, എന്നും ആലോചിക്കും; നയൻതാരയ്ക്ക് പിന്നാലെ പ്രഭുദേവ; 51 വയസിൽ അച്ഛനായപ്പോൾ
പ്രഭുദേവയെന്ന് കേട്ടാൽ ആരാധകരുടെ മനസിൽ ആദ്യം വരുന്നത് ഇദ്ദേഹത്തിന്റെ ചടുലമായ നൃത്തച്ചുവടുകളാണ്. നിരവധി സിനിമകളിൽ പ്രഭുദേവ അഭിനയിച്ചിട്ടുണ്ട്. ഡാൻസ് കൊറിയോഗ്രാഫ്, സിനിമാ സംവിധാനം, നിർമാണം തുടങ്ങി പല മേഖലകളിൽ പ്രഭുദേവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിനൊപ്പം താരത്തിന്റെ വ്യക്തി ജീവിതം വലിയ തോതിൽ ഒരു കാലത്ത് ചർച്ചയായതാണ്. ഇന്ന് ഹിമാനി സിംഗിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പ്രഭുദേവ.
കഴിഞ്ഞ വർഷം ഇരുവർക്കും ഒരു മകളും ജനിച്ചു. ആദ്യ വിവാഹ ബന്ധത്തിൽ രണ്ട് ആൺമക്കൾ പ്രഭുദേവയ്ക്കുണ്ട്. റംലത്ത് എന്നായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. 2011 ൽ ഇവർ വേർപിരിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് പ്രഭുദേവ. മകൾ പിറന്ന ശേഷം തന്റെ ജീവിതം ഏറെ മാറിയെന്ന് പ്രഭുദേവ പറയുന്നു.

സിയ എന്നാണ് മകളുടെ പേര്. വെളിച്ചം, പ്രകാശം എന്നൊക്കെയാണ് അർത്ഥം. എനിക്കൊരു പെൺകുഞ്ഞ് പിറന്നത് വിശ്വസിക്കാനാകുന്നില്ല. ദിവസവും ആലോചിക്കും. എന്റെ വീട്ടിൽ എല്ലാം ആൺകുട്ടികളാണ്. എന്റെ പ്രായം 51 ഉം. ആലോചിച്ച് നോക്കൂ, കല്യാണം കഴിഞ്ഞു. പിന്നീട് എല്ലാം പോയി. അതിന് ശേഷം നടന്നതെല്ലാം എല്ലാവർക്കും അറിയാം. പിന്നീട് വീണ്ടും വിവാഹം ചെയ്ത് അതിലൊരു കുഞ്ഞ് പിറന്നിരിക്കുന്നു. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നും ഞാൻ ആലോചിക്കും
ഒഴുക്കിനനുസരിച്ച് പോകുന്നു. എന്തൊക്കെയോ നടക്കുന്നുണ്ട്. 50 വയസിന് ശേഷമാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. ഞാൻ ജീവിതത്തിൽ സങ്കൽപ്പിച്ചത് പോലുമല്ല ഇത്. എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഇന്നും അത്ഭുതപ്പെടുന്നുണ്ട്. എനിക്ക് 65 വയസാകുമ്പോൾ അവൾക്ക് 15 വയസേ ഉണ്ടാവൂ. മകൾ പിറന്ന ശേഷം തനിക്ക് 25 വയസുകാരനെ പോലെ തോന്നുന്നു. തന്റെ രണ്ട് ആൺമക്കളെക്കുറിച്ചും പ്രഭുദേവ സംസാരിച്ചു. മക്കളുമായി വളരെ ക്ലോസ് ആണ് താനെന്ന് പ്രഭുദേവ പറയുന്നു.

നയൻതാരയുമായുണ്ടായ പ്രണയ ബന്ധത്തിനിടെയാണ് പ്രഭുദേവയുടെ ആദ്യ വിവാഹ ബന്ധം തകരുന്നത്. അന്ന് ഇത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡോക്യുമെന്ററിയിൽ ഇതേക്കുറിച്ച് നയൻതാര സംസാരിക്കുന്നുണ്ട്. പക്വതയില്ലാത്ത സമയത്തെടുത്ത തീരുമാനമായിരുന്നു അതെന്ന് നയൻതാര തുറന്ന് പറഞ്ഞു. ജീവിതത്തിൽ പിഴവുകൾ പറ്റും. അതിൽ കുഴപ്പമില്ലെന്നും നയൻതാര പറഞ്ഞു.
താൻ കരിയർ വിടാൻ ഒരു ഘട്ടത്തിൽ തീരുമാനിച്ചത് പ്രഭുദേവ കാരണമാണെന്ന് പേരെടുത്ത് പറയാതെ നയൻതാര പറയുന്നുണ്ട്. തനിക്ക് വേറെ ഓഫ്ഷനുണ്ടായിരുന്നില്ല, ഇനി അഭിനയിക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞെന്നാണ് നയൻതാര ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തിയത്. തകർന്ന് പോയ ആ നാളുകൾ കടന്ന് വന്ന് വിഘ്നേശ് ശിവനോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചും നയൻതാര സംസാരിക്കുന്നുണ്ട്.


Click it and Unblock the Notifications











