'എന്റെ ആത്മവിശ്വാസത്തിന്‍റെ ഒരു കാരണം പൃഥ്വിരാജാണ്, ഒരു ഗംഭീര നടനെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത്'; പ്രശാന്ത്!
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് നായകനായെത്തുന്ന സലാറിന്‍റെ റിലീസ് ട്രെയ്ലര് പുറത്തിറങ്ങിയത് കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയൊരു സാമ്രാജ്യത്തിന്‍റെയും അധികാരമോഹത്തിന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും കഥ പറയുന്ന ചിത്രത്തില്‍ വർദ്ധരാജ മാന്നാറായി എത്തുന്നത് പൃഥ്വിരാജാണ്.
ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ഡാര്‍ക്ക് സെന്റിക് തീമില്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് സലാര്‍ പാര്‍ട്ട് വണ്‍ ദി സീസ് ഫയര്‍ എന്ന പേരില്‍ ഇറങ്ങുന്നത്.

ഹോംബാലേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് സലാര്‍ നിര്‍മിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ സലാര്‍ മലയാളം. തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. വലിയ സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സലാർ മറ്റുള്ള ഭാഷക്കാർക്ക് പ്രശാന്ത് നീൽ സിനിമ, പ്രഭാസ് സിനിമ എന്നിങ്ങനെ ഒക്കെയാണ് സ്പെഷ്യലാകുന്നത്.
പക്ഷെ മലയാളികൾക്ക് പൃഥ്വിരാജ് പ്രഭാസിനൊപ്പം സുപ്രധാന വേഷം ചെയ്യുന്ന സിനിമ എന്ന പേരിലാണ് സലാർ സ്പെഷ്യലാകുന്നത്. സിനിമയിലെ പൃഥ്വിരാജിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നപ്പോൾ തന്നെ മലയാളികൾ ആവേശത്തിലായിരുന്നു. ട്രെയിലർ കൂടി എത്തിയതോടെ റിലീസിന് വേണ്ടി കാത്തിരിക്കാൻ വയ്യെന്നായി ആരാധകർക്ക്.
ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ പ്രശാന്ത് നീൽ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിൽ സലാർ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ്. എന്തുകൊണ്ട് ചിത്രത്തിലേക്ക് പൃഥ്വിരാജിനെ തെരഞ്ഞെടുത്തുവെന്നതിനെ കുറിച്ചും അഭിമുഖത്തിൽ പ്രശാന്ത് നീൽ വ്യക്തമാക്കി. 'വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തിനുവേണ്ടി ഒരു താരം എന്നതിനേക്കാള്‍ ഒരു ഗംഭീര നടനെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.'
'രണ്ട് ഉറ്റ ചങ്ങാതിമാര്‍ ശത്രുക്കളായി മാറുകയാണ് സിനിമയില്‍. ആ സ്നേഹവും വെറുപ്പും സ്ക്രീനിലേക്ക് എത്തിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ഈ കഥാപാത്രം ആര് ചെയ്യുമെന്ന് ഞങ്ങള്‍ ഏറെക്കാലം ചിന്തിച്ചു. ഒരുപാട് പേരുകളും മുന്നിലേക്കെത്തി. ഹിന്ദിയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ആലോചിച്ചിരുന്നു.'

'പക്ഷെ എന്‍റെ മനസില്‍ ആദ്യം മുതലെ വന്നുകൊണ്ടിരുന്നത് പൃഥ്വിരാജിന്‍റെ പേരായിരുന്നു. പക്ഷെ അതല്‍പ്പം കടന്ന സ്വപ്നമാണോയെന്നും ഞാന്‍ ആലോചിച്ചിരുന്നു. കുറേ സമയമെടുത്തായിരുന്നു അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍. തിരക്കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു തിരക്കഥ.'
'അദ്ദേഹം മലയാള സിനിമയിലെ ഒരു വലിയ താരമാണ്. ഈ സിനിമയില്‍ അദ്ദേഹം ഒരു രണ്ടാമനല്ല അതേസമയം അത് എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഒരുപാട് സീനുകളില്‍ നായകന്‍ ദേവയാണ് എല്ലാം ചെയ്യുന്നത്. പക്ഷെ ഈ തിരക്കഥ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. തിരക്കഥാവായന തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അദ്ദേഹം ഒരു സംവിധായകനെപ്പോലെയാണ് ചിന്തിക്കുന്നതെന്ന്.'
'പ്രഭാസ് സാറിന്‍റെ സീനുകളൊക്കെ അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു. ഇന്‍ട്രോ അടക്കം. ഗംഭീരമായാണ് പൃഥ്വി വരദരാജ മന്നാറെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസ് കഴിഞ്ഞാല്‍ ഈ സിനിമയുടെ കാര്യത്തില്‍ എനിക്ക് അത്രയും ആത്മവിശ്വാസമുള്ളതിന്‍റെ കാരണം പൃഥ്വിരാജാണ്.'
'നടന്‍ എന്നതിനൊപ്പം ഒരു പെര്‍ഫെക്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ ചില സജക്ഷന്‍സ് അത്രയും ബ്രില്യന്‍റ് ആയിരുന്നു. പ്രഭാസിന്‍റെയും പൃഥ്വിരാജിന്‍റെയും സിനിമയാണ് സലാര്‍. പൃഥ്വിരാജ് ഇല്ലാതെ സലാര്‍ ഇത്തരത്തില്‍ ചെയ്യാനാവുമായിരുന്നില്ലെന്നാണ്', പ്രശാന്ത് നീല്‍ പറഞ്ഞത്.


Click it and Unblock the Notifications