'അഭിനയം കണ്ടല്ല എടുത്തത്, കല്യാണ വീഡിയോ എഡിറ്റ് ചെയ്താണ് തുടക്കം, റിയൽ ലൈഫിന്റെ പകുതിയാണ് സ്ക്രീനിൽ കണ്ടത്'
തണ്ണീർ മത്തൻ ദിനങ്ങൾ പോലെ തന്നെ കത്തി കയറുകയാണ് ഗിരീഷ് എഡിയുടെ പ്രേമലുവും. മതി മറന്ന് കണ്ണെടുക്കാതെ സ്‌ക്രീനിൽ നോക്കി ചിരിച്ചങ്ങനെ നിറഞ്ഞ് നിൽക്കാൻ ഇഷ്ട്ടമുള്ള ഓരോരുത്തർക്കും പ്രേമലുവും ഇഷ്ടപ്പെടുമെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം പറയുന്നത്. ചിരി, പ്രകടനം, ബിജിഎം, കഥ തുടങ്ങി പ്രേമലുവിന്റെ എല്ലാ ഘടകങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.
സിനിമ കണ്ടിറങ്ങുമ്പോൾ പ്രേമലുവിന്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവരോട് അടക്കം പ്രേമലുവാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൗസ് ഫുൾ ഷോകളാണ് എല്ലായിടത്തും. നസ്ലിൻ ഗഫൂറും മമിതയും പ്രധാന വേഷം ചെയ്ത സിനിമയിൽ കയ്യടി നേടിയ മറ്റൊരാൾ നസ്ലിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായി വേഷമിട്ട സംഗീത് പ്രതാപാണ്. നസ്ലിന്റെ സച്ചിനൊപ്പം തന്നെ സംഗീതിന്റെ അമൽ ഡേവിസും ക്ലിക്കായി കഴിഞ്ഞു.

എഡിറ്ററായി സിനിമയിലേക്ക് എത്തിയ സംഗീത് ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമ കൂടിയാണ് പ്രേമലു. ഇതിന് മുമ്പ് വിനീത് ശ്രീനിവാസൻ സിനിമ ഹൃദയത്തിലും ഗിരീഷ് എഡിയുടെ തന്നെ സൂപ്പർ ശരണ്യയിലും ചെറിയ കഥപാത്രങ്ങളെ സംഗീത് അവതരിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയം കണ്ടിട്ടല്ല തന്നിലുള്ള വിശ്വാസത്തിന്റെ പുറത്താണ് ഗിരീഷ് എഡി അമൽ ഡേവിസ് എന്ന കഥപാത്രത്തെ തനിക്ക് തന്നതെന്ന് പറയുകയാണ് ഇപ്പോൾ സംഗീത് പ്രതാപ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ.
കല്യാണ വീഡിയോ എഡിറ്റ് ചെയ്ത് സിനിമാ സ്പോട്ട് എഡിറ്റിങിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തിപ്പെട്ടതിനെ കുറിച്ചും ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചും സംഗീത് പറയുന്നു. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
'സച്ചിനും അമലും സാധാരണ നമ്മൾ സിനിമകളിൽ കാണുന്ന തരം സൗഹൃദ സംഭാഷണമല്ല നടത്തുന്നത്. ഇവർ രണ്ടുപേരും പരസ്പരം ഒന്ന് തള്ളിയിട്ടോ തല്ലിയിട്ടോ പിച്ചിയിട്ടോ ഒക്കെയാകും സംസാരിക്കുന്നത്. ആ ശരീരഭാഷയും ചലനങ്ങളും അറിഞ്ഞോ അറിയാതെയോ ഗിരീഷേട്ടൻ പറഞ്ഞും അല്ലാതെയുമൊക്കെ വന്നു ചേർന്നതാണ്. ഇതൊക്കെയായിരിക്കും സച്ചിനെയും അമലിനെയും പ്രേക്ഷകർ ഇഷ്ടപ്പെടാൻ കാരണം. നമ്മുടെ റിയൽ ലൈഫ് കൂട്ടുകാർ അങ്ങനെയല്ലേ?.'
'ഞാനും നസ്ലിനും വളരെ അടുത്ത സുഹൃത്തുക്കളാണ്. റിയൽ ലൈഫിൽ ഞങ്ങൾ പരസ്പരം കാണിക്കുന്നതിന്റെ പകുതിയാണ് സ്ക്രീനിൽ കണ്ടത്. പ്രേമലുവിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ അമൽ ഡേവിസ് എന്ന കഥാപാത്രം എത്ര പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഗിരീഷേട്ടൻ ഞങ്ങളോട് പറഞ്ഞതുതന്നെ എടാ നിങ്ങളുടെ രണ്ടുപേരുടെയും പരിപാടിയാണ് പടം. അത് വർക്കായാൽ പടവും വർക്കാകുമെന്നാണ്.'

