'കുഞ്ചാക്കോ ബോബൻ സെറ്റിലെത്തിയതോടെ ചുറ്റും കൂടിയ സ്ത്രീകൾ പോയി; ജയസൂര്യ അന്ന് പറഞ്ഞത്'
നടൻ ജയസൂര്യക്ക് കരിയർ ഗ്രാഫിലുണ്ടായ വളർച്ച ഏവരും എടുത്ത് പറയാറുണ്ട്. സിനിമാ പശ്ചാത്തലമില്ലാത്ത ജയസൂര്യ നായക നിരയിലേക്ക് ഉയർന്ന് വരാൻ നടത്തിയ പരിശ്രമം ചെറുതല്ല. കോമഡി വഴങ്ങുന്ന നായക നടനായി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ ജയസൂര്യ പിന്നീട് കരിയറിൽ പല പരീക്ഷണങ്ങളും നടത്തി. വില്ലൻ വേഷങ്ങളിൽ തുടരെ ജയസൂര്യയെ കണ്ടാെരു കാലവും ഉണ്ടായിരുന്നു. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ ജയസൂര്യക്ക് കഴിഞ്ഞു.
ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകളിലൂടെ കരിയറിലെ മറ്റൊരു ട്രാക്കിലേക്ക് ജയസൂര്യ നീങ്ങി. ഇന്ന് എല്ലാ തരത്തിലുള്ള നായക വേഷവും നടൻ ചെയ്യാറുണ്ട്. ജയസൂര്യയെക്കുറിച്ച് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളായ ഇരുവരും കരിയറിലെ തുടക്കകാലത്ത് ജൂനിയർ ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചിട്ടുണ്ട്. ഒരിക്കൽ കുഞ്ചാക്കോ ബോബൻ സിനിമാ സെറ്റിൽ വന്നപ്പോൾ ജയസൂര്യ പറഞ്ഞ വാക്കുകളാണ് പ്രശാന്ത് കാഞ്ഞിരമറ്റം പങ്കുവെച്ചത്.

'ജയൻ 24 മണിക്കൂറിൽ 25 മണിക്കൂറും സിനിമയെക്കുറിച്ചാണ് സംസാരം. ഞങ്ങൾ ഒരുമിച്ച് കൂടുമ്പോൾ തമാശകളും പ്രതീക്ഷകളും ഒരുപാട് പങ്കുവെച്ചിട്ടുണ്ട്. സഹയാത്രികയ്ക്ക് സ്നേഹപൂർവം എന്ന സിനിമയുടെ ഷൂട്ട് കുസാറ്റിൽ നടക്കുന്നു. ഞാനും ജയനും പോയി. ജൂനിയർ ആർട്ടിസ്റ്റുകളായ കുറേ പെൺകുട്ടികൾ ഞങ്ങൾക്ക് ചുറ്റും കൂടി. കാരണം ഞങ്ങൾ മിമിക്രി കാണിക്കുകയും പാട്ട് പാടുകയും ചെയ്യും. ഞങ്ങൾ അവരുടെ ഇടയിൽ സ്റ്റാറായി നിൽക്കുമ്പോഴാണ് ഒരു കാറിൽ കുഞ്ചാക്കോ ബോബൻ വന്നിറങ്ങിയത്'
'ഇവിടെ നിന്ന് മുഴുവൻ പെണ്ണുങ്ങളും അങ്ങോട്ട് പോയി. ശെടാ, അവൻ വന്നപ്പോൾ കണ്ടോ, നമ്മുടെ ചാൻസ് പോയി എന്ന് ജയൻ പറഞ്ഞു. ഇതൊക്കെ മാറുമെടാ കുഞ്ചാക്കോ ബോബൻ നിൽക്കുമ്പോൾ നിന്റെയടുത്ത് പെണ്ണുങ്ങൾ വരുന്ന കാലം വരും എന്ന് ഞാനും. ഇന്ന് അത് പോലെയൊക്കെ സംഭവിച്ചില്ലേ,' പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

ജയസൂര്യ സിനിമയോട് കാണിച്ച ആത്മാർത്ഥതയെക്കുറിച്ചും പ്രശാന്ത് കാഞ്ഞിരമറ്റം സംസാരിക്കുന്നുണ്ട്. ജയസൂര്യ കഠിനാധ്വാനിയാണ്. ഒരു പ്രോഗ്രാം കഴിഞ്ഞ് വന്ന് കിടന്നുറങ്ങി പിറ്റേ ദിവസം വെളുപ്പാൻ കാലത്ത് ട്രെയ്ൻ കയറി ഒറ്റപ്പാലത്ത് പോയി ഷൂട്ടിംഗ് സെറ്റുകളിൽ അലയും. ഏത് സിനിമാക്കാരനെ കണ്ടാലും അവരോട് കാലിൽ വീണ് വരെ ചാൻസ് ചോദിക്കും. അദ്ദേഹം ചാൻസ് ചോദിക്കാത്ത ഒരാളും ഇന്ന് മലയാള സിനിമയിൽ ഇല്ല. ഇപ്പോഴും ചാൻസ് ചോദിക്കും. പക്ഷെ ചോദിക്കുന്ന രീതി മാറിയെന്നും പ്രശാന്ത് കാഞ്ഞിരമറ്റം വ്യക്തമാക്കി.
അടുത്തിടെ കർഷകർക്ക് വേണ്ടി സംസാരിക്കവെ സംസ്ഥാന സർക്കാരിനെതിരെ ജയസൂര്യ ഉന്നയിച്ച വിമർശനം ചർച്ചയായിരുന്നു. കൃഷി മന്ത്രിയുടെ മുന്നിൽ വെച്ചാണ് നടൻ തന്റെ വിമർശനം തുറന്നടിച്ചത്. ആറ് മാസം മുമ്പ് സപ്ലെെകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് ഇതുവരെ കിട്ടിയില്ലെന്ന് നടൻ ചൂണ്ടിക്കാട്ടി. സുഹൃത്തും കർഷകനുമായ കൃഷ്ണ പ്രസാദിന് ഉപവാസം ഇരിക്കേണ്ടി വന്നതിനെക്കുറിച്ചും ജയസൂര്യ സംസാരിച്ചു.
പരമാർശം വലിയ തോതിൽ ചർച്ചയായി. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. പറഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കുന്നെന്നും രാഷ്ട്രീയപരമായല്ല, കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചതെന്ന് ജയസൂര്യ പിന്നീട് വ്യക്തമാക്കി.


Click it and Unblock the Notifications