'മെലിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ് ഒഴിവാക്കുമായിരുന്നു, ഭർത്താവിന്റെ പിന്തുണകൊണ്ടാണ് ഇവിടെ വരെ എത്തിയത്'; അഖില!

അടുത്തിടെ പുറത്തിറങ്ങിയതിൽ തിയേറ്ററുകൾ നിറഞ്ഞോടുന്ന ഒരു സിനിമായാണ് പ്രേമലു. മലയാള സിനിമയിലെ യൂത്ത് അണിനിരക്കുന്ന സിനിമ സംവിധാനം ചെയ്തത് ​ഗിരീഷ് എഡിയാണ്. നസ്ലിൻ ​ഗഫൂറും മമിത ബൈജുവുമാണ് പ്രധാന വേഷം ചെയ്തത്. സിനിമയിലെ നായകനും നായികയും മാത്രമല്ല സഹതാരങ്ങളായി എത്തിയവർ വരെ പ്രേമലുവിന്റെ റിലീസിനുശേഷം ഹിറ്റായി. അക്കൂട്ടത്തിൽ പ്രമേലുവിലൂടെ ആരാധകരെ നേടിയ പുതുമുഖ നടിയാണ് കണ്ണൂർക്കാരിയായ അഖില ഭാ​ർ​​ഗവൻ.

ഇരുപത്തിയേഴുകാരിയായ അഖില മമിതയുടെ സുഹൃത്തായ കാർത്തിക എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഓഡീഷൻ വഴിയാണ് ​ഗിരീഷ് എഡി അഖിലയെ പ്രേമലുവിന്റെ ഭാ​ഗമാക്കുന്നത്. നടി എന്നതിലുപരി സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ അഖില മലയാള സിനിമയിലെ വൈറലായ സീനുകൾ റീക്രിയേറ്റ് ചെയ്ത് റീലായി പങ്കുവെച്ചാണ് സോഷ്യൽമീഡിയയിൽ ആരാധകരെ സമ്പാദിച്ചത്.

Akhila Bhargavan

അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധനേടിയ അനുരാ​ഗ് എഞ്ചിനീയറിങ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമിൽ നായിക വേഷം ചെയ്തതും അഖില തന്നെയായിരുന്നു. ചെറുപ്പം മുതൽ നൃത്തം പഠിച്ചിട്ടുള്ള അഖില സിനിമ സ്വപ്നം കണ്ടിരുന്നു. പിന്നീട് റീൽസ് ആ സ്വപ്നത്തിലേക്ക് എത്തിപ്പെടാൻ വഴി തെളിച്ചു. തുടക്കത്തിൽ ഓഡീഷന് പോകുമ്പോൾ മെലിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ് പലപ്പോഴും ഒഴിവാക്കൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അഖിലയ്ക്ക്.

പ്രേമലു വിജയമായതോടെ ഇതുവരെയുള്ള കലാജീവിതത്തെ കുറിച്ച് മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അഖില മനസ് തുറന്നു. സിനിമാ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ കാരണമായത് ഭർത്താവാണെന്ന് പറഞ്ഞാണ് അഖില സംസാരിച്ച് തുടങ്ങുന്നത്. 'സിനിമ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഗിരീഷേട്ടന്റെ സൂപ്പർ ശരണ്യയും തണ്ണീർമത്തൻ ദിനങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നല്ലോ.'

'പ്രേമലുവിലേക്ക് വരുമ്പോൾ ആളുകളുടെ പ്രതീക്ഷകൾ കൂടിയിട്ടുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്നു. ഈ രണ്ട് പേരുകളിലും ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. പ്രേമലു ആളുകൾ ഇത്രയ്ക്ക് ഏറ്റെടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഓഡീഷൻ വഴിയാണ് പ്രേമലുവിലേയ്ക്ക് എത്തുന്നത്. സംവിധായകൻ ഗിരീഷേട്ടൻ ഒരുദിവസം എന്നെ വിളിച്ചു. അടുത്ത പടത്തിലേക്ക് ഓഡിഷന് വരാൻ പറ്റുമോയെന്ന് ചോദിച്ചു. അപ്പോൾ തന്നെ ഞാൻ വരാമെന്നേറ്റു.'

'സിനിമയിലെ എന്റെ കഥാപാത്രമായ കാർത്തികയുടെ പ്രധാനപ്പെട്ട ഒരു രംഗമാണ് അന്ന് ചെയ്യാന്‍ ആവശ്യപ്പെട്ടത്‌. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ സെലക്ടായെന്ന് ഗിരീഷേട്ടൻ വിളിച്ച് പറയുകയായിരുന്നു. ആദ്യം എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ആരുമായും എനിക്കൊരു കണക്ഷൻ ഉണ്ടായിരുന്നില്ല. നസ്ലിനെ പൂവന്റെ ഷൂട്ടിന് വന്നപ്പോൾ കണ്ടിരുന്നു. അല്ലാതെ ആരുമായും അടുത്ത പരിചയമില്ലായിരുന്നു. മമിതയുടെ ഒപ്പമുള്ള കോംബിനേഷൻ സീനുകളായിരുന്നു അധികവും. അതും ടെൻഷൻ കൂട്ടി.'

