ഓണം റിലീസ് സിനിമകളില്‍ പൃഥ്വിരാജ് കുടുംബത്തിന്റെ നിറ സാന്നിദ്ധ്യം! താര കുടുംബം വീണ്ടും
ഇത്തവണത്തെ ഓണക്കാല റിലീസുകളെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് സിനിമാ പ്രേമികള്‍. നിരവധി ചിത്രങ്ങളാണ് ഓണം സമയത്ത് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണ മുഴുനീള എന്റര്‍ടെയ്‌നര്‍ സിനിമകളാണ് കൂടുതലായും എത്തുന്നത്. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, പൃഥ്വിരാജ് സുകുമാരന്റെ ബ്രദേഴ്‌സ് ഡേ, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ, രജിഷ വിജയന്റെ ഫൈനല്‍സ് തുടങ്ങിയ സിനിമകളാണ് ഓണത്തിന് റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജ് സുകുമാരനെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ ഓണം റിലീസുകള്‍. ഓണത്തിന് റിലീസിനെത്തുന്ന നാല് സിനിമകളില്‍ മുന്നിലും പൃഥ്വിരാജിന്‌റെ കുടുംബത്തിന്റെ സാന്നിദ്ധ്യമുണ്ട്. ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷമാണ് നായകനായുളള പുതിയ ചിത്രവുമായി പൃഥ്വി എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ്. നാല് നായികമാരുളള സിനിമയുടെ ട്രെയിലര്‍ നേരത്തെ വൈറലായിരുന്നു.

പൃഥ്വിരാജ് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബ്രദേഴ്‌സ് ഡേ. ബ്രദേഴ്‌സ് ഡേയ്ക്ക് പുറമെ ഓണത്തിനെത്തുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഇന്നലെ റിലീസ് ചെയ്ത ട്രെയിലറില്‍ മോഹന്‍ലാലിന്റെ മരിച്ചുപോയ അച്ഛന്‌റ ചിത്രമായി കാണിക്കുന്നത് പൃഥ്വിയുടെ പിതാവ് സുകുമാരന്റെതാണ്.

നവാഗത സംവിധായകരായ ജിബി ജോജു ടീമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയുമായി എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.

അതേസമയം നിവിന്‍ പോളി നായകനാവുന്ന ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ തിരിച്ചെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മല്ലിക സുകുമാരന്‍ മലയാളത്തില്‍ വീണ്ടും സജീവമാകുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയും ഓണത്തിനോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്.
Recommended Video

അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ടീസര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ടീം വീണ്ടും തിരിച്ചെത്തുന്നുവെന്ന പ്രത്യേകതകളോടെയുമാണ് ലവ് ആക്ഷന്‍ ഡ്രാമ റിലീസിനെത്തുന്നത്.


Click it and Unblock the Notifications











