'വീഴ്ചയ്ക്കുശേഷം ജീവിതം തലകീഴായി മറിഞ്ഞു... കുഞ്ഞിനെ നോക്കുന്നത് പോലെ അവൾ എന്നെ പരിപാലിച്ചു'; സംഗീത് പ്രതാപ്!
പ്രേമലുവിന്റെ വൻ വിജയത്തിനുശേഷം ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ചത് നസ്ലിന്റെ കൂട്ടുകാരനായ അമൽ ഡേവിസിനെ അവതരിപ്പിച്ച നടൻ സംഗീത് പ്രതാപിനാണ്. നസ്ലിൻ അവതരിപ്പിച്ച സച്ചിൻ എന്ന കഥാപാത്രത്തിന്റെ ഫീലിങ്സെല്ലാം സച്ചിനേക്കാൾ കൂടുതൽ ഫീൽ ചെയ്യുന്നത് അമൽ ഡേവിസിനാണെന്ന് തോന്നും. അത്ര മനോഹരമായിരുന്നു ചങ്ക് കൂട്ടുകാരനായുള്ള സംഗീത് പ്രതാപിന്റെ പ്രകടനം. നടൻ മാത്രമല്ല സംഗീത് പ്രതാപ്. എഡിറ്ററായും സംഗീത് കഴിവ് തെളിയിച്ച് കഴിഞ്ഞു.
ലിറ്റിൽ മിസ്സ് റാവുത്തർ, ഫോർ ഇയേഴ്സ്, പത്രോസിന്റെ പടപ്പുകൾ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് സംഗീത്. നിരവധി ചിത്രങ്ങളിൽ സ്പോട്ട് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട് സംഗീത്. ഹൃദയം, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെകിലും പ്രേമലുവിലാണ് സംഗീതിന് ഒരു മികച്ച വേഷം ലഭിച്ചത്.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ യോഗ്യതയുള്ള പ്രതിഭയുള്ള കലാകാരനാണ് സംഗീത്. അടുത്തിടെ ലിറ്റിൽ മിസ്സ് റാവുത്തർ എന്ന ചിത്രത്തിലെ എഡിറ്റിങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സംഗീതിന് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി വീട്ടിൽ വിശ്രമത്തിലാണ് താരം. അടുത്തിടെ സംഗീത് അടക്കം ഉൾപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ സംഗീത് പ്രതാപിനും പരിക്കേറ്റിരുന്നു.
ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽപെട്ടിരുന്ന കാർ ഓടിച്ചിരുന്നത് സ്റ്റണ്ട് മാസ്റ്ററായിരുന്നു. അപടകടത്തിൽ സംഗീതിന് പുറമെ അർജുൻ അശോകൻ, മാത്യു തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റിരുന്നു.
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ അപകടത്തിൽ സംഭവിച്ച പരിക്കിൽ നിന്നും മുക്തി നേടി വീണ്ടും ഷൂട്ടിങ് സെറ്റിൽ എത്തി കഴിഞ്ഞു താരം. അതേസമയം അപകടത്തിനുശേഷമുള്ള തന്റെ ഒരു മാസക്കാലം എങ്ങനെയായിരുന്നുവെന്ന് പുതിയ സോഷ്യൽമീഡിയ കുറിപ്പിലൂടെ സംഗീത് വിവരിച്ചു.
ചികിത്സയിലായിരുന്ന സമയത്ത് തന്നെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിച്ച ഭാര്യയെ കുറിച്ചാണ് സംഗീത് കുറിപ്പിൽ ഏറെയും എഴുതിയിരിക്കുന്നത്. അപകടം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷവും, പരിക്ക് മാറി വീണ്ടും ഷൂട്ടിന് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നതിന്റെയും ചിത്രങ്ങൾ പങ്കിട്ടുകൊണ്ടായിരുന്നു സംഗീതിന്റെ കുറിപ്പ്. വീഴ്ചയ്ക്കുശേഷമുള്ള ജീവിതം എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
കഴിഞ്ഞ മാസം... ഇതേ ദിവസം... ഒരു തകർച്ച നേരിട്ടപ്പോൾ എൻ്റെ ജീവിതം തലകീഴായി മാറി. എനിക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് ആദ്യം കരുതിയെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ഒരു നഴ്സ് പറഞ്ഞപ്പോൾ ടെൻഷൻ തുടങ്ങി.

അന്ന് മുതൽ ഞാൻ പല വികാരങ്ങളിലൂടെ കടന്നുപോയി. ചിലപ്പോൾ സങ്കടവും വിഷാദവും ഭയവും ഉള്ളവനായിരുന്നു. എന്നാൽ മറ്റ് ചിലപ്പോൾ ഇരുന്ന് ചിന്തിക്കാനുള്ള രണ്ടാമത്തെ അവസരമായി എനിക്ക് തോന്നി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ ആസൂത്രണം പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസിലാക്കി. ഭാവിയെക്കുറിച്ചുള്ള എൻ്റെ സംശയങ്ങൾക്ക് എനിക്ക് നിരവധി ഉത്തരങ്ങൾ ലഭിച്ചു. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്.
എൻ്റെ ഭാര്യ... എൻ്റെ ഉറ്റസുഹൃത്ത്... അവൾ എന്നെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിച്ചു. എനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നും അവൾ അത് അർഹിക്കുന്നുവെന്നും ഞാൻ മനസിലാക്കി. എൻ്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസേജുകളും പല കാര്യങ്ങളും മനസിലാക്കാൻ എന്നെ സഹായിച്ചു. ഇന്ന്... ഒടുവിൽ ജീവിതം സാധാരണ നിലയിലായി.
ഞാൻ എൻ്റെ പ്രിയപ്പെട്ട സ്ഥലമായ ബ്രോമാൻസിൻ്റെ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുകയാണ്. ഞാൻ ഇപ്പോഴും അൽപ്പം മേഘാവൃതനാണ്. പക്ഷെ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ എനിക്കറിയാം. മേഘങ്ങൾ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയിൽ നിന്ന് വഴുതി വീഴുന്നു.
പക്ഷെ എനിക്ക് കിലോമീറ്ററുകൾ മുന്നോട്ട് പോകാനുണ്ടെന്നാണ് സംഗീത് പ്രതാപ് കുറിച്ചത്. നിരവധി പേർ നടന്റെ കുറിപ്പ് വായിച്ച് സ്നേഹം കമന്റിലൂടെ അറിയിച്ചു. കല്യാണ വീഡിയോ എഡിറ്റ് ചെയ്ത് സിനിമാ സ്പോട്ട് എഡിറ്റിങിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തിപ്പെട്ടയാളാണ് സംഗീത്.


Click it and Unblock the Notifications