സഹായിച്ച സുരേഷ് ഗോപിയെക്കുറിച്ച് മിണ്ടില്ല, എപ്പോഴും മമ്മൂട്ടിയും മോഹൻലാലും! പൃഥ്വിരാജിന് വിമർശം
സൂപ്പർതാര പദവിയിലിരിക്കുന്ന പൃഥ്വിരാജ് ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകർക്ക് പ്രിയപ്പെട്ടയാളാണ്. വ്യക്തതയുള്ള സംസാരവും കാഴ്ചപ്പാടുമാണ് പൃഥ്വിരാജിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നത്. എന്നാൽ ഇന്ന് പൃഥ്വിരാജ് വല്ലാതെ ഡിപ്ലോമാറ്റിക് ആണെന്ന അഭിപ്രായം ജനങ്ങൾക്കുണ്ട്. മറ്റ് സൂപ്പർതാരങ്ങളെ പൃഥ്വി ആവശ്യത്തിലധികം പുകഴ്ത്തുന്നത് പോലെ തോന്നുന്നെന്ന് അഭിപ്രായങ്ങളുണ്ട്. പ്രത്യേകിച്ചും മമ്മൂട്ടിയെയും മോഹൻലാലിനെയും. അടുത്ത കാലത്ത് പൃഥ്വി നൽകിയ മിക്ക അഭിമുഖങ്ങളിലും ഇവരെ പരാമർശിക്കാറുണ്ട്. ഇവർ ചർച്ചയാകേണ്ട സന്ദർഭമല്ലെങ്കിൽ പോലും പൃഥ്വിരാജ് മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ പേര് വലിച്ചിടും.
കേട്ട് കേട്ട് ഇപ്പോൾ പൃഥ്വി പറയുന്നത് വെറും ഭംഗിവാക്കുകളായി തോന്നുന്നെന്നും വലിയ പ്രസക്തി കൊടുക്കുന്നില്ലെന്നും റെഡിറ്റിൽ ഉൾപ്പെടെ അഭിപ്രായങ്ങളുണ്ട്. ആപത്ത് കാലത്ത് സഹായിച്ച മറ്റൊരു താരവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെക്കുറിച്ച് ഒരു വാക്ക് പറയാൻ പൃഥ്വിരാജ് തയ്യാറാകുന്നില്ലെന്നാണ് നടന്റെ പുതിയ അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റ്. കൊവിഡ് സമയത്ത് ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് ജോർദാനിലായിരുന്നു പൃഥ്വിരാജും സിനിമയുടെ അണിയറ പ്രവർത്തകരും.

അന്ന് സുരേഷ് ഗോപിയുടെ ഇടപെടൽ ഇവർ നാട്ടിലേക്ക് എത്തുന്നതിൽ വലിയ ഘടകമായി. എന്നാൽ ഇതേക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചില്ല. പകരം ആ സമയത്ത് മോഹൻലാൽ ഫോൺ ചെയ്തതിനെക്കുറിച്ച് വാചാലനായി. ഇതിനൊപ്പം ബ്രോ ഡാഡി എന്ന സിനിമയിൽ മീനയുടെ മകനായി പൃഥ്വിരാജ് അഭിനയിച്ചതും പരാമർശിക്കുന്നുണ്ട്. ആറ് വയസ് വ്യത്യാസം മാത്രമേ ഇവർ തമ്മിലുള്ളൂ. പണ്ട് മോഹൻലാലും മമ്മൂട്ടിയും ചെറുപ്പക്കാരികളായ നടിമാരുടെ നായകൻമാരായി അഭിനയിക്കുന്നതിനെ നിശിതമായി വിമർശിച്ചയാളാണ് പൃഥ്വിരാജ്. ഇതേ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ കൂടിയാണ് ബ്രോ ഡാഡി. ആകെ മൊത്തം പൃഥ്വിരാജിന്റെ അഭിപ്രായങ്ങളിൽ പല വെെരുദ്ധ്യങ്ങളും തോന്നുന്നുണ്ടെന്നാണ് വിമർശനം.
അതേസമയം സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളെ കാര്യമായെടുക്കുന്ന നടനല്ല പൃഥ്വിരാജ്. സോഷ്യൽ മീഡിയ ഒരു ആൾക്കൂട്ടമാണ്. ഒരു ആൾക്കൂട്ടവുമായി നമുക്ക് സംസാരിക്കാനാകില്ല. ഒരു വ്യക്തിയുമായോ ശ്രദ്ധിക്കാൻ തയ്യാറാകുന്ന ഒരു സംഘത്തോടോ സംസാരിക്കാം. ആൾക്കൂട്ടത്തിന് ശ്രദ്ധിക്കാൻ താൽപര്യമില്ല. സോഷ്യൽ മീഡിയ ആയുധമാക്കപ്പെടുന്നുണ്ട്. പറയുന്ന കാര്യങ്ങൾ അവരുടെ താൽപര്യങ്ങൾക്ക് വ്യാഖ്യാനിക്കപ്പെടും. നമ്മളുദ്ദേശിക്കാത്ത കാര്യമായിരിക്കും അത്. ഒരിക്കലും എല്ലാവരെയും സന്തോഷിപ്പിക്കാൻ എനിക്കാകില്ല. ഒരു വ്യക്തിയായും നടനായും സംവിധായകനായും നിർമാതാവായും. എന്നെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്യാൻ പറ്റുന്ന കാര്യമെന്നും പൃഥ്വിരാജ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഥത്തിൽ പറയുകയുണ്ടായി.


Click it and Unblock the Notifications
