അച്ഛനുണ്ടായിരുന്നെങ്കിൽ ഇത് ആഘോഷമാക്കിയേനെ; അതാണെന്റെ ഏറ്റവും വലിയ വിഷമം; പൃഥി പറഞ്ഞത്
നടൻ നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ തുടങ്ങി സിനിമാ ലോകത്ത് ഇന്ന് പൃഥിരാജിനുള്ള സ്ഥാനങ്ങൾ ഏറെയാണ്. ചെറിയ പ്രായത്തിൽ തന്നെ സിനിമകളിലേക്ക് കടന്ന് വന്ന പൃഥിയുടെ ഇന്നത്തെ നിലയിലേക്കുള്ള വളർച്ച പ്രേക്ഷകർ കണ്ടതാണ്. ഒരു കാലഘട്ടത്തിൽ സിനിമാ രംഗത്ത് ഈ ചെറുപ്പക്കാരൻ അധിക കാലം തുടരില്ലെന്ന് കരുതിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൃഥിരാജ് വിജയങ്ങൾ വെട്ടിപ്പിടിച്ചു.
സിനിമാ ലോകത്തേക്ക് കടന്ന് വരുന്ന യുവ തലമുറയ്ക്ക് വലിയ പ്രചോദനമാണ് പൃഥിരാജിന്റെ കരിയർ ഗ്രാഫ്. നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥി അഭിനയ രംഗത്തേക്ക് കടക്കുന്നത്. ഇന്ന് കാപ്പ വരെ എത്തി നിൽക്കുന്ന ഈ യാത്രയിൽ വിജയങ്ങളും പരാജയങ്ങളും പ്രശംസകളും വിമർശനങ്ങളുമേറെ.
എന്നാൽ മലയാള സിനിമയിൽ മാറ്റി നിർത്താൻ പറ്റാത്ത താരങ്ങളിലൊരാളാണ് പൃഥിയെന്ന് വിമർശകരും സമ്മതിക്കുന്നു. വർഷങ്ങൾ നീണ്ട കരിയറിൽ പല ഖ്യാതികൾ പൃഥിക്ക് ലഭിച്ചപ്പോഴും അഭിനയത്തിൽ വലിയ മെച്ചമില്ലെന്നാണ് വിമർശകർ പറയുന്നത്.

എന്നാൽ ഇതൊന്നും പൃഥിയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല, സിനിമാ ലോകത്തെ താര കുടംബമാണ് പൃഥിയുടേത്. അമ്മ മല്ലിക സുകുമാരൻ സിനിമാ നടി, അന്തരിച്ച പിതാവ് സുകുമാരൻ ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന നടൻ, ജേഷ്ഠൻ ഇന്ദ്രജിത്തും സിനിമാ ലോകത്തെ പ്രമുഖ താരം, ജേഷ്ഠന്റെ ഭാര്യ സുപ്രിയയും ലൈം ലൈറ്റിലുളളയാൾ.
ഭാര്യ സുപ്രിയ ഇന്ന് സിനിമാ നിർമാതാവെന്ന നിലയിൽ പേരെടുത്തിരിക്കുന്നു. എല്ലാ സന്തോഷങ്ങൾക്കിടയിലും മല്ലിക സുകുമാരനെ ഇന്നും വിഷമിപ്പിക്കുന്ന കാര്യമാണ് ഭർത്താവ സുകുമാരന്റെ അപ്രതീക്ഷിത മരണം. നടി ഇത് പലയിടത്തും പറഞ്ഞിട്ടുണ്ട്. പൃഥിരാജും ഈ വിഷമം മുമ്പൊരിക്കൽ പങ്കുവെച്ചിരുന്നു. തന്റെയും സഹോദരന്റെയും വിജയം കാണാൻ അച്ഛനില്ലാതെ പോയതിൽ വിഷമമുണ്ടെന്നാണ് പൃഥി മുമ്പൊരിക്കൽ പറഞ്ഞത്.
'അച്ഛൻ സംസാരിക്കുന്ന രീതി അങ്ങനെയായിരുന്നു. പക്ഷെ ഒരു ഫൺ ലവിംഗ് കക്ഷിയായിരുന്നു. ഫ്രീ ടെെം കിട്ടിയാൽ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്നതായിരുന്നു അച്ഛന്റെ രീതി. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ച് പോയി. എന്റെ ഏറ്റവും വലിയ സങ്കടമെന്തെന്നാൽ ഇന്ന് അച്ഛനുണ്ടായിരുന്നെങ്കിൽ വൈകുന്നേരം ഇരുന്ന് സംസാരിക്കുന്നതൊക്കെ ഭയങ്കരമായി എൻജോയ് ചെയ്തേനെ'
'അത് പറ്റിയില്ലെന്ന് പറയുന്നത് വലിയ സങ്കടമായി പോയി. എന്റെയും ചേട്ടന്റെയും വിജയം ഏറ്റവും കൂടുതൽ ആഘോഷിക്കുക അച്ഛനായേനെ. അതെനിക്ക് ഭയങ്കര ഉറപ്പാണ്. അമ്മ കുറേക്കൂടി ഒരു പക്വതയുള്ള കക്ഷിയാണ്. അച്ഛൻ പക്ഷെ ആഘോഷമാക്കിയേനെ. പക്ഷെ അത് കാണാൻ അച്ഛനില്ലെന്നത് വലിയ വിഷമമാണ്,' പൃഥി പറഞ്ഞതിങ്ങനെ.

1997 ലാണ് സുകുമാരൻ മരിക്കുന്നത്. പെട്ടെന്നുള്ള മരണം കുടുംബത്തെയൊന്നാകെ ഉലച്ചിരുന്നെന്ന് മല്ലിക സുകുമാരൻ നേരത്തെ പറഞ്ഞിരുന്നു. ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന സുകുമാരൻ ഭാര്യ മല്ലികയുടെയും മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വാക്കുകളിലൂടെ ഓർമ്മിക്കപ്പെടുന്നു. മല്ലിക സുകുമാരൻ എല്ലാ അഭിമുഖങ്ങളിലും ഏറ്റവും കൂടുതൽ പറയാറുള്ളത് വിടപറഞ്ഞ ഭർത്താവിനെക്കുറിച്ചാണ്.
മക്കളോടൊപ്പം തന്നെ മല്ലിക സുകുമാരനും ഇന്ന് സിനിമകളിൽ സജീവമാണ്. അടുത്തിടെയിറങ്ങിയ നിരവധി സിനിമകളിൽ മല്ലിക സുകുമാരൻ അഭിനയിച്ചു. ഭർത്താവിന്റെ മരണ ശേഷം കുറേക്കാലം മല്ലിക സിനിമകളിൽ നിന്ന് മാറി നിന്നിരുന്നു.


Click it and Unblock the Notifications