സച്ചിന്‍ വാതുവെയ്പ്പില്‍ പെട്ടിരുന്നെങ്കില്‍ അന്ന് ഞാന്‍ കളി കാണല്‍ നിര്‍ത്തുമായിരുന്നു: പൃഥ്വിരാജ്
മലയാളത്തില്‍ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കി വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ അഭിനേതാവായി വീണ്ടും സജീവമാവുകയാണ് താരം. ബ്രദേഴ്‌സ് ഡേ എന്ന ചിത്രമായിരുന്നു നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
പൃഥ്വിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്, ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ച് പൃഥ്വി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ചെറുപ്പം മുതലേ താന്‍ സച്ചിന്റെ കടുത്ത ആരാധകനായിരുന്നുവെന്നാണ് പൃഥ്വി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്

വാതുവെയ്പ്പ് വിവാദങ്ങള്‍ നടന്നിരുന്ന സമയത്ത് സച്ചിന്‍ അതിന്റെ ഭാഗമാകരുതേയെന്ന് ഞാനിരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും നടന്‍ പറയുന്നു. കാരണം അദ്ദേഹം അതില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഞാന്‍ ക്രിക്കറ്റ് കാണുന്നത് തന്നെ അവസാനിപ്പിച്ചേനെ. "ഞാനൊരു കടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാധകനായി മാറിയ സമയമുണ്ടായിരുന്നു. ഷാര്‍ജയിലെ വെടിക്കെട്ട് ഇന്നിങ്‌സിനൊക്കെ എത്രയൊ മുമ്പാണ് അത്.

അന്ന് മുതല്‍ സച്ചിന്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഒരു സെഞ്ച്വറി പോലും നേടിയിരുന്നില്ലെങ്കിലും ഞാന്‍ അദ്ദേഹത്തെ ആരാധിക്കുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ വിജയങ്ങളല്ല ഞാന്‍ സച്ചിനെ ആരാധിക്കാനുളള കാരണം, അത്തരം ബന്ധങ്ങളില്‍ നിങ്ങള്‍ വ്യക്തിയെ പൂര്‍ണമായും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. വാതുവെയ്പ് വിവാദങ്ങള്‍ നടന്നിരുന്ന സമയത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

ദൈവമേ സച്ചിന്‍ അതിന്റെ ഭാഗമാകരുതേയെന്ന്. കാരണം അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കില്‍ ക്രിക്കറ്റ് കാണുന്നത് ഞാന്‍ നിര്‍ത്തുമായിരുന്നു, ആ സമയത്ത് അദ്ദേഹം എനിക്ക് അത്രമാത്രം വലുതായിരുന്നു. അതൊരു യഥാര്‍ത്ഥ ആരാധകന്റെ വികാരമാണ്. എനിക്ക് ഇത് അറിയാം. കാരണം ഞാന്‍ സച്ചിന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധകനാണ്. പൃഥ്വി പറഞ്ഞു.

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സും ഇത്തരത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വി സൂപ്പര്‍സ്റ്റാറായി എത്തുമ്പോള്‍ ആരാധകനായിട്ടാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. പൃഥ്വിരാജിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ്.


Click it and Unblock the Notifications











