നിർമാണത്തിലേക്ക് കടന്നപ്പോൾ പരാജയം; സിനിമാ ലോകവുമായി ബന്ധമില്ലാത്തതിന് കാരണം; പ്രതാപചന്ദ്രന്റെ കുടുംബം
വില്ലൻ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാളത്തിൽ സജീവമായിരുന്ന നടനാണ് അന്തരിച്ച പ്രതാപചന്ദ്രൻ. ഇരുപതാം നൂറ്റാണ്ട്, സംഘം, കോട്ടയം കുഞ്ഞച്ചൻ, സിബിഐ ഡയറിക്കുറുപ്പ്, കൂടിക്കാഴ്ച തുടങ്ങിയ സിനിമകളിൽ പ്രതാപചന്ദ്രൻ ചെയ്ത കഥാപാത്രങ്ങൾ വലിയ തോതിൽ ശ്രദ്ധ നേടി. പ്രേംനസീർ, ജയൻ എന്നീ പ്രഗൽഭർക്കൊപ്പവും പിന്നീട് മോഹൻലാൽ മമ്മൂട്ടി തുടങ്ങിയവർ തിളങ്ങി നിന്ന കാലഘട്ടത്തിലും പ്രതാപചന്ദ്രൻ സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ചു.
നാനൂറോളം സിനിമകളിൽ പ്രതാപ ചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. സിബിഐ ഡയറിക്കുറുപ്പ് എന്ന സിനിമയിലെ പ്രതാപചന്ദ്രന്റെ ഡയലോഗുകൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. 2004 ഡിസംബർ 16 നാണ് പ്രതാപചന്ദ്രൻ മരിച്ചത്. പ്രതാപചന്ദ്രന്റെ ഓർമ്മകൾ പങ്കുവെക്കുകയാണിപ്പോൾ നടന്റെ കുടുംബം. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുടുംബം മനസ് തുറന്നത്.

ആരോഗ്യ ശരിയാക്കാം എന്ന് പറഞ്ഞ് പുള്ളി ആയുർവേദ ചികിത്സയ്ക്ക് പോയിരുന്നു. അതിൽ പഥ്യം തെറ്റിച്ചു. അത് അദ്ദേഹത്തെ ബാധിച്ചെന്നാണ് കരുതുന്നത്. അറ്റാക്ക് വന്നാണ് മരിച്ചത്. മദ്യപാനവും പുകവലിയും ഉണ്ടായിരുന്നു. അത് പക്ഷെ വലിയ തോതിൽ പ്രശ്നമായിരുന്നില്ല. അവസാന നാളുകളിൽ പ്രതാപ ചന്ദ്രൻ സ്വന്തം നാട്ടിലായിരുന്നെന്നും പ്രതാപ ചന്ദ്രന്റെ ഭാര്യ ചന്ദ്രികയും മകൾ പ്രതിഭ പ്രതാപും വ്യക്തമാക്കി.
അച്ഛന്റെ മരണം ഞെട്ടിച്ചു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പേ ഫോണിൽ പഴയത് പോലെ നല്ല ശബ്ദത്തിൽ സംസാരിച്ചു. അതിന് മുമ്പ് വിറയൽ ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചിട്ട് 19 വർഷം തികയാൻ പോകുന്നെന്നും മകൾ വ്യക്തമാക്കി. അച്ഛൻ വീട്ടിൽ തമാശകളൊക്കെ കാണിക്കും. സ്ക്രീനിൽ മാത്രമേ വില്ലത്തരങ്ങളുള്ളൂയെന്നും മകൾ പറഞ്ഞു.

സിനിമാ നിർമാണരംഗത്തേക്ക് കടന്ന ശേഷം പ്രതാപചന്ദ്രന് പരാജയങ്ങളുണ്ടായിരുന്നെന്നും ഭാര്യ തുറന്ന് പറഞ്ഞു. അഞ്ച് പടങ്ങൾ നിർമ്മിച്ചു. ഭൂരിഭാഗവും പരാജയമായിരുന്നു. ഒരു പടം എടുത്തപ്പോഴേ ഞാൻ നിർത്താൻ പറഞ്ഞതാണ്. ഇല്ല, അതിന്റെ കടം തീരുമെന്ന് പറഞ്ഞ് അടുത്തതെടുത്തു. അതും പൊട്ടിയെപ്പോഴേക്കും വേണ്ടെന്ന് പറഞ്ഞു. അവസാനം എടുത്ത പടം റിലീസ് ചെയ്തില്ല. വീണ്ടും പടമെടുത്തപ്പോൾ ഞാനും മക്കളും വിട്ടിട്ട് പോകുമെന്ന് പറഞ്ഞിരുന്നെന്നും ഭാര്യ ഓർത്തു.
അതേസമയം പിതാവ് മരിക്കുമ്പോൾ എവിടെയും കടമുണ്ടാക്കി വെച്ചിട്ടില്ലെന്നും കുടുംബം നല്ല രീതിയിലാണ് കഴിഞ്ഞതെന്നും മകൾ വ്യക്തമാക്കി. കടം കൂടാൻ തുടങ്ങിയപ്പോൾ അച്ഛൻ സിനിമാ നിർമാണം നിർത്തിയിരുന്നെന്നും മകൾ ഓർത്തു. അച്ഛൻ മരിച്ച ശേഷം സിനിമാ രംഗത്തുള്ളവരൊന്നുമായും ബന്ധമില്ല. അതിൽ അവരെ പറഞ്ഞിട്ടും കാര്യമില്ല.
അച്ഛൻ അഭിനയിക്കുന്ന എന്നല്ലാതെ കുടുംബത്തിന് സിനിമയുമായി ബന്ധമില്ലായിരുന്നെന്നും മകൾ വ്യക്തമാക്കി. തന്റെ സഹോദരങ്ങളെക്കുറിച്ചും പ്രതിഭ സംസാരിച്ചു. മൂത്ത് ചേട്ടൻ ചെന്നെെയിലാണ്. ഇവന്റ് മാനേജ്മെന്റ് ചെയ്യുന്നു. കുടുംബവും അവിടെയാണ്. രണ്ടാമത്തെ ചേട്ടൻ ഭാര്യക്കും മകനുമൊപ്പം ദുബായിലാണ്.
ഞാനും ഭർത്താവും മക്കളും നാട്ടിലാണ്. സിനിമാക്കാരിൽ നിന്ന് അകന്ന് നിൽക്കുന്നു എന്നല്ലാതെ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും കുടുംബത്തിനില്ലെന്നും മകൾ വ്യക്തമാക്കി. അച്ഛന്റെ പാത പിന്തുടർന്ന് പ്രതിഭ പ്രതാപ് അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. രണ്ട് സിനിമകളിൽ പ്രതിഭ അഭിനയിച്ച് കഴിഞ്ഞു.


Click it and Unblock the Notifications











