ബഡായി ബംഗ്ലാവിലെ അമ്മായി ആള് നിസ്സാരക്കാരിയല്ല! വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പലരും പറഞ്ഞെന്ന് താരം!
ബഡായി ബംഗ്ലാവെന്ന പരിപാടി കണ്ടവര്‍ക്കെല്ലാം അമ്മായി എന്ന കഥാപാത്രത്തേയും അറിയാവുന്നതാണ്.മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാള്‍ കൂടിയാണ് അമ്മായി. പ്രസീത മേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയകരമായി മാറിയ പരിപാടിയുടെ രണ്ടാം ഭാഗവുമായെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അമ്മായിയുടെ വിവാഹത്തോടെയാണ് സീസണ്‍ 2 തുടങ്ങിയത്. ആദ്യഭാഗത്തിലെ ആ നിരാശ മാറിയിരിക്കുകയാണ് ഇപ്പോള്‍. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ പരിപാടിയില്‍ പിഷാരടിയുടേയും ആര്യയുടേയും അസാന്നിധ്യവും വലിയ ചര്‍ച്ചയായി മാറുന്നുണ്ട്. ഇവരില്ലാതെ പരിപാടി കാണില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
അമ്മായിയായിരുന്നു ആദ്യത്തെ എപ്പിസോഡില്‍ തിളങ്ങിയത്. കാര്യക്കാരനായ മുകേഷിന് പോലും തിളങ്ങനായില്ലെന്നത് ഖേദകരമാണ്. പൂജാരിയായെത്തിയ മനോജും അമ്മായിയുമായിരുന്നു ആദ്യഭാഗത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്ന് നല്‍കിയതെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു. അമ്മായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വയസ്സായവര്‍ പോലും തന്നെ അങ്ങനെയാണ് സംബോധന ചെയ്യാറുള്ളതെന്നും പ്രസീത മേനോന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

അമ്മായിയുടെ വരവ്
മണ്ടത്തരവും വിവരമില്ലായ്മയും ഭക്ഷണത്തോട് ആര്‍ത്തിയുമാണ് അമ്മായിക്ക്. ഓരോ തവണയും പുത്തന്‍ ആശയവുമായാണ് എത്തുന്നതെങ്കിലും അതെല്ലാം കുഴപ്പത്തില്‍ ചെന്നാണ് അവസാനിക്കാറുള്ളത്. അമ്മായിയുണ്ടാക്കുന്ന പ്രശ്‌നം തീര്‍ക്കാനായി പിഷാരടിയും ആര്യയും മുകേഷുമൊക്കെ ഇടപെടാറുമുണ്ട്. വിവാഹം നടക്കാത്തതിന്റെ നിരാശയും അമ്മായിയെ അലട്ടിയിരുന്നു. ആദ്യഭാഗത്തിലെ ആ നിരാശ ഇനിയില്ല. രണ്ടാം ഭാഗം തുടങ്ങിയത് തന്നെ ആ വിവാഹത്തോടെയാണ്. ഒയു നാരായണ്‍കുട്ടിയെന്ന വില്‍ഫ്രഡിനെയാണ് അമ്മായി ജീവിതസഖിയാക്കിയത്. ഗിറ്റാറിസ്റ്റായ വില്‍ഫ്രഡ് എല്ലാത്തിലുമൊരു താളം കണ്ടെത്തുന്നയാളാണ്. വിവാഹവേദിയിലെ ചാടിയുള്ള ഇരിപ്പ് ഇതിന് ഉദാഹരണമാണ്.

ക്രഡിറ്റ് നല്‍കുന്നത്?
അമ്മായി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രസീത മേനോന്‍ പറയുന്നു. ഈ കഥാപാത്രത്തെ തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിച്ച ഡയാന സില്‍വസ്റ്ററിനോടാണ് നന്ദി അറിയിക്കുന്നതെന്നും അവര്‍ പറയുന്നു. രണ്ടാം ഭാഗം വരുന്നതിന് മുന്നോടിയായി പങ്കുവെച്ച പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഒരുമണിക്കൂറിനുള്ളില്‍ 4 ലക്ഷം പേരായിരുന്നു വീഡിയോ കണ്ടത്. സിനിമാല മുതല്‍ത്തന്നെ ഡയാനയുമായി സൗഹൃദമുണ്ടെന്നും താരം പറയുന്നു.

രസകരമായ യാത്രയാണ്
രസകരമായൊരു യാത്രയാണ് അമ്മായിയുടേത്. ചില സമയത്ത് എക്‌സന്‍ട്രിക്കായാണ് അമ്മായി പെരുമാറാറുള്ളത്. പലവിധ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടാനും തനിക്ക് സാധിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ ശര്‍മ്മ എന്ന ഹിന്ദി പരിപാടിയുടെ ചുവട് പിടിച്ചാണ് ബഡായി ബംഗ്ലാവ് തുടങ്ങിയത്. അത് താന്‍ നേരത്തെ തന്നെ കണ്ടിരുന്നുവെന്നും തന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

അമ്മായിയെന്നാണ് വിളിക്കുന്നത്
കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെ കാണുന്നവരെല്ലാം തന്നെ അമ്മായി എന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു. പ്രായഭേദമന്യേ എല്ലാവരും കഥാപാത്രത്തിന്‍രെ പേരാണ് വിളിക്കുന്നത്. എയര്‍പോര്‍ട്ടിലും മറ്റുമായി പലരേയും കാണാറുണ്ട്. അമ്മായി എന്ന് വിളിച്ചാണ് അവരെല്ലാം അരികിലേക്കെത്തുന്നത്. അമ്മായിയുടെ രംഗങ്ങള്‍ കാണുമ്പോള്‍ ചിരി നിര്‍ത്താനാവാറില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

വിവാഹത്തിന് വിളിച്ചില്ല
ബഡായി ബംഗ്ലാവ് സീസണ്‍ 2 ന്റെ പ്രമോ വീഡിയോ കണ്ടതിന് പിന്നാലെയായി നിരവധി പേരാണ് തന്നെ വിളിച്ച് പരിഭവം പറഞ്ഞത്. വിവാഹത്തിന് ക്ഷണിക്കാത്തതിനെക്കുറിച്ചുള്ള പരാതിയായിരുന്നു അവര്‍ അറിയിച്ചത്. വിവാഹത്തിന് ക്ഷണം ലഭിച്ചില്ലെന്ന് അറിയിച്ച് പരാതിപ്പെട്ടവരില്‍ തന്റെ അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അഭിനേത്രിയെന്ന നിലയില്‍ ഇത് തന്റെ വിജയമാണെന്നാണ് വിശ്വസിക്കുന്നത്.

മകന്റെ പിന്തുണ
10ാം ക്ലാസിലാണ് മകന്‍ അര്‍ണവ്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് അവന്‍. അവന്‍ പരിപാടി കാണാറുണ്ട്. നിര്‍ദേശങ്ങളും നല്‍കാറുണ്ട്. അവന് ഈ പരിപാടി ഇഷ്ടമാണ്. പരീക്ഷയുടെ തിരക്കിലാണ് അവനിപ്പോള്‍. തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടുമ്പോഴൊക്കെ താന്‍ അവനെ സഹായിക്കാറുണ്ടെന്നും പ്രസീത പറയുന്നു. ബഡായി ബംഗ്ലാവിന് പുറമെ രണ്ട് സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications