അവളുമായി സംസാരിച്ചതേയുള്ളൂ; ലഹരിക്കേസ് റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാഗയുടെ അമ്മ
ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെയുള്ള ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളുടെ പേരും. നടി പ്രയാഗ മാർട്ടിൻ, നടൻ ശ്രീനാഥ് ഭാസി എന്നിവർ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമെ ഇരുപതോളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ലഹരി വിൽപ്പന നടന്നുവെന്ന് സംശയമുള്ള ഓം പ്രകാശിന്റെ ഈ മുറിയിലെത്തിയവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.
അതേസമയം വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രയാഗ മാർട്ടിന്റെ അമ്മ ജിജി മാർട്ടിൻ രംഗത്ത് വന്നു. ആരോപണം ജിജി മാർട്ടിൻ നിഷേധിക്കുന്നു. പ്രയാഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ. അവൾക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ് മനോരമ ന്യൂസിനോട് അമ്മയുടെ പ്രതികരണം. വിഷയത്തിൽ ഇതുവരെയും പ്രയാഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല.

ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരുടെ ജാമ്യഹർജി പരിഗണിക്കവെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളുള്ളത്. താരങ്ങൾ എത്തിയതെന്തിന് എന്നറിയാൻ ഓം പ്രകാശിനെയും ഷിഹാസിനെയും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇരുവർക്കും ജാമ്യം ലഭിച്ചു.

മൂന്ന് മുറികളിലാണ് ലഹരി ഇടപാടുകളുണ്ടായത്. ഇവർ ബുക്ക് ചെയ്ത മുറിയിലും അടുത്തുള്ള രണ്ട് മുറികളിലുമായാണ് അന്വേഷണം നടക്കുന്നത്. ഹേട്ടലിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് താരങ്ങളുടെ വിവരം ലഭിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് ഓം പ്രകാശ്.
രണ്ട് ദിവസമായി ഇയാളെ കൊച്ചിയിൽ കണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തുന്നത്.നടൻ ശ്രീനാഥ് ഭാസിക്കെതിരെ നേരത്തെയും ലഹരി ഉപയോഗ ആരോപണം വന്നിട്ടുണ്ട്. 2023 ൽ സെറ്റിൽ മോശമായി പെരുമാറി ആരോപണത്തിൽ ശ്രീനാഥ് ഭാസിയെ സിനിമാ സംഘടനകൾ വിലക്കിയിരുന്നു.
ഷെയിൻ നിഗത്തിനെതിരെ വലിയ ആരോപണങ്ങൾ അന്ന് ഫെഫ്ക സംഘടന ഉന്നയിച്ചു. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകൾക്ക് ഒപ്പ് വെക്കുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. വിളിച്ചാൽ ഫോണെടുക്കില്ല. നടൻ ഒരു സെറ്റിലും കൃത്യ സമയത്ത് ഷൂട്ടിംഗിന് എത്തില്ലെന്നും ഫെഫ്ക അന്ന് വിമർശിച്ചു.


Click it and Unblock the Notifications











