പ്രണവ് മോഹന്‍ലാലിന് ഇങ്ങനെയാവാനേ കഴിയൂ! ദുല്‍ഖറിനും ഗോകുലിനും അപ്പുവിനെ ഏറെയിഷ്ടമാണ്!
മോഹന്‍ലാലിന്റെ പാത പിന്തുടര്‍ന്നാണ് മൂത്ത മകനായ പ്രണവും സിനിമയിലേക്ക് എത്തിയത്. കുട്ടിക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചപ്പോള്‍ മുതല്‍ പ്രിയദര്‍ശന്‍ താരപുത്രന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് പ്രവചിച്ചിരുന്നു. പില്‍ക്കാലത്ത് അത് അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 30ാം പിറന്നാളാഘോഷിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. ജൂലൈ 13നായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അപ്പുവിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലാണ് താരപുത്രന്‍ അഭിനയിച്ചിരുന്നത്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമായ മോഹന്‍ലാലിന്റെ മകന്‍ എന്ന പ്രിവിലേജ് അദ്ദേഹം എവിടേയും ഉപയോഗിച്ചിരുന്നില്ല. സഹസംവിധായകനായും അഭിനേതാവുമായപ്പോള്‍ ആ സൈ ഉപയോഗിച്ച് യാത്രകള്‍ ചെയ്യുമെന്നും അതിനുള്ള കാശ് മാത്രമേ വേണ്ടെന്നുമുള്ള നിലപാടിലുമായിരുന്നു താരപുത്രന്‍. പ്രണവിന്റെ ജീവിതശൈലിയെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമൊക്കെയാണ് ആരാധകര്‍ വാചാലരായിക്കൊണ്ടിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പു
പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അപ്പു ക്യാമറയെ ആദ്യമായി അഭിമുഖീകരിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും താരപുത്രനെ തേടിയെത്തിയിരുന്നു. ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് പ്രണവായിരുന്നു. ബാലതാരമായി മികച്ച പ്രകടനം പുറത്തെടുത്ത പ്രണവ് എന്നാണ് നായകനായി അരങ്ങേറുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ജീത്തു ജോസഫിനായിരുന്നു അപ്പുവിനെ നായകനാക്കാനുള്ള ഭാഗ്യം ലഭിച്ചത്. ആദിയിലൂടെയായിരുന്നു അത് സംഭവിച്ചത്.

ശങ്കരാടിക്ക് ഗുരുദക്ഷിണ
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയപ്രതിഭകളിലൊരാളായ ശങ്കരാടിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയായിരുന്നു പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച് തുടങ്ങിയത്. ഉയരങ്ങളിലേക്ക് വളര്‍ന്ന് അച്ഛനേക്കാള്‍ കേമനാവട്ടെയെന്നായിരുന്നു അന്ന് അദ്ദേഹം കുഞ്ഞുതാരത്തെ അനുഗ്രഹിച്ച് പറഞ്ഞത്. ബാലതാരത്തില്‍ നിന്നും നായകനിലേക്ക് വളര്‍ന്നുവെങ്കിലും തനിക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം സിനിമയെന്ന നിലപാടിലായിരുന്നു പ്രണവ്. മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി അവസരങ്ങളായിരുന്നു പ്രണവ് വേണ്ടെന്ന് വെച്ചത്.

മോഹന്‍ലാല്‍ പരിചയപ്പെടുത്തി
മോഹന്‍ലാലായിരുന്നു മകനെ നായകനാക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. സിനിമയുടെ ലൊക്കേഷനിലും മറ്റ് കാര്യങ്ങളിലുമെല്ലാം അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ആദിയില്‍ അതിഥി താരമായി അദ്ദേഹം എത്തുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ എന്ന അഭിനേതാവിന് മുന്നില്‍ നാണത്തോടെ നില്‍ക്കുന്ന ആദിയായാണ് പ്രണവ് എത്തിയത്. സിനിമ സ്വീകരിക്കുന്ന കാര്യങ്ങളിലായാലും മറ്റ് വിഷയങ്ങളിലായാലും മോഹന്‍ലാലിന്റെ സ്വാധീനം പ്രണവില്‍ പ്രകടമായിരുന്നു.
Recommended Video

ആഡംബര ജീവിതത്തോട് ഭ്രമമില്ല
താരപുത്രനെന്ന നിലയില്‍ എല്ലാവിധ ആഡംബരങ്ങളും ലഭ്യമാണെങ്കിലും അവയോടായിരുന്നില്ല പ്രണവിന് താല്‍പര്യമുണ്ടായിരുന്നത്. ലളിത ജീവിതമാണ് താനാഗ്രഹിക്കുന്നതെന്നായിരുന്നു പ്രണവ് പറഞ്ഞത്. സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാനോ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാനോ പോലും താല്‍പര്യമില്ലെന്നും പ്രണവ് പറഞ്ഞിരുന്നു. ആദ്യ സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ ഹിമാലയന്‍ യാത്രയിലായിരുന്നു താരപുത്രന്‍.

താനും അയാളെപ്പോലെ
കൈയ്യിലൊരു ബാഗുമായി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടമാണ് പ്രണവിന്. മകന്റെ യാത്രാപ്രേമത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയതിനാല്‍ മോഹന്‍ലാല്‍ നിബന്ധനകളൊന്നും വെച്ചിട്ടുമില്ല. അവന്റെ പ്രായത്തില്‍ താനും ആഗ്രഹിച്ചിരുന്നത് ഇത് പോലെയുള്ള കാര്യങ്ങളാണെന്നും തനിക്ക് അതിന് കഴിഞ്ഞില്ലെന്നുമായിരുന്നു താരം പറഞ്ഞത്. അവന്‍ സിനിമയിലെത്തി എന്നത് തന്നെ വലിയ കാര്യമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദുല്‍ഖറും ഗോകുല്‍ സുരേഷും
ദുല്‍ഖര്‍ സല്‍മാനുമായി അടുത്ത സൗഹൃദമുണ്ട് പ്രണവ് മോഹന്‍ലാലിന്. കുട്ടിക്കാലം മുതലേ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു, ഷൂട്ടിംഗ് ലൊക്കേഷനുകളിലും അമ്മയുടെ വാര്‍ഷിക യോഗത്തിലുമൊക്കെ കുടുംബസമേതമായാണ് മോഹന്‍ലാല്‍ പങ്കെടുത്തിരുന്നത്. ചാലുവും അപ്പുവും ഒരുമിച്ചുള്ള ഫോട്ടോ അടുത്തിടെയും വൈറലായി മാറിയിരുന്നു. ഗോകുല്‍ സുരേഷുമായും അടുത്ത സൗഹൃദമുണ്ട് പ്രണവിന്. പ്രണവ് ചേട്ടന് ആശംസ നേര്‍ന്ന് ഗോകുലും എത്തിയിരുന്നു.


Click it and Unblock the Notifications