അച്ഛനെപ്പോലെ തന്നെ മകളും കലാരംഗത്ത്; പ്രതാപ് പോത്തന്റെ മകള്‍ കേയയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഃഖിച്ചിരിക്കുകയാണ് സിനിമാലോകം. ഇന്നലെ രാവിലെ ചെന്നൈയിലെ ഫ്‌ലാറ്റില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്‍ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു. നിവിന്‍ പോളി നായകനായ റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മടങ്ങി രണ്ട് ദിവസത്തിനകമായിരുന്നു അദ്ദേഹത്തിന്റെ മരണം.

തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി നേരിട്ടെത്തിയിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ നിറകണ്ണുകളുമായി നിന്ന പ്രതാപ് പോത്തന്റെ മകള്‍ കേയയുടെ ദുഃഖം കണ്ടു നില്‍ക്കാനാവാതെയായിരുന്നു പലരുടെയും മടക്കം. പ്രതാപ് പോത്തന്‍ രണ്ടാമതായി വിവാഹം ചെയ്ത അമല സത്യനാഥിന്റെ മകളാണ് കേയ.
31 കാരിയായ കേയയും അച്ഛനെപ്പോലെ തന്നെ കലാരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. സംഗീതമാണ് കേയയുടെ മേഖല. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കേയ നിരവധി ഗാനങ്ങള്‍ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി ഒരു ബാന്‍ഡും ഉണ്ട്. പ്രതാപ് പോത്തനോടൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ കേയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഭാര്യയുമായി വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ വേര്‍പിരിഞ്ഞെങ്കിലും മകള്‍ കേയയുമായി പ്രതാപ് പോത്തന്‍ നല്ല അടുപ്പത്തിലായിരുന്നു.

Recommended Video
പ്രതാപ് പോത്തന്റെ മരണശേഷം കേയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേയ മുന്‍പ് അച്ഛനോടൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രതാപ് പോത്തന്റെ അഭിമുഖങ്ങളിലോ അവാര്‍ഡ് ദാന ചടങ്ങുകളിലോ കേയയെ ആരാധകര്‍ കണ്ടിട്ടില്ല. ഇപ്പോള്‍ മരണശേഷമാണ് കേയയെക്കുറിച്ച് പലരും അറിയുന്നത് തന്നെ.


Click it and Unblock the Notifications











