അജിത്താണ് അത് പഠിപ്പിച്ചത്! ഇന്നും അത് ഓര്‍ക്കുന്നുണ്ട്! വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകനായെത്തിയത് സുരാജ് വെഞ്ഞാറമൂടായിരുന്നു. മിയ, ദീപ്തി സതി, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സൂപ്പര്‍ ഫാന്‍സ് പരിപാടിയില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ്, വിക്രം, അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ധനുഷ് തുടങ്ങിയവരുടെ ആരാധകരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്.
അതിനിടയിലാണ് അജിത്തുമായുള്ള അനുഭവത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞത്. സൂര്യ-ജ്യോതിക ദമ്പതികള്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനിടയില്‍ ആ ചടങ്ങിലേക്ക് തന്നേയും ക്ഷണിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അജിത്ത് സാറുമായി കൂടുതല്‍ സംസാരിച്ചത്. രണ്ടുമണിക്കൂറോളം സമയം തങ്ങള്‍ ഒരുമിച്ചായിരുന്നുവെന്ന് താരം പറയുന്നു. അന്നദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും താന്‍ ജീവിതത്തില്‍ ഇന്നും അതേ പോലെ നിലനിര്‍ത്തുന്നുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ജീവിതത്തിലെ ജയപരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കാറില്ല. സിനിമ ഗംഭീര വിജയം നേടിയാലോ പരാജമായി മാറിയാലോയുള്ള ഫീലിംഗ്‌സ് അദ്ദേഹം കാണിക്കാറില്ല. താനും അതേ ശൈലിയാണ് തുടരുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

ലൂസിഫര്‍ ഇറങ്ങിയ സമയത്ത് രജനീകാന്ത് തന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാല്‍ ആ അവസരം വേണ്ട പോലെ വിനിയോഗിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നിലെന്നും പൃഥ്വിരാജ് പരിപാടിക്കിടയില്‍ തുറന്നുപറഞ്ഞിരുന്നു. തനിക്കൊപ്പം 100 പേരെങ്കിലും ഒരു ദിവസം സെൽഫി എടുക്കാറുണ്ട്. പലരുടെയും മുഖം പോലും ഓർക്കാറില്ല. പക്ഷേ, ആ ചിത്രമെടുക്കുന്നവർക്ക് ഒരിക്കലും മറക്കാനാകില്ല ആ നിമിഷം. അതാണ് താരവും ആരാധകനും തമ്മിലുള്ള വ്യത്യാസം. ഒരിക്കൽ സമാന അനുഭവം തനിക്കും ഉണ്ടായി. കൊച്ചിയിൽ നിന്ന് മുംബൈയിലേക്കു പോകുമ്പോൾ ഫ്ലൈറ്റിൽ സച്ചിൻ തെൻഡുക്കറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണു താൻ. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് മുംബൈ വരെ സച്ചിനോട് സംസാരിച്ചു. ഒരുപക്ഷേ സച്ചിൻ അതു മറന്നേക്കാം, പക്ഷേ ആരാധകനെന്ന നിലയിൽ തനിക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











