പത്ത് ബന്ധുക്കളിൽ അഞ്ച് പേരെങ്കിലും വേണം; സ്വാസികയുടെ പിണക്കം മാറ്റാൻ ലൊക്കേഷനിൽ പോയെന്ന് പ്രേമും
മലയാളികൾക്ക് പുറമെ ഇന്ന് തമിഴ് പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് സ്വാസിക വിജയ്. കരിയറിലെ തിരക്കേറിയ സമയത്താണ് സ്വാസിക വിവാഹ ജീവിതത്തിലേക്ക് കടന്നത്. നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. ഒരുമിച്ച് സീരിയൽ ചെയ്യവെ പ്രണയത്തിലായ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. സ്വഭാവ രീതികളിൽ വ്യത്യസ്തരാണ് താനും പ്രേമുമെന്ന് സ്വാസിക പറയാറുണ്ട്. താൻ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണെങ്കിൽ പ്രേം അങ്ങനെയല്ലെന്നാണ് സ്വാസിക പറയാറുള്ളത്.
പുതിയ അഭിമുഖത്തിൽ സ്വാസികയും പ്രേമും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ എല്ലാവരും ഒത്തുകൂടി ആഘോഷിക്കാൻ ആഗ്രഹിക്കുന്നയാളാണ് താനെന്ന് സ്വാസിക പറയുന്നു.

പത്ത് പേരുള്ള ഫാമിലിയാണെങ്കിൽ അഞ്ച് പേരെങ്കിലും വരണം. ഞാൻ എല്ലാവരെയും വിളിച്ച് വരാൻ പറയും. ഒരു ഗെറ്റ് ടുഗെദർ പോലെ. ഭയങ്കരമായിട്ട് ഇവന്റ് നടത്താനോ റിസോർട്ടിൽ ആഘോഷം നടത്താനോ ചിലപ്പോൾ പറ്റില്ല. പക്ഷെ ഈ ആൾക്കാർ ഉണ്ടാകണം. എണ്ണം കൂടണം. ഞങ്ങൾ മാത്രം ഒത്തുകൂടി ഭക്ഷണം കഴിക്കുന്നതിനേക്കാളും കുറച്ച് കൂടി ആളുകൾ ഉണ്ടെങ്കിൽ രസമാണെന്ന് സ്വാസിക പറഞ്ഞു.
സ്വാസികയെക്കുറിച്ച് പ്രേമും സംസാരിച്ചു. ആഘോഷങ്ങൾ സീരിയസായി എടുക്കുന്നയാളാണ് സ്വാസിക. വാലന്റെെൻസ് ഡേയ്ക്ക് ഞാൻ ഷൂട്ടിലായിരുന്നു. ലൊക്കെഷനിലേക്ക് സ്വാസിക ഗിഫ്റ്റുകൾ അയച്ചു. ഷൂട്ടിനിടയിലായതിനാൽ ഗിഫ്റ്റ് തുറന്ന് നോക്കാൻ മടിയുണ്ടായിരുന്നു. തുറന്ന് നോക്കെന്ന് അവർ പറഞ്ഞു. ലാസ്റ്റ് ഷോട്ടാണ്. അത് കഴിഞ്ഞ് തുറക്കാമെന്ന് കരുതി. എന്നാൽ എല്ലാവരും തുറക്കെന്ന് പറഞ്ഞപ്പോൾ തുറന്നു. ഈ വീഡിയോകൾ കണ്ട് വഴക്കായി. എക്സ്പ്രഷനില്ല എന്നതായിരുന്നു കാരണമെന്ന് പ്രേം ജേക്കബ് പറയുന്നു.

ഇതേക്കുറിച്ച് സ്വാസികയും സംസാരിച്ചു. ട്രിച്ചിയിൽ ഇരുന്ന് ഒരു ഇവന്റിന് അറേഞ്ച് ചെയ്തതായിരുന്നു. അതിലൊരു കൺഫ്യൂഷൻ വന്നപ്പോഴാണ് ഞാൻ സെറ്റിലേക്ക് മറ്റൊരു ഗിഫ്റ്റ് അയക്കുന്നത്. എന്നാൽ ഇവന്റുകാർ ചെന്നെെയിലെ വീട്ടിൽ കേക്കും ഫ്ലവറും കൊണ്ട് വെച്ചു. പ്രേം ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആദ്യം കാണുന്നത് ഈ ഗിഫ്റ്റാണ്. ഫ്ലവറും കേക്കും കിട്ടിയോ എന്ന് ഞാൻ വിളിച്ച് ചോദിച്ചു. എനിക്ക് ഷുഗർ കട്ടാണെന്ന് അറിയില്ലേ എന്ന് പ്രേം. കേക്ക് മൊത്തം തിന്നാനല്ലെന്ന് ഞാൻ പറഞ്ഞു. അതിനാണ് ഞാൻ വഴക്കിട്ടതെന്ന് സ്വാസിക പറഞ്ഞു.
പ്രശ്നം പരിഹരിച്ചതിനെക്കുറിച്ച് പ്രേം സംസാരിച്ചു. ഷൂട്ട് കഴിഞ്ഞ് ഞാൻ ട്രിച്ചിയിൽ പോയി. ഭയങ്കര ദേഷ്യം. മിണ്ടുന്നില്ല. റൂമിൽ ഞാൻ നൂറോളം ബലൂണുകൾ കൊണ്ട് വെച്ചു. സോറി, ഐലവ് യു എന്ന് പൂക്കൾ കൊണ്ട് എഴുതി. പിന്നെ പിണക്കം മാറിയെന്ന് പ്രേം ഓർത്തു. പ്രേം തന്റെ ഭാഗ്യമാണെന്നും സ്വാസിക പറയാറുള്ളത്. പ്രേമിനെ കണ്ട അന്ന് മുതൽ ഇന്ന് വരെയും ഞാൻ വളരെ തിരക്കിലാണ്.
ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാനും ഒരുമിച്ച് ചെലവഴിക്കാനും സമയമില്ലെന്ന് അടുത്തിടെ സ്വാസിക പറഞ്ഞിരുന്നു. കല്യാണത്തിന് ശേഷവും സമയമില്ല. കിട്ടുന്ന സമയം ഞങ്ങൾ യാത്ര പ്ലാൻ ചെയ്യും. പൊതുവെ പ്രേം അങ്ങനെ എക്സ്പ്രസ് ചെയ്യുന്ന ആളല്ല. പക്ഷെ ലബ്ബർ പന്ത് എന്ന സിനിമയിലെ തന്റെ പ്രകടനത്തെ ഒരുപാട് പേർ എന്നെ അഭിനന്ദിച്ചപ്പോൾ പ്രേമിന്റെ കണ്ണ് നിറഞ്ഞിരുന്നെന്നും സ്വാസിക പറഞ്ഞു. ഒന്നിനും മുഖം ചുളിക്കാത്ത, എല്ലാത്തിനും ഓക്കെ എന്ന് പറയുന്ന ആളാണ് പ്രേം ജേക്കബെന്നും സ്വാസിക പറഞ്ഞു.


Click it and Unblock the Notifications