വിജയം ആ കുട്ടിയുടെ കയ്യിലെന്ന് ദിലീപ്; നായിക ഓവറായെന്ന് പറയുന്നവരോട് പ്രിൻസ് ആന്റ് ഫാമിലി സംവിധായകൻ
ദിലീപിന്റെ 150ാമത്തെ സിനിമയായ പ്രിൻസ് ആന്റ് ഫാമിലി തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആന്റ് ഫാമിലി. കുടുംബ പ്രേക്ഷകർ സിനിമ സ്വീകരിച്ചു. പുതുമുഖ താരം റാനിയ ആണ് ചിത്രത്തിൽ നായികയായെത്തിയത്. നടി ഉർവശി ഗസ്റ്റ് റോളിലെത്തി. തുടരെ പരാജയങ്ങൾ നേരിട്ട ദിലീപിന് കരിയറിൽ വലിയ ആശ്വാസമായിരിക്കുകയാണ് പ്രിൻസ് ആന്റ് ഫാമിലിയുടെ വിജയം. ഇനിയൊരു തിരിച്ച് വരവില്ലെന്ന് പലരും വിധിയെഴുതിയിരിക്കെയുള്ള ഈ വിജയം ദിലീപിന്റ കരിയറിൽ നിർണായകമായി.


തിരക്കഥ പൂർത്തിയായപ്പോൾ തന്നെ തനിക്കും തിരക്കഥാകൃത്ത് ഷാരിസിനും ദിലീപ് തന്നെ നായകനായെത്തണമെന്ന് തോന്നിയിരുന്നെന്ന് ബിന്റോ സ്റ്റീഫൻ പറയുന്നു. ദിലീപിലേക്ക് എത്തിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഈ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യൻ ദിലീപായിരുന്നു. ലിസ്റ്റിൻ സ്റ്റീഫനോട് പറഞ്ഞപ്പോൾ പൂർണ സമ്മതം. ലിസ്റ്റിൻ ദിലീപിനെ അപ്പോയ്ൻമെന്റിനായി വിളിച്ചു. കഥ പറഞ്ഞപ്പോൾ ദിലീപിന് ഇഷ്ടമായെന്ന് സംവിധായകൻ ഓർത്തു. നല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നും പറഞ്ഞു. പിന്നെ ആ കഥാപാത്രം ചെയ്യാനുള്ള ആളെ തേടിയായിരുന്നു ഓട്ടത്തിലായിരുന്നു തങ്ങളെന്നും ബിന്റോ സ്റ്റീഫൻ പറയുന്നു.
റാനിയ അവതരിപ്പിച്ച ചിഞ്ചു റാണി എന്ന കഥാപാത്രത്തെക്കുറിച്ചും ബിന്റോ സ്റ്റീഫൻ സംസാരിച്ചു. ചിഞ്ചു റാണി എന്ന കഥാപാത്രം ഞങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. ബിനോയിയും ഷാരിസും മനുവും എല്ലാം ചേർന്നാണ് ഈ പെൺകുട്ടിയെ ചിഞ്ചു റാണിയായി പരുവപ്പെടുത്തിയത്. സിനിമയിൽ അഭിനയിച്ചുള്ള എക്സ്പീരിയൻസ് ഇല്ലല്ലോ. അവൾക്ക് വർക്ക് ഷോപ്പ് കൊടുത്തു. ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്നത് പോലെയാണ് റാനിയയെ ചിഞ്ചു റാണിയാക്കി മാറ്റിയത്.


റാനിയ വളരെ ബുദ്ധിമതിയായ പെൺകുട്ടിയാണ്. ഭരതനാട്യം സ്കൂൾ നടത്തുന്നു. യുനെസ്കോയുടെ ലിസ്റ്റിൽ വന്നയാളാണ്. സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാറില്ല. വ്ലോഗ് ഒന്നും കാണുക പോലും ചെയ്യാത്ത ആളാണ്. സിനിമയിൽ അഭിനയിക്കാനായി ഒരുപാട് നാൾ ശ്രമിച്ചു. സിനിമകളിലേക്ക് പരിഗണിക്കുമെങ്കിലും അവസാന നിമിഷം തഴയപ്പെടും. പ്രിൻസ് ആന്റ് ഫാമിലിയിൽ അവസരം ലഭിച്ചപ്പോൾ റാനിയ വളരെ സന്തോഷവതിയായിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.
റാനിയയുടെ അഭിനയം കണ്ട് ഓവറായി എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് പറയാനുള്ളത് എനിക്ക് വേണ്ടത് അത്രയും ഓവറായിട്ടായിരുന്നു എന്നാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രസന്നമായ മുഖ ഭാവം റാനിയക്കുണ്ട്. ഡാൻസർ ആയത് കൊണ്ട് ഡാൻസ് രംഗങ്ങൾ തകർത്തഭിനയിച്ചു. എന്റെ പ്രതീക്ഷയ്ക്കുമപ്പുറം റാനിയ കഥാപാത്രത്തെ മികച്ചതാക്കിയെന്നും ബിന്റോ സ്റ്റീഫൻ പറഞ്ഞു. ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകൾക്ക് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച സിനിമയാണ് പ്രിൻസ് ആന്റ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. മെയ് 9 നാണ് പ്രിൻസ് ആന്റ് ഫാമിലി റിലീസ് ചെയ്തത്.


Click it and Unblock the Notifications