ടൊവിനോയെ കാണാന്‍ വേണ്ടിയിട്ടാണ് എ.ബി.സി.ഡി കാണുന്നത്, അന്ന് അവന്‍ ചളമാക്കിയിരുന്നെങ്കില്‍!
പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിന്റെ ഭാഗമാകുന്നതെങ്കിലും എബിസിഡി എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സെവന്‍ത് ഡേയിലും എന്ന് നിന്റെ മൊയ്തീനിലും വളരെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ തന്നെയാണ് ടൊവിനോയ്ക്ക് ലഭിച്ചത്. സെവന്‍ത് ഡേയും എന്ന് നിന്റെ മൊയ്തീനും പൃഥ്വിരാജിനൊപ്പമാണ് അഭിനയിച്ചത്.
തുടര്‍ന്ന് മായാനദി, കള, മിന്നല്‍ മുരളി തുടങ്ങി മലയാള സിനിമയിലെ തിരക്കുള്ള നടനായി ടൊവിനോ ഇതിനോടകം മാറിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജ് ടൊവിനോയെ എന്ന് നിന്റെ മൊയ്തീനിലേക്ക് കാസ്റ്റ് ചെയ്തതിനുള്ള കാരണം തുറന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്. സൂര്യ ടിവിയിലെ മധുര 18ല്‍ പൃഥ്വി എന്ന പരിപാടിയിലാണ് പൃഥ്വി ടൊവിനോയെക്കുറിച്ച് പറയുന്നത്.

താനും ടൊവിനോയും തമ്മിലുള്ള ബന്ധം എന്ന് പറയുന്നത് സിനിമയില്‍ ഒക്കെ കാണുന്ന പോലെ ഒരു ബന്ധമാണെന്ന് പൃഥ്വിരാജ് പറയുന്നു. സെവന്‍ത് ഡേ എന്ന സിനിമയുടെ കാസ്റ്റിംഗ് നടത്തുന്ന സമയമാണ്. അന്ന് ആ സിനിമയില്‍ ടൊവിനോ ഇല്ല. മറ്റൊരു നടനെയാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും പൃഥ്വി പറയുന്നു.
'എല്ലാം ഉറപ്പിച്ച്, സിനിമ ഷൂട്ട് ചെയ്യുന്നതിന് മുമ്പ്, ആ നടന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, രാജു ചേട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്, എനിക്ക് ഒരു തമിഴ് സിനിമയില്‍ അവസരം ലഭിച്ചു. വലിയ ഒരു പ്രോജക്ട് ആണത്. ഒരു കുഴപ്പവുമില്ല, ഞാന്‍ അത് കൈകാര്യം ചെയ്‌തോളാം എന്ന് പറഞ്ഞു. അങ്ങനെ വരുമ്പോഴാണ് എ.ബി.സി.ഡി എന്ന സിനിമയില്‍ വില്ലന്‍ ആയി അഭിനയിച്ച ഒരാളുണ്ട് എന്ന് അറിയുന്നത്. ആ സിനിമ ഞാന്‍ കാണുന്നത് ടൊവിനോയെ കാണാന്‍ വേണ്ടിയിട്ടാണ്. ,' പൃഥ്വി പറഞ്ഞു.
അങ്ങനെ ഇവനെ കണ്ട് ടൊവിനോയെ കാസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. സെവന്‍ത് ഡേയില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഇവനെ ശരിക്കും ഇഷ്ടപ്പെട്ടു. ഇവന്‍ നന്നായിട്ട് അഭിനയിക്കുന്നുണ്ട്, നല്ല നടനാണെന്ന് തോന്നി എന്നും പൃഥ്വി പറയുന്നു. അടുത്ത സിനിമ എന്ന് നിന്റെ മൊയ്തീന്‍ വന്നപ്പോള്‍ അതിലെ അപ്പു എന്ന കഥാപാത്രത്തിന് ആദ്യം മനസില്‍ വന്നത് ടൊവിനോ സെറ്റായിരിക്കുമല്ലോ എന്നാണ്. ഒരാളുടെ തീരുമാനം മാറിയപ്പോള്‍ മറ്റൊരാളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു സിനിമ കിട്ടുക എന്ന് പറയുന്നതാണ് കരിയറിന്റെ മാജിക് എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

സെവന്‍ത് ഡേയില്‍ ടൊവിനോ കാസ്റ്റ് ചെയ്യപ്പെട്ടു എന്നത് മാത്രമാണ് ഭാഗ്യം. ബാക്കിയുള്ളത് ഇവന്റെ കഴിവും കഷ്ടപ്പാടുമാണ്. സെവന്‍ത് ഡേയില്‍ ചളമായിരുന്നെങ്കില്‍ ഇവനെ ഞാന്‍ എന്ന് നിന്റെ മൊയ്തീനില്‍ വിളിക്കില്ലായിരുന്നു. മൊയ്തീനില്‍ ഇവന്‍ മോശമായിരുന്നെങ്കില്‍ ഇവന് ആ സിനിമ കൊണ്ട് ഒരു ഗുണവും ഉണ്ടാവുമായിരുന്നില്ലെന്നും പൃഥ്വി പറയുന്നു.
ഈ സമയം പൃഥ്വിക്ക് ഒപ്പം ടൊവിനോയും വേദിയിലുണ്ടായിരുന്നു. ആ സമയത്ത് രാജു ചേട്ടന്‍ പറഞ്ഞത്, മൊയ്തീന്റെ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചതാണ്. അതില്‍ ഏറ്റവും നല്ല രണ്ട് സീന്‍ നിനക്കാണ് എന്നാണെന്നും ടൊവിനോ അപ്പോള്‍ ഓര്‍ത്തെടുത്തു.


Click it and Unblock the Notifications