ഗർഭപാത്രത്തിൽ ഫ്ലൂയിഡ് കുറവാണ്; സൂക്ഷിക്കണം; ഡോക്ടർ നിർദ്ദേശിച്ചത്; താരദമ്പതികൾ പറയുന്നു
സിനിമാ താരങ്ങളേക്കാളും പലപ്പോഴും സീരിയൽ താരങ്ങളോട് കുടുംബ പ്രേക്ഷകർക്ക് പ്രത്യേക മമതയുണ്ടാവും. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലുമെല്ലാം ഈ രീതിയാണ് പൊതുവെ കണ്ടുവരുന്നത്. ദിവസവും ടിവിയിൽ കാണുന്നതിനാൽ തന്നെ സീരിയൽ താരങ്ങളോട് പ്രേക്ഷകർക്ക് അപരിചിതത്വം തോന്നാറില്ല. ഈ സ്നേഹത്തിന് ആഴം കൂട്ടിയത് സോഷ്യൽ മീഡിയയുടെ കടന്ന് വരവാണ്. ഇന്ന് മിക്ക സീരിയൽ താരങ്ങൾക്ക് യൂട്യൂബ് ചാനലുണ്ട്.
യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നവരാണ് ഹിന്ദി ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന താരദമ്പതികളായ ഷൊഹൈബ് ഇബ്രാഹിമും ദീപിക കക്കറും. ഓൺസ്ക്രീനിലെ പ്രിയ താര ജോഡിയായിരുന്ന ഇരുവരും 2018 ലാണ് വിവാഹം കഴിക്കുന്നത്. ദീപികയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2015 ലാണ് ദീപിക കക്കറിന്റെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞത്.

പിന്നീട് 'സസുരാൽ സിമർ ക' എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെ ഷൊഹൈബ് ഇബ്രാഹിമുമായി പ്രണയത്തിലായി. 2018 ൽ ഭോപ്പാലിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അന്ന് ശ്രദ്ധ നേടിയിരുന്നു. ഹിന്ദു മതസ്ഥയായിരുന്ന ദീപിക ഇതിനിടെ ഇസ്ലാം മതം സ്വീകരിക്കുകയും രേഖകളിൽ പേര് ഫൈസ എന്നാക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് താൻ ഗർഭിണിയാണെന്ന കാര്യം ദീപിക കക്കർ ആരാധകരെ അറിയിച്ചത്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദീപികയും ഷൊഹൈബും. യൂട്യൂബ് ചാനലിലൂടെ ഗർഭകാലത്തെ വിശേഷങ്ങൾ താരദമ്പതികൾ പങ്കുവെക്കാറുണ്ട്. പൂർണ ഗർഭിണിയായ ദീപികയുടെ ആരോഗ്യത്തെക്കുറിച്ച് ഷൊഹൈബ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആശുപത്രിയിൽ സ്കാനിംഗ് ചെയ്ത് തിരിച്ച് വരികയായിരുന്നു ഇരുവരും. ഗർഭപാത്രത്തിൽ ഫ്ലൂയിഡ് കുറവാണ്, അതിനാൽ ശ്രദ്ധ പുലർത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെന്ന് ഷൊഹൈബ് വ്യക്തമാക്കി. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഡോക്ടർ പറഞ്ഞെന്ന് ദീപികയും പറഞ്ഞു.

വീഡിയോയിൽ ചില രസകരമായ കാര്യങ്ങളും ഇരുവരും സംസാരിച്ചു. കുഞ്ഞിനെ സ്കാനിംഗിലൂടെ രണ്ട് തവണ കണ്ടു. അച്ഛന്റെ മുഖഭാവമാണ് കുഞ്ഞിനെന്ന് തോന്നിയതായി ദീപിക തമാശയോടെ പറഞ്ഞു. ഗർഭിണിയായ ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ദീപിക കക്കർ അടുത്തിടെ സംസാരിച്ചിരുന്നു. ഉറക്കക്കുറവാണ് കഴിഞ്ഞ മാസങ്ങളിൽ ദീപികയെ വലച്ചത്. രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല. എന്ത് ചെയ്തിട്ടും കാര്യമുണ്ടായില്ല. രാവിലെ അഞ്ച് മണിക്കാണ് ഉറങ്ങാനാവുക. രാവിലെ ഏഴ് മണിക്ക് വിശപ്പോടെ എഴുന്നേൽക്കുകയും ചെയ്യുമെന്ന് അന്ന് ദീപിക കക്കർ പറഞ്ഞു.
ആദ്യ തവണ ഗർഭിണിയായപ്പോൾ ഗർഭം അലസിപ്പോയതിനാൽ ഇത്തവണ നല്ല കരുതലെടുക്കുന്നുണ്ടെന്ന് ദീപികയും ഷൊഹൈബും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭിണിയായി ആറാമത്തെ ആറാഴ്ചയാണ് മിസ് ക്യാരേജ് ഉണ്ടായത്. അതിന് ശേഷം ദീപികയുടെ ആരോഗ്യം മോശമായി. വണ്ണം വെച്ചു. ഇതൊന്നുമറിയാതെ പലരും ദീപികയുടെ വണ്ണം കൂടിയെന്ന് കമന്റുകളിട്ടെന്നും ഷൊഹൈബ് അന്ന് പറഞ്ഞു.
അടുത്തിടെയാണ് താൻ അഭിനയ രംഗം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നെന്ന് ദീപിക തുറന്ന് പറഞ്ഞത്. ഇനി വീട്ടമ്മയായി കഴിയാനാണ് തനിക്ക് താൽപര്യമെന്നും ദീപിക അന്ന് വ്യക്തമാക്കി. ചെറിയ പ്രായം മുതൽ അഭിനയിച്ച് തുടങ്ങിയ താൻ 15 വർഷത്തോളമായി അഭിനയ രംഗത്ത് തുടരുകയാണ്.
ഗർഭിണിയായപ്പോൾ ഇനി ഞാൻ അഭിനയിക്കുന്നില്ലെന്നും കരിയർ വിടുകയാണെന്നും ഷൊഹൈബിനോട് പറഞ്ഞതാണെന്നും ദീപിക അന്ന് വ്യക്തമാക്കി. സീരിയൽ രംഗത്ത് തിളങ്ങിയ ദീപിക കക്കർ ബിഗ് ബോസ് ഷോയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും നടിക്കുണ്ട്.


Click it and Unblock the Notifications