മുസ്ലിമായിരുന്നു, വിവാഹത്തോടെ മതം മാറി; പ്രഭുദേവയുമായി ഡിവോഴ്സും മകന്റെ മരണവും; റംലത്ത് പറയുന്നു
പ്രഭുദേവയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്. നയൻതാരയ്ക്കൊപ്പം ജീവിക്കാൻ പ്രഭുദേവ ആദ്യ ഭാര്യ റംലത്തിനെ ഡിവോഴ്സ് ചെയ്തു. ഏറെ വിഷമിച്ച നാളുകളായിരുന്നു റംലത്തിന് അത്. ഇരുവരുടെയും മൂന്ന് മക്കളിൽ മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചതാണ്. ഇതിന് ശേഷമാണ് പ്രഭുദേവ നയൻതാരയുമായി അടുത്തത്. അന്ന് നയൻതാരയ്ക്കും പ്രഭുദേവയ്ക്കുമെതിരെ റംലത്ത് പരസ്യമായി സംസാരിക്കുക പോലുമുണ്ടായി.
കുറച്ച് വർഷങ്ങൾക്കുള്ളിൽ നയൻതാര പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പ്രഭുദേവയുമായി വേർപിരിഞ്ഞ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് റംലത്തിപ്പോൾ. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് റംലത്ത് അനുഭവങ്ങൾ പങ്കുവെച്ചത്.
പിരിയുമ്പോൾ മക്കൾ എന്റെ കൂടെ വേണമെന്നാണ് ഞാൻ തീരുമാനിച്ചത്. അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്. അവർക്ക് വേണ്ടതെല്ലാം അവരുടെ അച്ഛൻ ചെയ്ത് കൊടുക്കും.

ഞാൻ മക്കളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്യാറില്ല. രണ്ട് പേരും നന്നായി കുക്ക് ചെയ്യും. അടുക്കള അലങ്കോലമാക്കിയിടും. അത് ക്ലീൻ ചെയ്ത് വെക്കാൻ വഴക്ക് പറയും. മറ്റൊന്നിനും വഴക്ക് പറയാറില്ല. മക്കളെ ഫ്രണ്ട്ലിയായാണ് വളർത്തേണ്ടത്. അല്ലെങ്കിൽ എന്ത് ചെയ്താലും നമ്മളെ അടിക്കും അതുകൊണ്ട് ഇഷ്ടമുള്ളത് ചെയ്യാം എന്ന് മക്കൾ കരുതും. താനും മക്കളോട് തുറന്ന് സംസാരിക്കാറുണ്ടെന്ന് റംലത്ത് വ്യക്തമാക്കി.
മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചതിനെക്കുറിച്ചും റംലത്ത് സംസാരിച്ചു. അത് ഉൾക്കൊള്ളുക ബുദ്ധിമുട്ടാണ്. ചില സമയത്ത് എനിക്ക് ആരോടും സംസാരിക്കാൻ തോന്നില്ല. നിശബ്ദയായി മുറിക്കുള്ളിൽ ഇരിക്കും. ആ സമയം വളരെ സ്ട്രഗിൾ ആയിരുന്നു. മക്കളോട് നേരിട്ട് ഞാനിത് പറഞ്ഞിട്ടില്ല. അവർ വളർന്ന് ഫോട്ടോ കണ്ട് മനസിലാക്കി. അവർ വളരെ ചെറിയ കുട്ടികളായിരുന്നു. വളർന്ന ശേഷം മനസിലാക്കി. അവൻ ഇല്ലെന്ന് കരുതി കരഞ്ഞ് കൊണ്ടിരുന്നാൽ മറ്റ് രണ്ട് മക്കളെയും എനിക്ക് നന്നായി വളർത്താൻ പറ്റില്ല. അതിനാൽ താൻ മാറുകയായിരുന്നെന്നും റംലത്ത് പറയുന്നു.

ഡിവോഴ്സിന് ശേഷം വളരെ സ്ട്രോങ് ആയിരിക്കണം. അല്ലെങ്കിൽ ഒന്നും അഭിമുഖീകരിക്കാൻ പറ്റില്ല. ചില ചോദ്യങ്ങൾ ആളുകൾ ചോദിക്കും. അപ്പോൾ തീർച്ചയായും ധെെര്യം വേണം. ഡിവോഴ്സ് ആയോ എന്ന് തന്നെ ചോദിക്കാൻ പാടില്ല. അത് അവരുടെ സ്വകാര്യ കാര്യമാണ്. ലൗ മാര്യേജ് അണെങ്കിലും ഡിവോഴ്സിന് ശേഷം എല്ലാ സ്നേഹവും മക്കൾക്ക് നൽകുന്നു. അദ്ദേഹത്തോടുള്ള ദേഷ്യം മക്കളോട് കാണിച്ചിട്ടില്ലെന്നും റംലത്ത് വ്യക്തമാക്കി.
മുസ്ലിം മതസ്ഥയായിരുന്ന ഞാൻ വിവാഹത്തിന് ശേഷമാണ് മതം മാറുന്നത്. ഇപ്പോഴും ഹിന്ദു മതവിശ്വാസമാണ് താൻ പിന്തുടരുന്നെന്നും റംലത്ത് പറയുന്നുണ്ട്. മൂത്ത മകന്റെ ഒരുപാട് ഫോട്ടോകളുണ്ടായിരുന്നു. അവൻ മരിച്ച ശേഷം മറ്റ് രണ്ട് മക്കളുടെ ഫോട്ടോ എടുക്കാതായി. ഫോട്ടോ എടുക്കരുതെന്ന തോന്നൽ തനിക്ക് വന്നെന്നും റംലത്ത് പറയുന്നു. ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ് പ്രഭുദേവ. ഹിമാനി സിംഗ് എന്നാണ് ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുണ്ട്. പ്രഭുദേവയും നയൻതാരയും പിരിയാൻ കാരണമെന്തെന്ന് വ്യക്തമല്ല. സംവിധായകൻ വിഘ്നേശ് ശിവനൊപ്പം വിവാഹ ജീവിതം നയിക്കുകയാണ് നയൻതാരയിന്ന്. പ്രഭുദേവയ്ക്കൊപ്പം . വിവാഹ ജീവിതം നയിക്കാൻ സിനിമാ കരിയർ വരെ ഉപേക്ഷിക്കാൻ നയൻതാര തയ്യാറായതാണ്.


Click it and Unblock the Notifications











