ജൂനിയർ ആർട്ടിസ്റ്റുകളായ പെൺകുട്ടികൾ ജയസൂര്യക്ക് ചുറ്റും, കുഞ്ചാക്കോ ബോബൻ വന്നപ്പോൾ നടൻ പറഞ്ഞത്: പ്രശാന്ത്
സിനിമാ മോഹമുള്ളവർക്ക് വലിയ പ്രചോദനമാണ് നടൻ ജയസൂര്യയുടെ കരിയർ ഗ്രാഫ്. കരിയറിൽ ഓരോ ഘട്ടത്തിലും അഭിനേതാവെന്ന നിലയിൽ സ്വയം പുതുക്കി ജയസൂര്യ മുന്നോട്ട് പോയി. സഹനടനായും നായകനായും വില്ലനായുമെല്ലാം ജയസൂര്യ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. അടുത്ത കാലത്തൊന്നും ഹിറ്റുകളില്ലെങ്കിലും കത്തനാർ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് ജയസൂര്യ നടത്തുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.
അവസരങ്ങൾ തേടി നടന്ന ഒരു കാലം ജയസൂര്യക്കുണ്ട്. ഒരുപാട് പ്രയത്നിച്ചാണ് നടൻ ഇന്നത്തെ നിലയിലേക്ക് വന്നത്. സിനിമാ രംഗത്ത് ഒന്നുമല്ലാതിരുന്ന കാലത്ത് ജയസൂര്യക്കൊപ്പമുണ്ടായിരുന്ന സുഹൃത്താണ് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം. ജയസൂര്യക്കൊപ്പം രസകരമായ പല അനുഭവങ്ങളും പ്രശാന്ത് കാഞ്ഞിരമറ്റത്തിനുണ്ട്. ഒരിക്കൽ നടൻ പങ്കുവെച്ച സംഭവമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജയൻ 24 മണിക്കൂറിൽ 25 മണിക്കൂറും സിനിമയെക്കുറിച്ചാണ് സംസാരം. ഞങ്ങൾ ക്ലബ് ചെയ്യുമ്പോൾ തമാശകളും പ്രതീക്ഷകളും ഒരുപാട് പങ്കുവെക്കുമായിരുന്നു. സഹയാത്രികയ്ക്ക് സ്നേഹപൂർവം എന്ന സിനിമയുടെ ഷൂട്ടിംഗ് കുസാറ്റിൽ നടക്കുന്നു. ഞാനും ജയനും അവിടെ നിൽക്കുന്നു. അവിടെ ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിക്കാൻ വന്ന കുറേ പെൺകുട്ടികൾ ഞങ്ങൾക്ക് ചുറ്റുമുണ്ട്. കാരണം ഞങ്ങൾ മിമിക്രി പറയും. പാട്ട് പാടും. നടൻമാരെ കാണിക്കും. ഞങ്ങളുടെ ചുറ്റിലുമാണ് പെൺപിള്ളേർ നിറച്ച്. എല്ലാവരുടെ മുന്നിലും ഞങ്ങൾ ഭയങ്കര സ്റ്റാറാണ്. ഞാൻ ജയനെ കളിയാക്കുന്നു. ജയൻ എന്നെ കളിയാക്കുന്നു.
അപ്പോഴാണ് ഒരു കാറിൽ കുഞ്ചാക്കോ ബോബൻ വന്നിറങ്ങുന്നത്. ഇവിടെ നിന്ന മുഴുവൻ പെൺകുട്ടികളും അങ്ങോട്ട് പോയി. അപ്പോൾ ജയൻ ശ്ശെടാ അവൻ വന്നപ്പോൾ കണ്ടോ നമ്മുടെ ചാൻസ് പോയി എന്ന് പറഞ്ഞു. ഇതൊക്കെ മാറുമെടാ കുഞ്ചാക്കോ ബോബൻ നിൽക്കുമ്പോൾ നീ വരുമ്പോൾ നിന്റെയടുത്തേക്ക് പെണ്ണുങ്ങൾ വരുന്ന കാലം വരും എന്ന് ഞാൻ വെറുതെ പറഞ്ഞു. ഇന്ന് അത് പോലെയൊക്കെ സംഭവിച്ചില്ലേയെന്ന് ജയസൂര്യയുടെ ഉയർച്ച ചൂണ്ടിക്കാട്ടി പ്രശാന്ത് കാഞ്ഞിരമറ്റം അന്ന് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ജയസൂര്യയെക്കുറിച്ച് വന്ന ലെെംഗികാതിക്രമ പരാതിയെക്കുറിച്ച് പ്രശാന്ത് കാഞ്ഞിരമറ്റം സംസാരിച്ചിട്ടുണ്ട്. എനിക്ക് വേദന തോന്നി. നല്ല കലാകാരനാണ്. ആരെക്കുറിച്ചും എന്തും പറയാൻ പറ്റുന്ന സാഹചര്യത്തിലാണല്ലോ നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയാണ് ആരോപണം ഉന്നയിച്ചാൽ തെളിവുകളൊന്നും വേണ്ട. ഇയാൾ കുറ്റക്കാരനാകുകയാണ്. അങ്ങനെയാെക്കെ വരുന്നതിനോട് എനിക്ക് വിരോധമുണ്ട്. കാരണം ഒരു വലിയ കലാകാരന്റെ ഭാവി അതോടെ നശിക്കുന്നു. കുറേ നാൾ കഴിയുമ്പോൾ ഇതൊക്കെ തിരുത്തപ്പെടാം. എങ്കിൽ പോലും ഇതൊരു കരടായി അവശേഷിക്കുമെന്നും പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.
നടൻ ദിലീപിന്റെ കരിയറിൽ കേസ് ബാധിച്ചിട്ടുണ്ടെന്നും പ്രശാന്ത് കാഞ്ഞിരമറ്റം അന്ന് അഭിപ്രായപ്പെട്ടു. ദിലീപേട്ടൻ തെറ്റുകാരനാണോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. തെറ്റുകാരനല്ലെന്നും തെറ്റുകാരനാണെന്നും പറയുന്നവരുണ്ട്. പക്ഷ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. നല്ല സിനിമയുമായി വന്നാൽ പ്രേക്ഷകർ സ്വീകരിക്കും. പ്രായത്തിനൊത്ത പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നും പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.
സ്റ്റേജ് ഷോകളിലൂടെ തിളങ്ങിയ പ്രശാന്ത് കാഞ്ഞിരമറ്റം സിനിമകളിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്. മറുവശത്ത് ജയസൂര്യ കരിയറിലെ തിരക്കുകളിലാണ്. മൂന്ന് വർഷത്തോളമായി കത്തനാർ എന്ന സിനിമയുടെ തിരക്കുകളിലായിരുന്നു ജയസൂര്യ. ചിത്രീകരണം പൂർത്തിയായ കത്തനാർ ഈ വർഷം പ്രേക്ഷകരിലേക്കെത്തും. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്.


Click it and Unblock the Notifications











