അയ്യപ്പനായി പൃഥ്വിരാജ്! ബിഗ് ബജറ്റ് ചിത്രമെത്തുന്നത് 5 ഭാഷകളില്‍, 2020 ഓടെ ചിത്രീകരണം ആരംഭിക്കും!
ലൂസിഫറിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ പൃഥ്വിരാജ് വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം തന്നെ നൂറ് കോടി ക്ലബ്ബിലെത്തിച്ച താരം ഏറ്റെടുത്ത മറ്റ് സിനിമകളുടെ തിരക്കുകളിലാണ്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയാണ് ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന പൃഥ്വിയുടെ സിനിമ.
അടുത്ത വര്‍ഷത്തോട് കൂടി ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. അതില്‍ പ്രധാനം അയ്യപ്പന്റെ കഥയുമായിട്ടെത്തുന്ന ചിത്രമാണ്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ വമ്പന്‍ ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. 2020 പകുതിയോട് കൂടി അയ്യപ്പന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പുതിയ വിവരങ്ങള്‍.

അയ്യപ്പന്‍ എന്ന രാജകുമാരന്റെ ജീവിതകഥയും മാനുഷികാവസ്ഥകളുമാണ് സിനിമയ്ക്ക് ആസ്പദമാകുന്നത്. യോദ്ധാവ്, രാജകുമാരന്‍, വിപ്ലവകാരി, എന്നിങ്ങനെയുള്ള അയ്യപ്പന്റെ സവിശേഷതകളാണ് സിനിമയിലേക്ക് എടുക്കുന്നത്. അല്ലാതെ ആരാധന മൂര്‍ത്തിയായിട്ടല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മറ്റ് നാല് ഭാഷകളില്‍ കൂടി ഒന്നിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി.
വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടക്കുന്ന കഥ ആയതിനാല്‍ പൃഥ്വിയും വേറിട്ട ഗെറ്റപ്പുകളിലായിരിക്കും അഭിനയിക്കുക. ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. പതിനെട്ടാം പടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെല്ലാമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











