സുകുമാരന്റെ ഫോട്ടോകോപ്പി തന്നെ! മകള്‍ അലംകൃതയുടെ മുഖം വെളിപ്പെടുത്തി പുതിയ ഫോട്ടോയുമായി പൃഥ്വിരാജ്
താരങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചാല്‍ അവരെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ട് വരാതെ ശ്രദ്ധിക്കുന്നവരാണ് ഇപ്പോള്‍ പലരും. മലയാള സിനിമയില്‍ നടന്‍ പൃഥ്വിരാജം ഭാര്യ സുപ്രിയ മേനോനുമാണ് ഇക്കാര്യത്തില്‍ കാര്‍ക്കശ്യക്കാരായിട്ടുള്ളത്. മകള്‍ അലംകൃതയെ സിനിമയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിലേക്ക് കൊണ്ട് വരാന്‍ ഇതുവരെയും താരദമ്പതിമാര്‍ ശ്രമിച്ചിട്ടില്ല.
ഒരുമിച്ച് ഫാമിലി ഫോട്ടോ എടുത്താല്‍ പോലും മകളുടെ മുഖം മറച്ച് പിടിക്കുകയാണ് പതിവ്. എന്നിരുന്നാലും സെപ്റ്റംബര്‍ എട്ടാം തീയ്യതി മാത്രം മകളുടെ ചിത്രങ്ങള്‍ പുറത്ത് വിടുകയും അവളെ കുറിച്ച് പറഞ്ഞും താരങ്ങള്‍ എത്താറുണ്ട്. ആലി എന്ന് വിളിക്കുന്ന അലംകൃതയുടെ ജന്മദിനമാണിന്ന്. ഇതിനോട് അനുബന്ധിച്ച് മകളെ കുറിച്ച് വാചാലരായിട്ടെത്തിയിരിക്കുകയാണ് സുപ്രിയയും പൃഥ്വിരാജും.

എല്ലാ വര്‍ഷവും ഉള്ളത് പോലെ ഇത്തവണയും ആലിയുടെ ജന്മദിനത്തിന് അവളുടെ ചിത്രവുമായിട്ടാണ്് താരദമ്പതിമാര്‍ എത്തിയത്. 'പ്രിയപ്പെട്ട ആലിക്കുട്ടാ, നിനക്കിപ്പോള്‍ 10 വയസായി. വൗ, എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ നിന്നെ പഠിപ്പിക്കുന്നതില്‍ നിന്നും നീ ഞങ്ങളെ പഠിപ്പിക്കുന്നതിലേക്ക് വളര്‍ന്നിരിക്കുന്നു.
നിന്നില്‍ നിന്നും എന്തെങ്കിലുമൊരു പുതിയ കാര്യം എല്ലാദിവസവും ഞാന്‍ പഠിക്കാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമാണ് നീ എന്നത് നിസംശയം പറയാം. നിന്നെ കുറിച്ചോര്‍ത്ത് മമ്മയ്ക്കും ഡാഡയ്ക്കും അഭിമാനമാണ് തോന്നാറുള്ളത്. നിന്റെ വളര്‍ച്ച ഇങ്ങനെ നോക്കി കാണാനാവുന്നതില്‍ സന്തോഷമാണ് ഞങ്ങള്‍ക്ക്.
ദയയും സഹാനുഭൂതിയും എന്നും കൂടെയുണ്ടാവണം. മറ്റൊരു ലോകത്ത് നിന്ന് നിന്റെ വളര്‍ച്ച ഡാഡിയും നോക്കിക്കാണുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുന്നേറുക. നിന്റെ മമ്മയാവാന്‍ കഴിഞ്ഞതില്‍ എനിക്കൊരുപാട് സന്തോഷമുണ്ടെന്നും' മകള്‍ക്ക് ആശംസ നേര്‍ന്ന് കൊണ്ട് സുപ്രിയ കുറിച്ചു.
'ഹാപ്പി ബര്‍ത്ത് ഡേ സണ്‍ഷൈന്‍. ഈ ലോകത്ത് നിന്റെ 10 വര്‍ഷങ്ങള്‍. ഒരു കുടുംബത്തിന്റേതായ പല കാര്യങ്ങളും നീ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. മമ്മയ്ക്കും ഡാഡയ്ക്കും എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനമാണ്. നല്ലൊരു മനുഷ്യനായി നീ വളരുന്നതില്‍ സന്തോഷം. ഡാഡയുടെയും മമ്മയുടെയും ബ്ലോക്ക് ബസ്റ്ററായി തുടരുക. വരും വര്‍ഷങ്ങളില്‍ നീ കൂടുതല്‍ മികച്ചതായി വരുന്നതിന് കാത്തിരിക്കുന്നു.' എന്നാണ് മകള്‍ക്ക് ജന്മദിന സന്ദേശമായി പൃഥ്വിരാജ് കുറിച്ചത്.

സുപ്രിയയുടെയും പൃഥ്വിയുടെയും പോസ്റ്റിന് താഴെയായി അലംകൃതയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴെങ്കിലും താരപുത്രിയുടെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചല്ലോ എന്ന സന്തോഷമാണ് പല ആരാധകരും പങ്കുവെക്കുന്നത്.
2011 ലാണ് സുപ്രിയ മേനോനും പൃഥ്വിരാജും വിവാഹിതരാവുന്നത്. ശേഷം 2014 സെപ്റ്റംബറിലായിരുന്നു താരദമ്പതിമാര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനവിവരം പുറംലോകത്തോട് പറഞ്ഞെങ്കിലും മകളെ ക്യാമറ കണ്ണില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. എല്ലാ വര്‍ഷവും അലംകൃതയുടെ ജന്മദിനത്തിനാണ് ചിത്രങ്ങള്‍ പുറത്ത് വരാറുള്ളത്. ഇത്തവണ വിദേശത്ത് നിന്നുമുള്ള ചിത്രങ്ങളാണ്.
മകളുടെ സ്വകാര്യത മാനിച്ചാണ് തങ്ങള്‍ അങ്ങനൊരു തീരുമാനം എടുത്തത്. അതുപോലെ മകളെ സിനിമ കാണിക്കുന്നതിനെ കുറിച്ചുമൊക്കെ വ്യക്തമായ പ്ലാനുകള്‍ താരദമ്പതിമാര്‍ക്കുണ്ട്.


Click it and Unblock the Notifications