'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
അച്ഛൻ ഇന്ത്യൻ സിനിമ കണ്ട മഹാനടനായിട്ടും പ്രണവിന് ഇപ്പോഴും സിംപിൾ ലൈഫ് നയിക്കാനാണ് താൽപര്യം. അതുകൊണ്ട് തന്നെയാണ് താരരാജാവിന്റെ മകനായിരുന്നിട്ടും പ്രണവ് നയിക്കുന്ന ലാളിത്യം നിറഞ്ഞ ജീവിതത്തോട് മലയാളികൾക്ക് ആരാധന തോന്നുന്നത്. കല സിരകളിൽ ഉള്ളതിനാൽ കുട്ടിക്കാലം മുതൽ പ്രണവ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. പുനർജനിയിലും ഒന്നാമനിലുമാണ് ബാലതാരമായി പ്രണവ് അഭിനയിച്ചത്.
പുനർജനിയിലെ പ്രകടനത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പ്രണവിന് ലഭിച്ചു. ശേഷം പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച പ്രണവ് വർഷങ്ങൾക്കുശേഷം സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ കാമിയോ റോളിലെത്തി. അഭിനയം, സെലിബ്രിറ്റി ലൈഫ്, പ്രമോഷൻ, കോടി കിലുക്കമുള്ള ക്ലബ്ബുകൾ ഒന്നും പ്രണവിന് അന്നും ഇന്നും ഭ്രമിപ്പിച്ചിട്ടില്ല.

യാത്രകൾക്കും മറ്റും പണം ആവശ്യമായി വരുമ്പോൾ ഏതെങ്കിലും മലയാള സിനിയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കും. ശേഷം മാസങ്ങളോളം നീണ്ട യാത്രകൾ പോകും. ലൈഫ് ഓഫ് ജോസൂട്ടിയിൽ അസിസ്റ്റന്റായി പ്രണവ് പ്രവർത്തിച്ചത് പണത്തിന് ആവശ്യം വന്നപ്പോഴായിരുന്നുവെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ദുൽഖർ അടക്കമുള്ളവർ മലയാള സിനിമ അടക്കി വാഴുന്നത് കാണുമ്പോൾ പ്രണവും നായകനായി റീ എൻട്രി നടത്തിയിരുന്നെങ്കിലെന്ന് സിനിമാപ്രേമികൾ ആഗ്രഹിച്ചിരുന്നപ്പോഴാണ് ജീത്തു ജോസഫിന്റെ ആദിയിൽ ടൈറ്റിൽ റോളിൽ പ്രണവ് എത്തുന്നത്. സിനിമയ്ക്കും പ്രണവിനും വലിയ സ്വീകാര്യത ലഭിച്ചു. ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ഗോപി സിനിമയിലും നായകനായി പ്രണവ്.
ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ സിനിമകളിലും പ്രണവ് അഭിനയിച്ചു. ഹൃദയം 2022ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രണവിന്റെ പ്രതിഫലത്തെ കുറിച്ചൊന്നും ആളുകൾ ചർച്ച ചെയ്തിരുന്നില്ല. എന്നാൽ വർഷങ്ങൾക്കുശേഷം റിലീസായശേഷം പ്രണവിന്റെ പ്രതിഫലം ചർച്ചയാവുകയാണ്.
സിനിമ ഒരു വരുമാന മാർഗമായി കാണാത്ത പ്രണവ് മോഹൻലാൽ ജീത്തു ജോസഫ് സിനിമയിൽ അഭിനയിച്ചപ്പോൾ പ്രതിഫലമായി വെറും ഒരു രൂപ മാത്രമേ കൈപ്പറ്റയുള്ളൂ എന്നായിരുന്നു ആ റിപ്പോർട്ട്. എന്നാൽ പുറത്തുവരുന്ന പുതിയ വിവരം അനുസരിച്ച് അതിൽ മാറ്റം വന്നിരിക്കുന്നു. ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (നൽകുന്ന വിവരം അനുസരിച്ച് പ്രണവ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് രണ്ട് മുതൽ മൂന്ന് കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ പ്രതിഫലത്തിനടുത്താണ് പ്രണവിന്റെ പ്രതിഫല തുക രേഖപ്പെടുത്തിയിട്ടുളളത്. വർഷങ്ങൾക്കുശേഷം സിനിമയുടെ പ്രമോഷനോ മറ്റ് പരിപാടികൾക്കോ പ്രണവ് എത്തിയിരുന്നില്ല. സിനിമ പൂർത്തിയാക്കി പ്രണവ് തന്റെ പതിവ് യാത്രകളുമായി തിരക്കിലാണ്.
അടുത്തിടെ ഊട്ടിയിൽ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വഴിയോരത്തെ ചായക്കടയുടെ അരികിൽ നിന്നും ഒരുപറ്റം വ്ളോഗർമാരാണ് പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. സ്വന്തം ഇൻസ്റ്റഗ്രാം പേജിലും യാത്രാ ചിത്രങ്ങളാണ് പ്രണവ് കൂടുതലും പങ്കിടാറുള്ളത്.


Click it and Unblock the Notifications