'തണ്ണീർമത്തൻ ദിനങ്ങളിൽ ഞാൻ സ്പോട്ട് എഡിറ്ററായിരുന്നു. എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോസിയേറ്റായി പ്രവർത്തിക്കുന്ന സമയത്താണ് ആ സിനിമ സംഭവിക്കുന്നത്. പിന്നീട് സൂപ്പർശരണ്യ ചെയ്തപ്പോൾ എന്നെ അഭിനയിക്കാൻ വിളിച്ചു. അന്ന് ഹൃദയം പുറത്തിറങ്ങിയിട്ടില്ല. ആ സിനിമയിലാണ് ആദ്യം ഞാൻ അഭിനയിക്കുന്നത്.'
'നസ്ലിൻ അഭിനയിച്ച കഥാപാത്രമായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് അതിലേക്ക് നസ്ലിൻ വരികയും ഞാൻ മറ്റൊരു വേഷത്തിലേക്ക് മാറുകയും ചെയ്തു. സിനിമയിൽ ഞാൻ അഭിയിച്ച് കണ്ടിട്ടല്ല ഗിരീഷേട്ടൻ എന്നെ അഭിനയിക്കാൻ വിളിച്ചത്. അദ്ദേഹത്തിന്റെ ട്രസ്റ്റാണത്. ഞാൻ ഗിരീഷേട്ടനെ വിശ്വസിച്ചിട്ടാണ് അന്നും ഇന്നും അഭിനയിച്ചിട്ടുള്ളത്. കാരണം അഭിനയം എനിക്ക് പറ്റുന്ന പരിപാടിയാണോയെന്ന് അറിയില്ലായിരുന്നു.'
'പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് മിമിക്രിക്ക് ജില്ലയിൽ ഒന്നാം സ്ഥാനമുണ്ടായിരുന്നു. സംസ്ഥാന യുവജനോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. സംവിധാനം എന്റെ വലിയ മോഹമായിരുന്നു. ആ ആഗ്രഹമാണ് എന്നെ എഡിറ്റിങ്ങിൽ എത്തിച്ചത്. ചെയ്ത് തുടങ്ങിയപ്പോൾ രസം പിടിച്ചു. പലർക്കും എഡിറ്റിങ് ബോറടിയാണ്. പക്ഷെ എനിക്ക് ഹൈ കിട്ടുന്ന പണിയാണ് അത്. നല്ലൊരു സീൻ എഡിറ്റ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന കിക്കുണ്ട്. ബിഎസ്സി ആനിമേഷനാണ് പഠിച്ചത്. അതിൽ സബ്ബായി എഡിറ്റിങ് പഠിക്കാനുണ്ട്. ആനിമേഷനിലാണ് ആദ്യം ജോലി ചെയ്തത്.'
'അതിന് ശമ്പളം 5000 രൂപയായിരുന്നു. അതിൽ ചിലവ് നിൽക്കില്ലല്ലോ. അതുകൊണ്ട് കല്യാണം എഡിറ്റ് ചെയ്യാൻ തുടങ്ങി. ഷോർട്ട് ഫിലിമുകൾ ചെയ്തു. അതിലൂടെ സന്തോഷവും പണവും കിട്ടി തുടങ്ങി. അങ്ങനെയാണ് ഞാൻ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അടുത്ത് എത്തുന്നത്. ഷമീറിക്കയാണ് ശരിക്കും എനിക്ക് ഫിലിം എഡിറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞ് തരുന്നത്. സിനിമ എങ്ങനെ കാണണം എന്താണ് അതിന്റെ താളം എന്നതെല്ലാം പറഞ്ഞ് തന്നത് ഷമീറിക്കയാണ്.'
'എന്നെ പിടിച്ച് അഭിനയിപ്പിക്കുന്നത് വിനീതേട്ടനാണ് (വിനീത് ശ്രീനിവാസൻ). ഹെലനിലും തണ്ണീർമത്തനിലും സ്പോട്ട് എഡിറ്റർ ഞാനായിരുന്നു. അന്ന് അദ്ദേഹം എന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ എല്ലാ അലമ്പും തമാശകളും വിക്രിയകളും അദ്ദേഹത്തിനറിയാം. കോമഡിയല്ല എന്റെ രൂപമാണ് ഹൃദയത്തിലെ വേഷത്തിലേക്ക് എന്നെ പരിഗണിക്കാൻ കാരണം', എന്നാണ് സംഗീത് ഇതുവരെയുള്ള സിനിമാ ജീവിത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











