സുപ്രിയ മേനോന് പൃഥ്വിരാജിന്‍റെ സര്‍പ്രൈസ്! പിറന്നാളാശംസ നേര്‍ന്ന് മല്ലികയും! ചിത്രങ്ങള്‍ വൈറല്‍
പൃഥ്വിരാജിന്റെ എല്ലാമെല്ലാമാണ് സുപ്രിയ മേനോന്‍. മാധ്യമപ്രവര്‍ത്തകയായ സുപ്രിയയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് പൃഥ്വിരാജ് നേരത്തെ എത്തിയിരുന്നു. സുപ്രിയ മേനോന്റെ പിറന്നാളാണ് ജൂലൈ 31ന്. പൃഥ്വിരാജിന്റെ ആരാധകരെല്ലാം താരപത്‌നിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. താരദമ്പതികളുടെ ചിത്രങ്ങളും അഭിമുഖത്തിന്റെ വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഭിനേത്രിയല്ലെങ്കിലും സുപ്രിയ മേനോനും ആരാധകരേറെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജിന്റെ സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയയാണെന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു. ഭാര്യയ്ക്ക് പിറന്നാളാശംസയുമായി പൃഥ്വിരാജ് എത്തിയിട്ടുണ്ട്. മരുമകള്‍ക്ക് സ്‌നേഹാശംസയുമായി മല്ലിക സുകുമാരനും എത്തിയിട്ടുണ്ട്.

സുപ്രിയയ്ക്ക് പൃഥ്വിരാജിന്റെ ആശംസ
അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു. സുപ്രിയയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ജീവിതത്തില്‍ എല്ലാ അവസ്ഥകളിലും എന്നെ കണ്ടിട്ടുണ്ട് അവളെന്നും പൃഥ്വി പറഞ്ഞിരുന്നു. നീ എനിക്കൊപ്പമില്ലെങ്കില്‍ എന്റെ ഭാഗം ശൂന്യമാണെന്ന് പൃഥ്വി പറയുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാര്‍ട്‌നര്‍ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷിയാസ് കരീമായിരുന്നു പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത്. പിന്നാലെയായി ആരാധകരും സുപ്രിയയ്ക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്. സുപ്രിയയുടെ മനോഹരമായ ചിത്രവും പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു.

മല്ലിക സുകുമാരനും എത്തി
മരുമകള്‍ക്ക് പിറന്നാളാശംസ നേര്‍ന്ന് മല്ലിക സുകുമാരനും എത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ മോളൂയെന്നായിരുന്നു മല്ലിക സുകുമാരന്‍ കുറിച്ചത്. ഇരുവരും ഒരുമിച്ച് ചിരിച്ച് നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ വധുവായി സുപ്രിയ എത്തുമ്പോള്‍ തുടക്കത്തില്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്ന് മല്ലിക പറഞ്ഞിരുന്നു. എന്നാല്‍ സുപ്രിയ വളരെ പെട്ടെന്ന് കുടുംബത്തില്‍ എല്ലാവരുമായും അടുത്തതോടെ ആ ആശങ്ക അസ്ഥാനത്താവുകയായിരുന്നു.
Recommended Video

സുപ്രിയ പറഞ്ഞത്
പൃഥ്വിയുടെ സ്വപ്‌നങ്ങള്‍ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കണം. അതിലാണ് പൃഥ്വിക്ക് സന്തോഷം കിട്ടുന്നത്. അദ്ദേഹം സന്തോഷമായിരിക്കുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിനും ആ സന്തോഷം ലഭിക്കുമെന്നായിരുന്നു മുന്‍പ് സുപ്രിയ പറഞ്ഞത്. വിവാഹ ശേഷവും ജോലി തുടര്‍ന്നിരുന്നുവെങ്കിലും പിന്നീട് രാജി വെക്കുകയായിരുന്നു. പൃഥ്വിയുടെ സ്വപ്‌നങ്ങള്‍ മനസ്സിലാക്കി അത് നേടിയെടുക്കാനായി പിന്തുണയ്ക്കുക, അതല്ലേ ഭാര്യയെന്ന് നിലയില്‍ താന്‍ ചെയ്യേണ്ടതെന്നായിരുന്നു താരപത്‌നി മുന്‍പ് ചോദിച്ചത്.

ഒരുപോലെ പ്രിയപ്പെട്ട കാര്യങ്ങള്‍
സിനിമ, വായന, യാത്ര ഈ മൂന്ന് കാര്യങ്ങളായിരുന്നു ഇവരെ അടുപ്പിച്ചത്. ഇതേക്കുറിച്ചായിരുന്നു ഇരുവരും തുടക്കത്തില്‍ സംസാരിച്ചിരുന്നതും. വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തില്‍ ഒരുമിച്ചാലോ എന്ന് ചിന്തിക്കുകയായിരുന്നു പിന്നീട്. പൃഥ്വി അവന്റെ വധുവിനെ സ്വന്തമായി കണ്ടെത്തുമെന്നും അതിന് ശേഷം തന്നോട് പറയുമെന്നും മക്കള്‍ക്ക് അങ്ങനെയുള്ള സ്വാതന്ത്ര്യമൊക്കെ നല്‍കിയിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications