എന്നെ മാത്രം ആര്‍ക്കുമറിയില്ല; ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയുമറിയാം; പൃഥ്വിരാജ്
ആടുജീവിതം എന്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയ്ക്കും നടന്‍ പൃഥ്വിരാജിനും വലിയ കൈയ്യടിയാണ് ചിത്രത്തിലൂടെ ലഭിക്കുന്നത്. സിനിമയ്ക്ക് വേണ്ടി നടന്‍ സ്വീകരിച്ച ട്രാന്‍സ്ഫര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു. നടന്‍ എന്നതിലുപരി സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് തന്റെ ലൂസിഫര്‍ എന്ന സിനിമയ്ക്ക് ശേഷം എംബുരാന്റെ ഷൂട്ടിംഗ് തിരക്കുകളില്‍ കൂടിയാണ്.
പൃഥ്വിരാജ് ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും ചുവടുറപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇപ്പോള്‍. 2012ല്‍ റാണിമുഖര്‍ജിക്കൊപ്പം അയ്യ ചെയ്തതിന് പിന്നാലെ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ റിലീസാകാനൊരുങ്ങുകയാണ്. ഏപ്രില്‍ പത്തിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലും വലിയ അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ പൃഥ്വിരാജിന്റെ അഭിനയത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു. ആടുജീവിതത്തിന്റെ ട്രെയിലര്‍ കണ്ട് തനിക്ക് ഇഷ്ടപ്പെട്ടെന്നും സിനിമകാണുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായ വഴിത്തിരിവിനെക്കുറിച്ച് പൃഥ്വിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മണി രത്‌നം സംവിധാനം ചെയ്ത രാവണന്‍ ഒരേ സമയം തമിഴിലും ഹിന്ദിയിലും എടുത്ത ചിത്രമാണ്. വിക്രം, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, പൃഥ്വിരാജ് തുടങ്ങിയവറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമഴില്‍ വിക്രവും പൃഥ്വിരാജും അഭിനയിച്ചപ്പോള്‍ ഹിന്ദിയില്‍ വിക്രം ചെയ്ത രാവണന്റെ കഥാപാത്രം അഭിഷേക് ബച്ചനും, പൃഥ്വിരാജ് ചെയ്ത കഥാപാത്രം വിക്രമുമാണ് ചെയ്തത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ്.
തനിക്ക് ഒരു 24, 25 വയസുള്ള കാലത്ത് മണി രത്‌നം ഓഫര്‍ ചെയ്ത സിനിമയാണ് രാവണന്‍. എന്നാല്‍ ആ സമയത്ത് തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. മാഷബിളിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്. അഭിഷേക് ബച്ചനെയും ഐശ്വര്യ റായ് ബച്ചനെയുമൊക്കെയാണ് അന്നും എല്ലാവര്‍ക്കും അറിയുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
തന്നെ സംബന്ധിച്ചിടത്തോളം മണിസര്‍ ഈ സിനിമയിലേക്ക് വിളിക്കുന്നത് തന്നെ അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവായിരുന്നു. തനിക്ക് 24-25 വയസുള്ളപ്പോഴാണ് മണി സര്‍ ഈ സിനിമ ഓഫര്‍ ചെയ്യുന്നത്. തമിഴിലെടുക്കുന്ന രാവണന്റെ നായകന്മാരിലൊരാളാണ് തന്റെ കഥാപാത്രമെന്നും പൃഥ്വി ഓര്‍ത്തെടുക്കുന്നു.

ഞാന്‍ ഈ സിനിമയുടെ സെറ്റില്‍ ആദ്യ ദിവസം മുതലുണ്ട്. ചിത്രം ഹിന്ദിയില്‍ കൂടി എടുക്കുന്നതിനാല്‍ ഷൂട്ടിംഗ് സെറ്റിലെ ക്ര്യൂ അംഗങ്ങളില്‍ കൂടുതലും ഹിന്ദിക്കാരാണ്. അവര്‍ക്കെല്ലാവര്‍ക്കും തന്നെ ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും സൂപ്പര്‍ സ്റ്റാറായ വിക്രം സാറിനെയും ഒക്കെ അറിയാം. അവര്‍ക്കാര്‍ക്കും അവിടെ ഇരിക്കുന്ന ഈ ചെക്കന്‍ ആരാണെന്ന് അറിയില്ല. അവര്‍ ആ സമയത്ത് പിറുപിറുക്കുന്നത്, 'ഇയാളെ അറിയില്ല, ചിലപ്പോള്‍ നല്ല നടന്‍ ആയിരിക്കും മണി സര്‍ അല്ലേ കാസറ്റ് ചെയ്തിരിക്കുന്നത്,' എന്ന തരത്തിലാണ്.
തനിക്ക് അത് ഒരു തമാശയായിട്ടാണ് തോന്നിയത്. അതേസമയം വലിയ സെറ്റിലെ ചെറിയ ഒരു ആട്ടിന്‍കുട്ടിയാവുക എന്നത് വലിയ ലേര്‍ണിംഗ് എക്‌സ്പീരിയന്‍സ് ആയിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. എന്റെ ഉള്ളിലെ കഴിവിനെ മണി സര്‍ തിരിച്ചറിഞ്ഞു എന്നുള്ളത് വലിയ കാര്യമാണ്. അടുത്തിടെ ആടുജീവിതം കണ്ട ശേഷം തന്നോട് സംസാരിച്ചിരുന്നു. മണിസാറിനൊപ്പം ചെയ്ത ഒരൊറ്റ സിനിമയിലൂടെ നടന്‍ എന്ന രീതിയിലും ഫിലിം മേക്കര്‍ എന്ന രീതിയിലും ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇതൊന്നും സമ്മതിച്ച് തരില്ല എന്ന് തനിക്കുറപ്പാണെന്നും പൃഥ്വിരാജ് പറഞ്ഞു.


Click it and Unblock the Notifications











