വാറ്റ് ചാരായത്തിൽ നിന്നും സാനിറ്റൈസർ, കരിക്ക് താരത്തിന് ഗുലുമാലിന്റെ ഉഗ്രൻ പണി
ലോക്ക് ഡൗണിലും രസകരമായ ഗുലുമാൽ പ്രാങ്ക് വീഡിയോകളുമായി അനൂപ് പന്തളം പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. നേരിട്ട് പണി കൊടുക്കാറുള്ള അനൂപ് ലോക്ക് ഡൗൺ പ്രമാണിച്ച് ചുവട് ഒന്ന് മാറ്റി പിടിച്ചിരിക്കുകയാണ്. ഫോണിലുടെയാണ് പ്രാങ്ക് നൽകുന്നത്. ഇത്തവണ അനൂപിന്റെ ഗുലുമാൽ ഇരയായിരിക്കുന്നത് മോഡലും നടിയുമായ വിദ്യ വിജയകുമാറാണ്. കരിക്കിലൂടെ വിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്.
വിദ്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ആഹാ.. ചിത്രത്തിന്റെ സംവിധായകൻ ബിബിൻ പോൾ സാമുവലാണ് ഗുലുമാലിലൂടെ വിദ്യയ്ക്ക് പണി നൽകിയിരിക്കുന്നത്. നടിയുടെ സുഹൃത്താണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു സാനിറ്റൈസറിന്റെ പരസ്യ സംവിധായകൻ പ്രഭൂസ് കുമാർ എന്ന പേരിലാണ് അനൂപ് വിദ്യയെ വിളിക്കുന്നത്. പിന്നീട് നടന്നത് ഏറെ രസകരമായ സംഭവങ്ങളായിരുന്നു.

സംവിധായകൻ ബിബിൻ പോൾ സാമുവൽ പറഞ്ഞിട്ട് വിളിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇവരുടെ സംഭാഷണം ആരംഭിച്ചത്. ആയുർവേദ സാനിറ്റൈസറിന്റെ പരസ്യമാണെന്ന് പറഞ്ഞെങ്കിലും പിന്നീടാണ് വിദ്യയ്ക്ക് മനസ്സിലായത് ഇത് വാറ്റ് ചാരായമാണ് ഉദ്യേശിക്കുന്നതെന്ന്. ആദ്യം മുതൽ തന്നെ അനൂപിന്റെ സംസാരം ഉൾക്കൊള്ളാൻ വിദ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. താങ്കൾക്ക് എന്ത് റോളാണ് ഇതിൽ എന്ന് ചോദിക്കുമ്പോൾ, താൻ ശർക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിൻ കോഴിപ്പിള്ളി ദാസൻ ആണെന്നും അനൂപ് പറഞ്ഞു.

എന്നാൽ തനിയ്ക്ക് ഇതിന് താൽപര്യമില്ലെന്നും പരസ്യത്തിനായി മറ്റൊരാളിനെ കണ്ടെത്താൻ വിദ്യ പറഞ്ഞു. പലവിധത്തിൽ ഒഴിവാക്കാൻ നോക്കിയിട്ടും പിടി വിടാൻ അനൂപ് തയ്യാറായില്ല. സൗത്തിന്ത്യൻ സൗന്ദര്യ മത്സരത്തിനെ കുറിച്ചും കരിക്കിനെ കുറിച്ചുമൊക്കെ സംസാരത്തിന്റെ പലയിടങ്ങളിലും അനൂപ് പറയുന്നുണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ അറ്റ കൈ പ്രയോഗം പോലെ തന്റെ പ്രതിഫലത്തെ കുറിച്ച് വിദ്യ അനൂപിനോട് പറയുന്നു. നമുക്ക് വാറ്റുന്നതിന് ഡെയ്‌ലി 600 രൂപ ശമ്പളം. നൈറ്റ് കൂടെ നിൽക്കുവാണെങ്കിൽ 1200 രൂപ തരും... എന്നായിരുന്നു അനൂപിന്റെ മറുപടി . എന്നാൽ ദേഷ്യം വന്ന വിദ്യ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ പോലീസിന ഒന്നും വിളിക്കരുത് തന്റെ പേരിൽ മൂന്ന് വാറ്റ് കേസുകളുണ്ടെന്നായിരുന്നു അനൂപിന്റെ മറുപടി. ദേഷ്യം വരുന്നെങ്കിലും അതിനെ കൺട്രോൾ ചെയ്തു കൊണ്ടായിരുന്നു ഫോണിന്റെ അവസാനം വരെ സംസാരിച്ചത്. എന്നാൽ ഇടയ്ക്ക് പല അവസരത്തിലും വിദ്യയുടെ കൈകളിൽ നിന്ന് കാര്യങ്ങൾ പോകുന്നുണ്ടായിരുന്നു. കൊറോണ ആയതു കൊണ്ട് വീടിന് പുറത്തു വരാൻ സാധിക്കില്ലെന്ന് പറയുമ്പോൾ വീടിന്റെ മുകളിൽ കൊണ്ട് വന്ന് രാത്രി വാറ്റിയാലോ എന്ന് ചോദിക്കുന്നു. തുടർന്ന് തനിയ്ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് നടി ഫോൺ കട്ട് ചെയ്യുകയായിരുന്നു.

ഫോൺ കട്ട് ചെയ്ത ശേഷം വിദ്യ നേരെ സംവിധായകൻ ബിബിൻ പോളിനെ വിളിക്കുകയായിരുന്നു. കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ തന്നെ അനൂപിന്റെ കോൾ വീണ്ടും എത്തുകയാണ്. എന്താ കട്ട് ആയി പോയത് എന്ന് പറഞ്ഞ് വീണ്ടും ഫോൺ സംഭാഷണം തുടങ്ങി. തനിയ്ക്ക് ഒന്നും സംസാരിക്കാൻ ഇല്ലെന്നും നിങ്ങൾ ബിബിൻ പോളിനോട് സംസാരിച്ചോളു എന്നായിരുന്നു വിദ്യയുടെ നിലപാട്. താൻ എന്ത് വിശ്വാസത്തിലാണ് അഭിനയിക്കാൻ വരുന്നതെന്ന് ചോദിച്ചപ്പോൾ. തന്നെ വിശ്വസിച്ചേളൂ , ജയിലിലെ കാര്യങ്ങൾ എല്ലാം കൃത്യമായി പറഞ്ഞു താരം എന്നായിരുന്നു അനൂപിന്റെ മറുപടി.

തനിയ്ക്ക് തങ്ങളുടെ പരസ്യത്തിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് വിദ്യ സ്വരം കടുപ്പിച്ചപ്പോൾ അനൂപ് തന്നെ സസ്പെൻസ് പൊട്ടിക്കുകയായിരുന്നു. നിങ്ങൾക്ക് എന്റെ പേര് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും താൻ ഗുലുമാലിൽ നിന്ന് അനൂപാണന്നും പറഞ്ഞ് രസകരമായി സസ്പെൻസ് പൊട്ടിക്കുകയായിരുന്നു. കൂട്ടുകാരിയേയും സംവിധായകന്റേയും പങ്ക് വളരെ കൃത്യമായി തന്നെ അനൂപ് വിദ്യയോടും പറഞ്ഞു. തുടർന്ന് സുഖാന്വേഷണം അന്വേഷിച്ചതിന് ശേഷമായിരുന്നു അനൂപ് ഫോൺ കട്ട് ചെയ്തത്.രസകരമായ ഈ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു


Click it and Unblock the Notifications