Akhila Bhargavan

'ഒരു റിഹേഴ്സൽ സെക്ഷൻ എറണാകുളത്ത് വെച്ച് നടന്നിരുന്നു. റിഹേഴ്സൽ സെക്ഷനിലാണ് നമ്മൾ എല്ലാവരും കാണുന്നത്. ആ സമയത്ത് ചില രം​ഗങ്ങൾ ചെയ്തുനോക്കിയപ്പോൾ നന്നായെന്ന് തോന്നി. സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ കാർത്തിക എങ്ങനെയായിരിക്കുമെന്ന് ഒരു ഏകദേശ ധാരണ എനിക്ക് കിട്ടി. നാടനുമല്ല മോഡേണുമല്ലാത്ത ഒരു ടെെപ്പ് ആൾ. പൂവനിലൊക്കെ നാടൻ കഥാപാത്രമായിരുന്നു. പ്രേമലുവിൽ ടെക് ജോലിക്കാരിയാണല്ലോ കാർത്തിക. ഐടി ഫീൽഡിൽ പെൺകുട്ടി എങ്ങനെയാണ് കാര്യങ്ങൾ ചെയ്യുക എന്നത് നോക്കി പഠിച്ചിരുന്നു.'

'സിനിമയിലെത്തണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിനായി തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. പണ്ട് ബഡായ് ബം​ഗ്ലാവിലെ ആര്യചേച്ചിയുടെ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. അത് വെെറലായി. ബഡായ് ബം​ഗ്ലാവിലുമെത്തി. ഇത് കൊള്ളാമെന്ന് പിന്നെ തോന്നി. സിനിമയിലൊക്കെ ശ്രമിക്കാമെന്ന് അപ്പോൾ കരുതിയതാണ്. ഡി​​ഗ്രി, പി.ജി കഴിഞ്ഞപ്പോൾ ആ താത്പര്യം അങ്ങ് പോയി. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവാണ് റീൽസ് ചെയ്യാമെന്ന് പറഞ്ഞ് പേജ് തുടങ്ങുന്നത്.'

'സിനിമയിലെ രം​ഗങ്ങൾ റീക്രിയേറ്റ് ചെയ്തു. മെല്ലെ ഫോളോവേഴ്സ് കൂടി. അത് കണ്ടാണ് അനുരാ​ഗ് എഞ്ചിനീയറിങ് വർക്ക്സിലേക്ക് വിളിക്കുന്നത്. പിന്നെ പൂവനിലെത്തി. അനുരാ​ഗ് എഞ്ചിനീയറിങ് വർക്ക്സ് കണ്ടാണ് അയൽവാശിയിലേക്കും വിളിവരുന്നത്. പ്രേമലുവിൽ കാർത്തികയുടെ ഭാവിവരനായി എത്തുന്നത് ഭർത്താവ് തന്നെയാണ്. അനുരാ​ഗ് എഞ്ചിനീയറിങ് വർക്ക്സിൽ ചെറുതായി മുഖം കാണിച്ചിരുന്നു. ഷൂട്ടിന് മുമ്പ് വികാസിന്റെ റോൾ രാഹുൽ ചെയ്യുമോയെന്ന് ​ഗിരീഷേട്ടൻ ചോദിച്ചിരുന്നു. രാഹുലേട്ടന് അഭിനയിക്കാനൊക്കെ ഇഷ്ടമാണ്.'

'ഇത്രയും വലിയൊരു ക്രൂവിന്റെ കൂടെ എന്നത് സന്തോഷം ഇരട്ടിയാക്കി. ഞങ്ങളുടേത് കംപ്ലീറ്റ്ലി പ്രണയവിവാഹമാണെന്ന് പറയാൻ കഴിയില്ല. ലൗ പ്ലസ് അറേഞ്ച്ഡായിരുന്നു. ഒരേ നാട്ടുകാരാണ്‌ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. അദ്ദേ​ഹത്തിന്റെ സപ്പോർട്ട് കാരണമാണ് ഞാനിവിടെ നിൽക്കുന്നത്. പിന്നെ എന്റെ ചേട്ടൻ ജിതിൻ ഭാർ​ഗവൻ. ഞാൻ എവിടെയെങ്കിലും എത്തണമെന്നാ​ഗ്രഹിച്ചവർ ഇവർ രണ്ടുപേരുമാണ്.'

'15 വർഷം ഞാൻ ഭരതനാട്യം പഠിച്ചിരുന്നു. ഇപ്പോൾ പഠിക്കുന്നില്ല. ഡാൻസ് ഒരുപാട് ഇഷ്ടമാണ്. പക്ഷെ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ പറ്റിയിട്ടില്ല. സമയകുറവ് കാരണം ഇപ്പോൾ റീൽസും ചെയ്യാൻ പറ്റുന്നില്ല. നല്ലോണം മെലിഞ്ഞിരുന്ന സമയത്ത് ഓഡിഷന് പോകുമ്പോൾ മെലിഞ്ഞത് കൊണ്ട് ചാൻസില്ലെന്ന് പറഞ്ഞിരുന്നു. പല അവസരങ്ങളും ഇത്തരത്തിൽ നഷ്ടമായി. ഡാൻസിന്റെ സമയത്ത് പോലും ഇതുണ്ടായി. ആ സമയത്ത് വിഷമിച്ചിരുന്നു.'

'പിന്നീട് മെല്ലെ അത് മാറി. പരിശ്രമിച്ചിട്ടും അതിന്റെ ഫലം പണ്ട് ലഭിച്ചിരുന്നില്ല. ഇപ്പോൾ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്. വണ്ണം വെയ്ക്കാൻ ജിമ്മിൽ പോകുന്നു. അനുരാ​ഗിലെയും പ്രേമലുവിലെയും മാറ്റം കണ്ടാൽ മനസിലാവുമെന്നാണ്', ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് പ്രേമലുവിലെ കാർത്തികയെ അവതരിപ്പിച്ച അഖില പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X