അവർ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമില്ലായിരുന്നു; ഒരു ദിവസം എല്ലാവർക്കും ഉത്തരം കിട്ടി: സംവൃത പറഞ്ഞത്
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് സംവൃത സുനിൽ. വിവാഹ ശേഷം ഇടവേളയെടുത്ത സംവൃത പിന്നീട് ചില സിനിമകളിൽ സാന്നിധ്യം അറിയിച്ചെങ്കിലും സജീവമായില്ല. വിദേശത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുന്നു. കരിയറിലെ താരത്തിളക്കത്തേക്കാൾ തന്റെ വ്യക്തി ജീവിതത്തിനാണ് സംവൃത സുനിൽ എന്നും പ്രാധാന്യം നൽകിയത്. സിനിമയിലെ പേരും പ്രശസ്തിയിലും സ്വയം മറക്കാത്തയാളായാണ് സംവൃതയെന്ന് ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാരും പറഞ്ഞിട്ടുണ്ട്. സഹനായികയായി നിരവധി സിനിമകളിൽ അഭിനയിച്ച സംവൃതയ്ക്ക് കരിയറിൽ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് മികച്ച അവസരങ്ങൾ ലഭിക്കുന്നത്.
നടിയുടെ പല ഹിറ്റ് സിനിമകളും പൃഥ്വിരാജിനൊപ്പമായിരുന്നു. മാണിക്യക്കല്ല്, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകൾ ഏറെ ജനപ്രീതി നേടി. പൃഥ്വിരാജിന്റെ ഏറ്റവും നല്ല ഓൺസ്ക്രീൻ ജോഡികളിൽ ഒരാളാണ് സംവൃത സുനിൽ. ഇരുവരും സുഹൃത്തുക്കളുമാണ്. അക്കാലത്ത് ഇവരെക്കുറിച്ച് തുടരെ ഗോസിപ്പുകളും വന്നിരുന്നു. താരങ്ങൾ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാൻ പോകുന്നു എന്നുമായിരുന്നു ഗോസിപ്പുകൾ. ഇതേക്കുറിച്ച് ഒരിക്കൽ സംവൃത സുനിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ കൂടെ ഏറ്റവും കൂടുതൽ തവണ നായകനായി വന്നത് പൃഥ്വിയാണ്. പൃഥ്വിരാജ് കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. എല്ലാവർക്കും എവിടെ പോയാലും ഇത് തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. ഒരു ദിവസം അവർ കല്യാണം കഴിച്ചപ്പോൾ എല്ലാവർക്കും ഉത്തരം കിട്ടി. തനിക്ക് സമാധാനമായെന്നും സംവൃത സുനിൽ വ്യക്തമാക്കി.
അടുത്തിടെ പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരനും സംവൃത സുനിലിനെക്കുറിച്ച് സംസാരിച്ചിരുന്നു. സംവൃത നല്ല പെൺകുട്ടിയാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടി. എല്ലാ കാര്യത്തിലും മിടുക്കിയാണ്. അഭിനയവും നല്ലത്. സംവൃത നല്ല ആർട്ടിസ്റ്റാണെന്ന് എപ്പോഴും മോനോട് പറയുമായിരുന്നു. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അത് പറയുന്നതിൽ എന്താണ് തെറ്റെന്നും മല്ലിക സുകുമാരൻ ചോദിച്ചു.

അവരെക്കുറിച്ച് വന്ന ഗോസിപ്പുകൾ തെറ്റായിരുന്നെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. നവ്യ നായർ, കാവ്യ മാധവൻ, മീര ജാസ്മിൻ തുടങ്ങിയ നായികമാർക്കൊപ്പമെല്ലാം പൃഥ്വിരാജിനെക്കുറിച്ച് ഗോസിപ്പ് വന്നിരുന്നു. എന്നാൽ പൃഥ്വിരാജ് പ്രണയിച്ചത് സുപ്രിയ മേനോനെയാണ്. അന്ന് മാധ്യമപ്രവർത്തകയായി ജോലി ചെയ്യുകയാണ് സുപ്രിയ. ഒരു ഇന്റർവ്യൂവിന്റെ ഭാഗമായി ഫോണിൽ സംസാരിച്ചാണ് ഇവരുടെ പരിചയം തുടങ്ങുന്നത്. പിന്നീട് അടുത്തറിഞ്ഞ ഇരുവരും പെട്ടെന്ന് പ്രണയത്തിലായി.
2011 ലായിരുന്നു വിവാഹം. 2012 ൽ സംവൃതയുടെ വിവാഹവും നടന്നു. യുഎസിലെ എഞ്ചിനീയറായ അഖിൽ ജയരാജിനെയാണ് സംവൃത വിവാഹം ചെയ്തത്. വിവാഹ ശേഷം സംവൃത വിദേശത്ത് സെറ്റിൽഡായി. ഇടയ്ക്ക് നടി നാട്ടിലെത്താറുണ്ട്. അഗസ്ത്യ, രുദ്ര എന്നിവരാണ് സംവൃതയുടെ മക്കൾ. മറുവശത്ത് പൃഥ്വിരാജ് കരിയറിലെ തിരക്കുകളിലാണ്. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് താരമിപ്പോൾ. പൃഥ്വിരാജിന്റെ മകൾ അലംകൃത എമ്പുരാനിൽ ഒരു ഗാനം പാടിയിട്ടുണ്ട്. വിവാഹ ശേഷം രണ്ട് സിനിമകളേ സംവൃത ചെയ്തിട്ടുള്ളൂ. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് സംവൃത വിവാഹം ചെയ്യുന്നത്. അരികെ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകൾ റിലീസ് ചെയ്തത് 2012 ലാണ്. ഇതേ വർഷം നടി വിവാഹിതയായി.


Click it and Unblock the Notifications











